
ക്ഷേമം, വികസനം, ജനകീയാസൂത്രണം – ഇടതോരം ചേർന്ന് ഇനിയും മികവോടെ മുന്നേറാൻ തയ്യാറെടുത്തിരിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങൾ. വികസനത്തിലും ക്ഷേമപ്രവർത്തനത്തിലും ജനങ്ങളെ ചേർത്തുനിർത്തിയ സർക്കാരിനോടുള്ള ആഭിമുഖ്യമായിരുന്നു മുൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ദൃശ്യമായത്. അത് തന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് ജനങ്ങളുടെ പ്രതികരണങ്ങളിലേറെയും പങ്കുവെയ്ക്കപ്പെടുന്നത്.
എൽഡിഎഫ് സർക്കാരുകളുടെ ചിറകിലേറിയാണ് പ്രാദേശിക വികസനങ്ങളെറെയും സാധ്യമായത്. കഴിഞ്ഞ ഒമ്പത് വർഷക്കാലയളവിൽ 88,180.16 കോടി രൂപയാണ് തദ്ദേശസ്ഥാപനങ്ങൾക്ക് എൽഡിഎഫ് സർക്കാർ നൽകിയത്. ജനകീയ പങ്കാളിത്തത്തോടെ തദ്ദേശ സ്ഥാപനങ്ങൾക്ക് വികസനപദ്ധതികൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും അധികാരം നൽകുന്ന ജനകീയാസൂത്രണം ആവിഷ്‌കരിച്ചത് എൽഡിഎഫ് സർക്കാരാണ്.
1996 ആഗസ്‌ത് 17ന് നായനാർ സർക്കാർ ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിച്ചു. 35 ശതമാനം വരെ അധികാരവും പണവും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന രീതി ഇന്ത്യയിലെ അധികാരവികേന്ദ്രീകരണ ചരിത്രത്തില്‍ തന്നെ മാതൃകാപരമായ കാഴ്ചപ്പാടായി മാറി. 1996-2001, 2006–2011 എൽഡിഎഫ് സർക്കാരുകളുടെ ജനകീയാസൂത്രണംവഴിയുള്ള നേട്ടങ്ങൾ ദേശീയ–അന്തർദേശീയ പ്രശംസ നേടുകയും ചെയ്തു.
എന്നാൽ അധികാരത്തിലെത്തിയപ്പോൾ യുഡിഎഫ് ചെയ്തതാകട്ടെ, വികസനോന്മുഖമായ ഈ കാഴ്ചപ്പാടിനെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണ് നടത്തിയത്. കേരളാ ഡെവലപ്മെന്റ് പ്ലാന്‍ എന്ന പുതിയ പദ്ധതി 2001 ൽ കൊണ്ടുവന്ന് ജനകീയാസൂത്രണത്തെ അട്ടിമറിക്കാനായിരുന്നു യുഡിഎഫ് ശ്രമം. എന്നാൽ അതിനെയും കേരളം അതിജീവിക്കുക തന്നെ ചെയ്തു.
ശ്രീലങ്ക, ബംഗ്ലാദേശ്, റഷ്യ, ദക്ഷിണാഫ്രിക്ക, ബ്രസീൽ തുടങ്ങി നിരവധി രാജ്യങ്ങളാണ് കേരളത്തിന്റെ മാതൃകാപരമായ ഈ പദ്ധതിയെ പറ്റി പഠിക്കുന്നതിനായി കേരളത്തിലെത്തിയത്.
ALSO READ; പാലക്കാട് നഗരസഭ തെരഞ്ഞെടുപ്പ്: സീറ്റിനായി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായി കേരളത്തിന് കിട്ടിയ നേട്ടങ്ങൾ എന്തൊക്കെ എന്ന് വേഗം പരിശോധിക്കുകയാണെങ്കിൽ ആ ലിസ്റ്റ് ഇപ്രകാരമാണ്.
ശിശുമരണനിരക്ക് കുറഞ്ഞു. പ്രതിരോധ കുത്തിവയ്പിന്റെ നിരക്ക് നൂറു ശതമാനം. എല്ലാവർക്കും വീടായിത്തുടങ്ങി. വീടുകളിലെല്ലാം വൈദ്യുതിയെത്തി. സ്കൂളുകൾ, അങ്കണവാടികൾ ഗ്രന്ഥശാലകൾ എല്ലാത്തിനും മികച്ച കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും, ചെറുകിട ജലവിതരണ പദ്ധതികൾ മികച്ച. ഗ്രാമീണ റോഡുകളും പാലങ്ങളും സമഗ്രമായി പറഞ്ഞാൽ സമ്പൂർണമായ വികസനം.
ഓഖി, നിപാ, മഹാപ്രളയം, കാലവര്‍ഷക്കെടുതികള്‍, കോവിഡ് -19 ഇവയെ ഫലപ്രദമായി നേരിടാനും കേരളത്തെ സജ്ജമാക്കിയത് ഈ അധികാരവികേന്ദ്രീകരണം തന്നെയാണ്. അതിദാരിദ്ര്യം പരിഹരിച്ചതും, അഭ്യസ്‌തവിദ്യരുടെ തൊഴിലില്ലായ്മയെന്ന പ്രശ്നം പരിഹരിക്കാന്‍ ആവിഷ്കരിച്ച വിജ്ഞാനകേരളം പദ്ധതിയുടെ കരുത്തും ഇതേ അധികാരവികേന്ദ്രീകരണം തന്നെയാണ്.
പങ്കാളിത്ത ആസൂത്രണം, മാലിന്യ സംസ്കരണം, തൊഴിൽദാതാക്കൾ, കാർഷിക കൂട്ടായ്മകൾ, പരിസ്ഥിതി സംരക്ഷണം, അഴിമതിമുക്ത ഭരണം അങ്ങനെ ജനകീയാസൂത്രണത്തിന്റെ മികവ് ഓരോ മേഖലയിലും കൃത്യമായി നമ്മൾക്ക് ദൃശ്യമാണ്. കേരളത്തിൽ അത് യാഥാർത്ഥ്യമാക്കിയതോ ഇടതുപക്ഷ സർക്കാരുകളും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

