
മുഖ്യമന്ത്രി പിണറായി വിജയൻ
വിജ്ഞാനാധിഷ്ഠിത വികസനത്തിന്റെ നവകേരളത്തിലേക്കുള്ള ചുവടുവെപ്പുകളുമായി നാം ഒരു പുതിയ വർഷത്തിലേക്ക് കൂടി പ്രവേശിക്കുകയാണ്. സമൃദ്ധിയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും പുതിയ വെളിച്ചം വീശുന്ന കാലമാണിത്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരളം സാക്ഷ്യം വഹിക്കുന്നത് വലിയ മാറ്റങ്ങൾക്കാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നേതൃത്വത്തിൽ വികസനത്തിന്റെയും സാമൂഹ്യ സുരക്ഷയുടെയും ഉൾപ്പെടെ എല്ലാ രംഗത്തും ലോകശ്രദ്ധ ആകർഷിക്കുന്ന ‘കേരള മാതൃക’ നാം സൃഷ്ടിച്ചു. ഇത് കേവലം ഭരണപരമായ ഇടപെടൽ മാത്രമല്ല, മറിച്ച് മതനിരപേക്ഷതയിലും സമഭാവനയിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ഒരു സാമൂഹ്യ മുന്നേറ്റം കൂടിയാണ്.
ജനങ്ങളുടെ ജീവിതഭാരം ലഘൂകരിക്കുക എന്നത് ഈ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന്റെ ഭാഗമായാണ് സാമൂഹ്യ സുരക്ഷാരംഗത്ത് ഗൗരവമായ ഇടപെടലുകൾ സർക്കാർ നടത്തിവരുന്നത്. സാമൂഹ്യ സുരക്ഷാപെൻഷനുകൾ 2,000 രൂപയായി വർദ്ധിപ്പിച്ചത് പാവപ്പെട്ടവനോടുള്ള ഈ സർക്കാരിന്റെ കരുതലിന്റെ തെളിവാണ്. 64 ലക്ഷത്തോളം പേർക്കാണ് ഇന്ന് കൃത്യമായി പെൻഷൻ എത്തിക്കുന്നത്. ഇതിനുപുറമെ, മറ്റ് വരുമാന മാർഗ്ഗങ്ങളില്ലാത്ത വീട്ടമ്മമാർക്ക് പെൻഷൻ ഉറപ്പാക്കാനുള്ള വിപ്ലവകരമായ തീരുമാനം സ്ത്രീശാക്തീകരണ രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.
ALSO READ: യെലഹങ്ക കുടിയൊഴിപ്പിക്കൽ: കോൺഗ്രസിനും ബിജെപിക്കും ഒരേ നിലപാട്; ദുരിതത്തിലായി നൂറുകണക്കിന് കുടുംബങ്ങൾ
നാടിന്റെ ആരോഗ്യ-ശുചിത്വ പ്രവർത്തനങ്ങളിൽ രാപ്പകൽ പണിയെടുക്കുന്ന ആശാവർക്കർമാർ അടക്കമുള്ള സ്‌കീം വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചത് അവരുടെ അധ്വാനത്തിന് നൽകുന്ന അംഗീകാരമാണ്. വിവിധ മത്സര പരീക്ഷകൾക്കോ നൈപുണ്യ പരിശീലനത്തിലോ പങ്കെടുക്കുന്ന യുവതി-യുവാക്കൾക്കായി കണക്ട് ടു വർക്ക് സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചതും വിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപം വർദ്ധിപ്പിച്ചതും നവകേരളത്തിന്റെ അടിത്തറ ഭദ്രമാക്കാനാണ്. ഒരു വശത്ത് കേന്ദ്ര സർക്കാർ ജനക്ഷേമ പദ്ധതികളിൽ നിന്ന് പിന്മാറുമ്പോൾ, മറുവശത്ത് സാധാരണക്കാരെ ചേർത്തുപിടിക്കുന്ന ഈ ജനപക്ഷ ബദലാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്; അതും വികസനത്തിൽ മുന്നേറ്റം സൃഷ്ടിച്ചുകൊണ്ടുതന്നെ.
കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിനുതന്നെ അത്ഭുതമാണ്. ആർദ്രം മിഷനിലൂടെ നമ്മുടെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി. ഏറ്റവും ആധുനികമായ ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാരന് സൗജന്യമായി സർക്കാർ ആശുപത്രികളിൽ ലഭ്യമാക്കി. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിലും ശരാശരി ആയുർദൈർഘ്യം ഉയർത്തുന്നതിലും വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന നേട്ടമാണ് നാം സ്വന്തമാക്കിയത്. ഹൃദയം മാറ്റിവയ്ക്കൽ പോലുള്ള ഏറ്റവും ആധുനികമായ ശസ്ത്രക്രിയകൾ പോലും നമ്മുടെ സർക്കാർ ആശുപത്രികളിൽ നടക്കുകയാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ നമ്മുടെ സർക്കാർ വിദ്യാലയങ്ങൾ ഹൈടെക് ആയി മാറി. പൊതുവിദ്യാലയങ്ങളിൽ നിന്ന് കൊഴിഞ്ഞുപോയ കുട്ടികൾ തിരികെ എത്തുന്ന കാഴ്ചയാണ് നാം കണ്ടത്. ലോകോത്തര നിലവാരമുള്ള ലാബുകളും സ്മാർട്ട് ക്ലാസ് മുറികളും ഇന്ന് നമ്മുടെ സാധാരണക്കാരന്റെ മക്കൾക്ക് അന്യമല്ല. കേരളത്തെ ഒരു ആഗോള വൈജ്ഞാനിക സമൂഹമായി പരിവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗൗരവമായ ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തിവരുന്നത്. കാലഹരണപ്പെട്ട രീതികളെ പാടെ ഉപേക്ഷിച്ചുകൊണ്ട്, 2024-25 അധ്യയന വർഷം മുതൽ നടപ്പിലാക്കിയ നാല് വർഷ ബിരുദ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനസൗകര്യവും ഗവേഷണ അഭിരുചിയും വളർത്താൻ സഹായിക്കും. കരിക്കുലം പരിഷ്‌കരണത്തിലൂടെയും ഡിജിറ്റൽ സർവ്വകലാശാല പോലുള്ള നൂതന സംവിധാനങ്ങളിലൂടെയും വൈജ്ഞാനിക ഉല്പാദനത്തിനൊപ്പം തൊഴിൽ നൈപുണ്യവും ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. പഠനത്തോടൊപ്പം ഇന്റേൺഷിപ്പും പ്രായോഗിക പരിശീലനവും നൽകുന്നതിലൂടെ നമ്മുടെ യുവതയെ ലോകത്തെവിടെയും മത്സരിക്കാൻ പ്രാപ്തരാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
ഒരു കാലത്ത് തകർച്ചയുടെ വക്കിലായിരുന്ന കെ എസ് ആർ ടി സിയെ ശാസ്ത്രീയമായ പരിഷ്‌കാരങ്ങളിലൂടെ ലാഭത്തിലേക്കും ജനപ്രീതിയിലേക്കും നയിക്കാൻ ഈ സർക്കാരിന് സാധിച്ചു. ഗതാഗത രംഗത്ത് ആധുനിക സാങ്കേതികവിദ്യകൾ നടപ്പിലാക്കിയും പുതിയ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കിയും പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന് നാം തുടക്കം കുറിച്ചു. കെ-സ്വിഫ്റ്റ് സർവീസുകൾ ചുരുങ്ങിയ കാലംകൊണ്ട് തന്നെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. അഴിമതിരഹിതമായ ഭരണനിർവ്വഹണവും കൃത്യമായ ആസൂത്രണവും വഴി പൊതുഗതാഗത സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കാനും സാമ്പത്തികമായി സുസ്ഥിരമാക്കാനും നമുക്ക് സാധിച്ചു.
കേരളം കൈവരിച്ച ഏറ്റവും വലിയ നേട്ടമാണ് അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പദവി. സ്വന്തമായി ശബ്ദിക്കാൻ പോലും കഴിയാതെ സമൂഹത്തിന്റെ അരികുകളിലേക്ക് തള്ളപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവരെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ നമുക്ക് സാധിച്ചു. ഭഷ്യസുരക്ഷ, ആരോഗ്യ സംരക്ഷണം, വരുമാന മാർഗ്ഗങ്ങൾ എന്നിവ ഉറപ്പാക്കിക്കൊണ്ട് ദാരിദ്ര്യത്തിന്റെ വേരുകൾ തന്നെ അറുത്തുമാറ്റുന്ന ശാസ്ത്രീയമായ രീതിയാണ് കേരളം അവലംബിച്ചത്.
പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനൊപ്പം വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളുടെ ഹബ്ബായി കേരളം മാറുകയാണ്. ‘നിക്ഷേപ സൗഹൃദ കേരളം’ എന്നത് കേവലം ഒരു മുദ്രാവാക്യമല്ല, മറിച്ച് പ്രായോഗികമായ യാഥാർത്ഥ്യമാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിംഗിൽ കേരളം കൈവരിച്ച മുന്നേറ്റം രാജ്യത്തിനുതന്നെ മാതൃകയാണ്. നിക്ഷേപകർക്ക് മാത്രമല്ല, തൊഴിലാളികൾക്കും മികച്ച സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്ന തൊഴിൽസൗഹൃദ അന്തരീക്ഷമാണ് ഇവിടെയുള്ളത്. സൂക്ഷ്മ – ചെറുകിട – ഇടത്തരം മേഖലയിൽ സംഭവിച്ചിട്ടുള്ള മാറ്റം നമ്മുടെ നാടിന്റെ സാമ്പത്തികഭദ്രത വർദ്ധിപ്പിക്കുകയും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.
ഈ വ്യവസായ കുതിപ്പിന് കരുത്തുപകരുന്നത് കേരളത്തിലെ മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റമാണ്. ലോകത്തിലെ തന്നെ മികച്ച സ്റ്റാർട്ടപ്പ് കേന്ദ്രങ്ങളിലൊന്നായി കേരളം ഇന്ന് മാറിയിരിക്കുന്നു. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ അയ്യായിരത്തിലധികം സ്റ്റാർട്ടപ്പുകളാണ് ഇന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടിൽ ഉൾപ്പെടെ കേരളം പരാമർശിക്കപ്പെട്ടു. മാത്രമല്ല, നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ നമ്മുടെ സ്റ്റാർട്ടപ്പുകളെ തേടിയെത്തുന്നുമുണ്ട്.
യുവാക്കൾ കേവലം തൊഴിലന്വേഷകർ എന്നതിൽ നിന്നു മാറി തൊഴിൽദാതാക്കൾ ആയി മാറുന്ന കാഴ്ചയാണ് കാണുന്നത്. സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ മൂലധന സഹായം, മെന്റർഷിപ്പ്, ഇൻകുബേഷൻ സൗകര്യങ്ങൾ എന്നിവ സർക്കാർ ഉറപ്പാക്കുന്നു. നമ്മുടെ യുവാക്കളുടെ സർഗ്ഗാത്മകമായ ആശയങ്ങൾക്ക് വിപണി കണ്ടെത്താനും ആഗോളതലത്തിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനും ഈ സാഹചര്യം വലിയ സഹായമാണ് നൽകുന്നത്. ഐടി മേഖലയ്ക്കപ്പുറം കൃഷി, മത്സ്യബന്ധനം, ഡിജിറ്റൽ ഗവേണൻസ്, ആതുരസേവനം തുടങ്ങിയ മേഖലകളിലും സ്റ്റാർട്ടപ്പുകൾ വിപ്ലവം സൃഷ്ടിക്കുകയാണ്.
കേരളത്തെ സാമ്പത്തികമായി തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ഭരണഘടനാപരമായി ലഭിക്കേണ്ട സഹായങ്ങൾ വെട്ടിക്കുറച്ചും വായ്പാ പരിധിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. എന്നിട്ടും കേരളം തകരാതെ പിടിച്ചുനിൽക്കുന്നു. തനത് വരുമാനം വർദ്ധിപ്പിക്കുന്നു.
കേരളം കടക്കെണിയിലാണെന്ന് പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കുന്നവർക്കുള്ള മറുപടി നമ്മുടെ വളർച്ചാ കണക്കുകളാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ പതിനഞ്ച് വർഷംകൊണ്ട് മൂന്നര മടങ്ങ് വളർന്നിരിക്കുന്നു. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനം 2011-12 ലെ 3.64 ലക്ഷം കോടി രൂപയിൽ നിന്ന് 2024-25 ൽ 12.49 ലക്ഷം കോടി രൂപയായാണ് വളർന്നിരിക്കുന്നത്. കേരളത്തിന്റെ കടം കുറയുകയാണെന്നും രാജ്യത്തെ സംസ്ഥാനങ്ങളിൽ കടത്തിന്റെ കണക്കിൽ പതിനഞ്ചാം സ്ഥാനത്ത് മാത്രമാണ് കേരളം എന്നുമുള്ള രേഖകളും കേന്ദ്ര സർക്കാർ തന്നെ ഔദ്യോഗികമായി പുറത്തുവിട്ടു.
സംസ്ഥാനങ്ങളുടെ പ്രതിശീർഷ വരുമാനത്തിന്റെ കണക്കിൽ പതിനൊന്നാം സ്ഥാനത്തു നിന്ന് ഏഴാം സ്ഥാനത്തേക്ക് കേരളം ഉയർന്നതു സംബന്ധിച്ച വാർത്തകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നു. ഇതെല്ലാം മലയാളിക്ക് അഭിമാനം പകരുന്ന വാർത്തകളാണ്. കേരളത്തിന്റെ സാമ്പത്തിക രംഗത്തെക്കുറിച്ച് നുണകൾ പ്രചരിപ്പിക്കുന്നവർക്ക് അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തകളാണിവ. കേരളത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നവർ യഥാർത്ഥത്തിൽ ഭയപ്പെടുന്നത് നമ്മുടെ ‘ഇടതുപക്ഷ ബദൽ’ നയങ്ങളെയാണ്. ജനങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് എങ്ങനെ ഒരു നാടിനെ വളർത്താം എന്ന കേരളത്തിന്റെ മാതൃക തങ്ങളുടെ കോർപ്പറേറ്റ് പ്രീണന നയങ്ങൾക്ക് ഭീഷണിയാണെന്ന് തിരിച്ചറിയുന്നവരാണ് വികസനത്തിന് തുരങ്കം വയ്ക്കുന്നത്.
എല്ലാവർക്കും വീട് എന്ന ലക്ഷ്യം ലൈഫ് മിഷനിലൂടെ നാം സാക്ഷാത്കരിക്കുകയാണ്. ഇതുവരെ നാലേമുക്കാൽ ലക്ഷത്തോളം കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചു. കേന്ദ്രവിഹിതം തുലോം കുറവായിരുന്നിട്ടും സംസ്ഥാന സർക്കാർ തന്നെ മുൻകൈ എടുത്ത് പാവപ്പെട്ടവന്റെ സ്വപ്നം യാഥാർത്ഥ്യമാക്കി. ഇതിനെ അട്ടിമറിക്കാൻ പല ഏജൻസികളെയും ഉപയോഗിച്ച് ചിലർ ശ്രമിച്ചു എങ്കിലും ജനകീയ പിന്തുണയോടെ നാം അതിനെ അതിജീവിച്ചു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ അതിജീവിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിൽ 200 വീടുകളുടെ കോൺക്രീറ്റ് പൂർത്തിയായി. കൽപ്പറ്റ നഗരത്തിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ മുഴുവൻ ഗുണഭോക്തൃ കുടുംബങ്ങൾക്കുമുള്ള വീടുകളുടെ കോൺക്രീറ്റ് ജനുവരി 15 ന് മുമ്പ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഗ്ദാനങ്ങൾ പാലിക്കുക എന്നതാണ് ഈ സർക്കാരിന്റെ മുഖമുദ്ര എന്ന് തെളിയിക്കുന്നതാണിവയൊക്കെ.
കേരളത്തിന്റെ വികസന നേട്ടങ്ങളെപ്പോലെ തന്നെ പ്രധാനമാണ് ഇവിടുത്തെ സാമൂഹ്യ അന്തരീക്ഷം. ഇന്ത്യയുടെ പല ഭാഗങ്ങളിലും വർഗ്ഗീയ വിദ്വേഷവും വിഭാഗീയതയും വേരുപിടിക്കുമ്പോൾ, മതനിരപേക്ഷതയുടെ കരുത്തുറ്റ കോട്ടയായി കേരളം നിലകൊള്ളുന്നു. ഈ മതനിരപേക്ഷ ചിന്താഗതിയാണ് കേരളത്തിന്റെ വികസനത്തിന് ആധാരശിലയായി വർത്തിക്കുന്നത്. മനുഷ്യനെ മനുഷ്യനായി കാണുന്ന, പരസ്പരം സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന ഈ സംസ്‌കാരം സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
വർഗ്ഗീയത നാടിന്റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ, അതിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നയിക്കാൻ നമുക്ക് സാധിക്കണം. അധികാരത്തിനുവേണ്ടി വർഗ്ഗീയ ശക്തികളുമായി സന്ധി ചെയ്യുന്ന അവസരവാദ രാഷ്ട്രീയത്തിനല്ല, മറിച്ച് എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കുന്ന ജനപക്ഷ ബദലിനാണ് ഈ കാലഘട്ടത്തിൽ പ്രസക്തി. ഇതാണ് ഈ സർക്കാരിന്റെയും നിലപാട്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ വർഗീയ സംഘർഷങ്ങളോ, ന്യൂനപക്ഷ വേട്ടയോ ഇല്ലാത്ത സംസ്ഥാനമായി കേരളം നിലനിൽക്കുന്നത്.
ഇന്ന് നാം നേരിടുന്ന ചോദ്യം ലളിതമാണ് : വികസനവും സമാധാനവും തുടരണോ അതോ വർഗ്ഗീയതയും വികസനവിരുദ്ധതയും നാടിനെ തകർക്കണോ? നവകേരള നിർമ്മിതിക്ക് വേഗം കൂട്ടാനും മതനിരപേക്ഷ കേരളത്തെ കൂടുതൽ കരുത്തോടെ കാത്തുസൂക്ഷിക്കാനും ഇടതുപക്ഷ സർക്കാരിന്റെ ജനപക്ഷ ബദലുകൾ തുടരേണ്ടതുണ്ട്. നാളത്തെ കേരളം എങ്ങനെയായിരിക്കണം എന്നതിന് കൃത്യമായ ഒരു വികസന രൂപരേഖ സർക്കാരിനുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ‘വിഷൻ 2031’.
വരും വർഷങ്ങളിൽ കേരളത്തിന്റെ ആഭ്യന്തര ഉത്പാദനം ഇരട്ടിയാക്കാനും, ഓരോ കുടുംബത്തിന്റെയും ജീവിതനിലവാരം വികസിത രാഷ്ട്രങ്ങൾക്ക് സമാനമാക്കാനുമാണ് നാം ലക്ഷ്യമിടുന്നത്. കൃത്രിമ ബുദ്ധി, ഡാറ്റ സയൻസ് തുടങ്ങിയ നവീന സാങ്കേതികവിദ്യകളിൽ കേരളത്തെ ആഗോള കേന്ദ്രമാക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക, കാർഷിക-വ്യവസായ മേഖലകളിൽ മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപ്ലവം സൃഷ്ടിക്കുക എന്നിവയാണ് വിഷൻ 2031-ലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. പരിസ്ഥിതി സൗഹൃദമായ ഹരിത സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും ആധുനിക അടിസ്ഥാന സൗകര്യ വികസനത്തിനും ഇതിൽ വലിയ പ്രാധാന്യമാണ് നൽകുന്നത്.
ഭാവി തലമുറയുടെ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. കേരളത്തെ വെറുമൊരു ഉപഭോക്തൃ സംസ്ഥാനമായി നിലനിർത്താതെ, ലോകത്തിന് ഉത്പന്നങ്ങളും സേവനങ്ങളും നൽകുന്ന ഉത്പാദന കേന്ദ്രമായി മാറ്റാൻ നാം മുന്നിട്ടിറങ്ങുകയാണ്. വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാ വിഭാഗം ജനങ്ങളിലേക്കും തുല്യമായി എത്തുന്നു എന്ന് സർക്കാർ ഉറപ്പുവരുത്തും.
നാടിന്റെ ഭാവിവികസനത്തിനുള്ള നിർദ്ദേശങ്ങളും ആശയങ്ങളും പൊതുജനങ്ങളിൽ നിന്നും സ്വരൂപിക്കുന്നതിനായി സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാം എന്നൊരു പദ്ധതി ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഓരോ പ്രദേശത്തിന്റെയും വികസന ആവശ്യങ്ങൾ മനസ്സിലാക്കി അവിടങ്ങളിൽ അനുയോജ്യമായ വികസനം എത്തിക്കുന്നതിനും പുതിയ തൊഴിലവസരങ്ങൾ, പദ്ധതികൾ എന്നിവയിൽ ജനകീയ അഭിപ്രായം രൂപീകരിക്കുന്നതിനും ക്ഷേമ പ്രവർത്തനങ്ങൾ എല്ലാ പ്രദേശങ്ങളിലും ആവശ്യകതയ്ക്കനുസരിച്ച് ലഭ്യമായോ എന്ന കാര്യത്തിൽ അഭിപ്രായം തേടുന്നതിനും ഈ പദ്ധതി സഹായകരമാണ്. നവകേരള സൃഷ്ടിക്ക് കരുത്തുപകരുന്ന ഈ പദ്ധതിയോട് പൊതുസമൂഹമാകെ നല്ല നിലയിൽ സഹകരിക്കണം.
നമ്മുടെ നാടിന്റെ ഐക്യവും വികസന കുതിപ്പും തകർക്കാൻ ശ്രമിക്കുന്നവർക്കു മുന്നിൽ കേരളം കൂടുതൽ കരുത്തോടെ നിലകൊള്ളും. തടസ്സങ്ങൾ പലതുണ്ടാകാമെങ്കിലും, അചഞ്ചലമായ ഇച്ഛാശക്തിയോടെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലൂന്നുന്ന നവകേരള നിർമ്മിതിക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം. ജാതിക്കും മതത്തിനുമപ്പുറം മനുഷ്യർ എന്ന നിലയിൽ ഒരുമയോടെ പുതിയ വർഷത്തിലേക്ക് നമുക്ക് നീങ്ങാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

