
പി എസ് സി നിയമനങ്ങളുടെ കാര്യത്തിലും തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിലും കേരള സർക്കാർ രാജ്യത്തിന് മാതൃകയാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി ഹിമാഗ്നരാജ് ഭട്ടാചാര്യ. കേരളത്തിലെ ഇടത് സർക്കാറിൻ്റെ പ്രവർത്തനങ്ങളെ രാജ്യത്തെ യുവജനങ്ങൾ അത്‌ഭുതത്തോടെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുത്തുപറമ്പ് സമര പോരാളി പുഷ്‌പൻ്റെ ഒന്നാം രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി.
യുവജന വിരുദ്ധ നയങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്നും ഹിമാഗ്നരാജ് ഭട്ടാചാര്യ പറഞ്ഞു. രാജ്യത്ത് തൊഴിലില്ലായ്‌മ ഉയരുകയാണ്. കേന്ദ്ര സർക്കാർ പുതിയ നിയമനങ്ങൾ നടത്തുന്നില്ല. കേന്ദ്ര സർവ്വീസിലും പൊതുമേഖലയിലും നികത്താതെ കിടക്കുന്ന ലക്ഷക്കണക്കിന് ഒഴിവുകളുണ്ട്. സൈന്യത്തിൽ പോലും കരാർവത്കരണമാണ് നടപ്പാക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. അതേ സമയം ബദൽ നയങ്ങൾ നടപ്പാക്കുന്ന കേരളസർക്കാർ രാജ്യത്തിന് മാതൃക കാട്ടുകയാണെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി പറഞ്ഞു.
രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി പുഷ്പൻ്റെ ജന്മനാടായ ചൊക്ലി മേനപ്രത്ത് വൈറ്റ് വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും നടന്നു. സ്‌മൃതി മണ്ഡപത്തിൽ ഡിവൈഎഫ്ഐ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തി.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എം പി, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

