
ഉമ്മൻചാണ്ടി എക്സ് റേ പരിശോധിക്കുന്ന യുഡിഎഫ് കാലം. സതീശന്റെ ഹെൽത്ത് കമ്മീഷനെ പൊളിച്ചടുക്കി കെ ജെ ബിജുവിന്റെ ഫേസ്ബുക് പോസ്റ്റ് ചർച്ചയാവുന്നു. കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വൻ വിമർശനമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ഉയരുന്നത്.
സതീശൻ ഇപ്രകാരം പറയുന്നതിന് പിന്നിൽ ഒരു കാരണമുണ്ട് മുൻ മുഖ്യമന്ത്രി ഡോക്ടർ ഉമ്മൻചാണ്ടിയെ പോലെ ആളുകളുടെ ആരോഗ്യ രേഖകൾ പരിശോധിക്കാൻ ഇപ്പോഴത്തെ മുഖ്യമന്ത്രി മുതിരാറില്ല. പനിക്കും ജലദോഷത്തിനും പോലും മരുന്ന് കുറിക്കാനറിയാത്ത നിലവിലെ ആരോഗ്യവകുപ്പിന് പകരമായി, എക്സ്റേയും എം.ആർ.ഐ സ്കാൻ റിപ്പോർട്ടും നേരിട്ട് പരിശോധിച്ച് സ്പോട്ടിൽ ചികിത്സ നിശ്ചയിക്കുന്ന മന്ത്രിപ്പടയാണ് വരാനിരിക്കുന്നതെന്നും കെ ജെ ബിജു തന്റെ ഫേസ്ബുക് പോസ്റ്റിൽ പരിഹസിക്കുന്നുണ്ട്.
പൊതുജനാരോഗ്യ മേഖലയിൽ കോൺഗ്രസിനുള്ള പാരമ്പര്യം അടിയന്തരാവസ്ഥക്കാലത്തെ നിർബന്ധിത വന്ധ്യംകരണ ക്യാമ്പുകൾ മുതൽ തുടങ്ങിയതാണെന്ന് കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു. സഞ്ജയ് ഗാന്ധിയുടെ കാലത്ത് ജനങ്ങളെ വാസക്ടമി ക്യാമ്പുകളിലേക്ക് ആട്ടിത്തെളിച്ച ആ പഴയ ‘പരിചയസമ്പത്ത്’ ഇപ്പോൾ രാഹുൽ മാങ്കൂട്ടത്തിലൂടെ പുനർജനിക്കുകയാണ്. ആശുപത്രികളെയോ ഡോക്ടർമാരെയോ ആശ്രയിക്കാതെ തന്നെ, ഗർഭത്തിന്റെ കാലയളവ് നോക്കി Mefipristone പോലുള്ള ഗർഭഛിദ്ര ഗുളികകൾ സ്വയം നിർദ്ദേശിക്കാനുള്ള രാഹുലിന്റെ ‘വൈദഗ്ദ്ധ്യം’ വരാനിരിക്കുന്ന ഭരണത്തിൽ പ്രധാന മുതൽക്കൂട്ടാകും. ജനങ്ങളുടെ പൾസ് മാത്രമല്ല, ഗർഭപാത്രത്തിലെ ചലനം പോലും തിരിച്ചറിയാൻ ശേഷിയുള്ള നേതാക്കൾ ഉള്ളപ്പോൾ ഇനി ഡോക്ടർമാരുടെ ആവശ്യമില്ലെന്നാണ് ഉയരുന്ന പ്രധാന പരിഹാസം.
യു.ഡി.എഫ് അധികാരത്തിൽ വന്നാൽ എല്ലാ മന്ത്രിമാരും എക്സ്റേ, ഇസിജി തുടങ്ങിയവ പരിശോധിച്ച് നേരിട്ട് മരുന്ന് കുറിക്കുമെന്നും, ഗുരുതരമല്ലാത്ത രോഗങ്ങൾക്ക് ഡി.സി.സി, മണ്ഡലം പ്രസിഡന്റുമാർ ചികിത്സ നിശ്ചയിക്കുമെന്നും ഫേസ്ബുക് കുറിപ്പിൽ പരിഹസിക്കുന്നു. സ്വന്തം മുട്ടുവേദനയ്ക്ക് എക്സ്റേ നോക്കി ചികിത്സ നിശ്ചയിച്ചിരുന്ന ഉമ്മൻചാണ്ടിയെയും, അബോർഷൻ മരുന്നുകളിൽ പ്രാവീണ്യമുള്ള രാഹുൽ മാങ്കൂട്ടത്തെയും മാതൃകയാക്കി പതിനായിരക്കണക്കിന് കെ.പി.സി.സി സെക്രട്ടറിമാരാണ് വരുംദിവസങ്ങളിൽ കേരളത്തിലെ രോഗനിർണ്ണയത്തിന് മേൽനോട്ടം വഹിക്കുക. വി.ഡി. സതീശൻ കേരളത്തിന്റെ ആരോഗ്യമേഖലയുടെ നാഥനാകുന്നതോടെ സംസ്ഥാനത്തെ ഓരോ കോൺഗ്രസ് ഓഫീസും സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളായി മാറ്റുമെന്നും ഫേസ്ബുക് കുറിപ്പിൽ പരിഹസിക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

