
കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ഗവര്‍ണര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു. വന്യജീവി ആക്രമണം ഫലപ്രദമായി നേരിടുന്നതിന് നിലവിലുള്ള വ്യവസ്ഥകള്‍ പര്യാപ്തമല്ല എന്നതിനാല്‍ കേന്ദ്ര നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ജനവാസ മേഖലയില്‍ ഇറങ്ങി മനുഷ്യ ജീവനും സ്വത്തിനും നാശം വരുത്തുന്ന വന്യജീവികളെ ആവശ്യമെങ്കില്‍ ഉടൻ കൊല്ലുന്നതിനോ മയക്കു വെടി വയ്ക്കുന്നതിനോ അനുവദിക്കുന്ന വ്യവസ്ഥ ബില്ലിലുണ്ട്.
നിലവിലുള്ള നടപടിക്രമങ്ങള്‍ മൂലം സമിതി രൂപീകരിച്ചു ശുപാര്‍ശ നല്‍കുക, ക്യാമറ വച്ച് അപകടം വരുത്തിയ വന്യമൃഗത്തെ തിരിച്ചറിയുക, കടുവ ആണെങ്കില്‍ അത് നരഭോജി ആണെന്ന് ഉറപ്പാക്കുക തുടങ്ങിയ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ അതിനെ എന്ത് ചെയ്യണം എന്ന് തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂ. വന്യജീവി ആക്രമണം സംബന്ധിച്ച് ജില്ലാ കളക്ടര്‍ ശുപാര്‍ശ ചെയ്താലും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നടപടി സ്വീകരിക്കാന്‍ കഴിയും.
ALSO READ: ‘മുച്ചക്രവാഹന-ഇലക്ട്രോണിക് വീൽചെയർ അപേക്ഷകൾ തീർപ്പാക്കാൻ 26.40 കോടി അനുവദിച്ചു’: മന്ത്രി ആര്‍ ബിന്ദു
മനുഷ്യ ജീവന് അപകടകാരിയായ വന്യമൃഗങ്ങള്‍ എന്ന് കേന്ദ്ര നിയമത്തില്‍ പറയുന്നുണ്ട് എങ്കിലും അവ എപ്പോഴാണ് അപകടകാരി ആകുന്നത് എന്ന് വ്യക്തമല്ല. ഭേദഗതി ബില്ലിൽ അത് വ്യക്തമാക്കിയിട്ടുണ്ട്. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് നല്‍കാനും ബില്‍ വ്യവസ്ഥ ചെയ്യുന്നു. നാടൻ കുരങ്ങുകളെ പട്ടിക ഒന്നില്‍ നിന്നും രണ്ടിലേക്ക് മാറ്റും. ജനനനിയന്ത്രണം നടത്താനും വ്യവസ്ഥയുണ്ട്. രാഷ്ട്രപതിയുടെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ഗവര്‍ണര്‍മാരുടെ നടപടി സ്വാഗതര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


