
എസ്ഐആർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ. ചീഫ് സെക്രട്ടറിയാണ് സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ എസ്ഐആര്‍ നടപടികൾ നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. എസ്ഐആറിനെതിരെ മുസ്ലിംലീഗും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
എസ്ഐആർ നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ സുപ്രീംകോടതിയാണ് പരിഗണിക്കുന്നതെന്നും സുപ്രിംകോടതിയെ സമീപിക്കാനും നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനസർക്കാർ ഇപ്പോൾ സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്.
Also Read: കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തം
ചീഫ് സെക്രട്ടറി എ ജയ തിലകാണ് സംസ്ഥാന സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഹർജി നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ എസ്ഐആർ നടപടികൾ നീട്ടിവെക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പ് നടപടികൾ മുന്നോട്ടു പോകുന്നതിനാൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയപ്രതിനിധികൾക്കും വലിയ പ്രതിസന്ധിയാണ് ഈ ഘട്ടത്തിൽ എസ്ഐആർ ഉണ്ടാക്കുന്നത് എന്നാണ് സർക്കാർ നിലപാട്.
ബിഎല്‍ഓമാരുടെ ജോലിഭാരം സംബന്ധിച്ച് ഉയർന്ന വിമർശനങ്ങളും സർക്കാർ ഉന്നയിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ എസ്ഐആറുമായി ബന്ധപ്പെട്ട പരാതികൾ ഉന്നയിക്കാവുന്നതാണെന്നും ഒന്നിച്ച് പരിഗണിക്കുമെന്നും സുപ്രീംകോടതി ബീഹാറിന്റെ വിഷയത്തിൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
എസ്ഐആറുമായി ബന്ധപ്പെട്ട നിരവധി ഹർജികൾ നിലവിൽ കോടതിക്കു മുന്നിലുണ്ട്. സമാന ആവശ്യവുമായി മുസ്ലിം ലീഗ് ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ആണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ബിഎല്‍ഓ അനീഷിന്റെ മരണം ഉൾപ്പെടെയുള്ളവ ലീഗ് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. നിലവിൽ ഡിസംബർ നാലുവരെയാണ് കേരളത്തിൽ എസ്ഐആറിന്റെ പ്രാഥമിക നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

