
കോൺഗ്രസിലെ പ്രമുഖ നേതാക്കളടക്കം പല വാഗ്ദാനങ്ങളുമായി കേരള കോൺഗ്രസ് (എം) നെ സമീപിച്ചിരുന്നുവെന്നും അവയെല്ലാം നിഷ്കരുണം തള്ളിക്കളയുകയാണ് ഉണ്ടായതെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കൈരളി ന്യൂസിന്റെ സംവാദ പരിപാടിയായ ന്യൂസ് എൻ വ്യൂസിൽ ആയിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ഇടതുപക്ഷ മുന്നണിയിൽ (എൽ.ഡി.എഫ്) ഉറച്ചുനിൽക്കുമെന്നും യു.ഡി.എഫിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് യാതൊരു ചർച്ചകളും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തത്വാധിഷ്ഠിതമായ നിലപാടാണ് ഇടതുപക്ഷത്തോടുള്ളതെന്നും മറ്റ് ചർച്ചകൾക്കൊന്നും തങ്ങൾ മുതിർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയും റോഷി അഗസ്റ്റിനും ഇക്കാര്യത്തിൽ നേരത്തെ തന്നെ വ്യക്തത വരുത്തിയിട്ടുണ്ട്. ഈ മാസം 12-ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ പാർട്ടിയുടെ അഞ്ച് എം.എൽ.എമാരും മുഴുവൻ സമയവും പങ്കെടുത്തത് ഇടതുമുന്നണിയോടുള്ള പാർട്ടിയുടെ ഉറച്ച നിലപാടിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജോസ് കെ. മാണി വിദേശത്തായിരുന്ന സമയത്ത് പോലും മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച് അസൗകര്യം അറിയിച്ചിരുന്നതായും, ഇടതുപക്ഷത്തോടൊപ്പം മുന്നോട്ട് പോകാനാണ് പാർട്ടിയുടെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയിൽ വിള്ളലുണ്ടാക്കാനും പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ബോധപൂർവ്വമായ വ്യാജ പ്രചരണമാണിതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറയുന്നു. തന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് ഡിസംബർ 28-ന് തന്നെ ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയതാണെന്ന് എംഎൽഎ ഓർമ്മിപ്പിച്ചു. ആർക്കും പരിശോധിക്കാവുന്ന തന്റെ വെരിഫൈഡ് പേജിലെ ഈ വിവരങ്ങൾ പോലും അവഗണിച്ചാണ് ചില മാധ്യമങ്ങൾ വാർത്ത നൽകുന്നത്. അടിസ്ഥാനപരമായ ഒരു ‘ക്രോസ് ചെക്കിംഗ്’ പോലും നടത്താതെയാണ് തന്നെ യുഡിഎഫ് അനുകൂലിയായി ബ്രാൻഡ് ചെയ്യാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

