
പത്തിലധികം വർഷങ്ങൾ പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് ഫീസുകൾ കുത്തനെ വർദ്ധിച്ച കേന്ദ്ര നീക്കം മറികടന്ന് കേരളം. പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് (Certificate of Fitness – CF) പരിശോധനാ ഫീസിലും സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള നിരക്കിലും ഇളവ് വരുത്തി കേരള സർക്കാർ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. 2025 നവംബർ 11-ലെ കേന്ദ്ര സർക്കാർ ഭേദഗതി പ്രകാരം 10, 15, 20 വർഷം പഴക്കമുള്ള വാഹനങ്ങളുടെ ഫിറ്റ്‌നസ് ഫീസുകൾ കുത്തനെ കൂട്ടിയിരുന്നു.
ഈ വർദ്ധനവ് സാധാരണക്കാർക്കും പൊതുഗതാഗത മേഖലയ്ക്കും വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്നു എന്ന പരാതികൾ പരിഗണിച്ചാണ് 1989-ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് നൽകുന്ന അധികാരം ഉപയോഗിച്ച് സംസ്ഥാന സർക്കാർ ഈ നിരക്കുകൾ കുറയ്ക്കാൻ തീരുമാനിച്ചത്.
ഫിറ്റ്‌നസ് ടെസ്റ്റ് ഫീസിൽ ഏകദേശം 50 ശതമാനത്തോളം കുറവാണ് വരുത്തിയിട്ടുള്ളത്. പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതിന് ആവശ്യമായ സോഫ്റ്റ്‌വെയർ ക്രമീകരണങ്ങൾ ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉടൻ പൂർത്തിയാക്കും.
പുതിയ നിരക്കുകൾ
ഫിറ്റ്‌നസ് ടെസ്റ്റ് ഫീസുകൾ :
15 മുതൽ 20 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ:
◦ മോട്ടോർസൈക്കിൾ: 500 രൂപ
◦ ലൈറ്റ് മോട്ടോർ വെഹിക്കിൾ/ഓട്ടോറിക്ഷ: 600 രൂപ
◦ മീഡിയം/ഹെവി വാഹനങ്ങൾ: 1000 രൂപ
20 വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾ:
◦ മോട്ടോർസൈക്കിൾ: 500 രൂപ.
◦ ഓട്ടോറിക്ഷ/ലൈറ്റ് മോട്ടോർ വെഹിക്കിൾ: 1000 രൂപ
◦ മീഡിയം പാസഞ്ചർ/ഗുഡ്സ് വാഹനം: 1300 രൂപ
◦ ഹെവി പാസഞ്ചർ/ഗുഡ്സ് വാഹനം: 1500 രൂപ
ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള നിരക്ക്
വാഹനത്തിന്റെ പഴക്കത്തിനനുസരിച്ച് സർട്ടിഫിക്കറ്റ് പുതുക്കുന്നതിനുള്ള ഫീസിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലൈറ്റ് മോട്ടോർ വെഹിക്കിൾ (LMV): 15-20 വർഷം വരെ പഴക്കമുള്ളവയ്ക്ക് 3750 രൂപയും, 20 വർഷത്തിന് മുകളിലുള്ളവയ്ക്ക് 7500 രൂപയുമാണ് നിരക്ക്. 15-20 വർഷം വരെ പഴക്കമുള്ള മീഡിയം പാസഞ്ചർ വാഹനങ്ങൾക്ക് 5000 രൂപയും, 20 വർഷത്തിന് മുകളിൽ 10,000 രൂപയുമാണ് ഫീസ്. ഹെവി പാസഞ്ചർ വാഹനങ്ങൾക്ക് 15-20 വർഷം വരെ പ്രായമുള്ളവക്ക് 6000 രൂപയും, 20 വർഷത്തിന് മുകളിലുള്ളവയ്ക്ക് 12,500 രൂപയും അടയ്ക്കണം. 15-20 വർഷം വരെ പ്രായമുള്ള മോട്ടോർ സൈക്കിളുകൾക്ക് 500 രൂപയും, 20 വർഷത്തിന് മുകളിൽ 1000 രൂപയുമാണ് പുതുക്കൽ ഫീസ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


