
വേനലവധിക്ക് മുൻപേ അടുത്ത വർഷത്തെ പഠന സാമഗ്രികൾ വിദ്യാർത്ഥികളുടെ കൈകളിലെത്തിച്ച് സർക്കാർ. 2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമുകളുടെയും വിതരണത്തിന് ഫെബ്രുവരി 13-ന് തുടക്കമാകും. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിൽ വെച്ച് വൈകുന്നേരം 4.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും. കൃത്യമായ ആസൂത്രണത്തിലൂടെ വിദ്യാലയങ്ങൾ അടയ്ക്കുന്നതിന് മുൻപ് തന്നെ വിതരണം പൂർത്തിയാക്കി പൊതുവിദ്യാഭ്യാസ രംഗത്ത് മാതൃകയാവുകയാണ് സർക്കാർ എന്ന് ഫേസ്ബുക് കുറിപ്പിലൂടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം
സ്കൂൾ അടയ്ക്കും മുമ്പേ ഒരുക്കങ്ങൾ പൂർത്തിയായി; അടുത്ത അധ്യയന വർഷത്തെ പാഠപുസ്തക, യൂണിഫോം വിതരണത്തിന് തുടക്കമാകുന്നു.
നമ്മുടെ കുട്ടികൾക്കായി 2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും വിദ്യാലയങ്ങൾ അടയ്ക്കുന്നതിന് മുൻപ് തന്നെ എത്തിക്കുക എന്ന ലക്ഷ്യം സർക്കാർ യാഥാർത്ഥ്യമാക്കുകയാണ്. വരാനിരിക്കുന്ന അധ്യയന വർഷത്തെ ഒന്നാം വാല്യത്തിലേക്കായി ഏകദേശം 3.5 കോടി പുസ്തകങ്ങളാണ് ഇത്തവണ അച്ചടിക്കുന്നത്. ഇതിൽ 68 ലക്ഷം പുസ്തകങ്ങളുടെ അച്ചടി ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു എന്ന സന്തോഷവാർത്ത നിങ്ങളെ അറിയിക്കുന്നു.
ALSO READ : വന്യജീവി സംരക്ഷണ ഭേദഗതി ബില്‍: രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച് ഗവര്‍ണര്‍
കൃത്യമായ ആസൂത്രണത്തിലൂടെ 2025 സെപ്റ്റംബർ മാസം തന്നെ പ്രവർത്തനങ്ങൾ ആരംഭിച്ച്, പേപ്പർ വാങ്ങുന്നതിനായി 111 കോടി രൂപയുടെ ഭരണാനുമതി സർക്കാർ നൽകിയിരുന്നു. നിലവിൽ 51 ലക്ഷം പുസ്തകങ്ങൾ വിതരണത്തിനായി വിവിധ ഹബ്ബുകളിൽ എത്തിച്ചുകഴിഞ്ഞു. കൂടാതെ, 8 ലക്ഷത്തിലധികം കുട്ടികൾക്കുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും സംസ്ഥാനതല വിതരണ ഉദ്ഘാടനം ഫെബ്രുവരി 13-ന് വൈകുന്നേരം 4.30-ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്കൂളിൽ വെച്ച് നിർവഹിക്കും. പഠനം കൂടുതൽ സുഗമമാക്കാൻ സർക്കാർ നടത്തുന്ന ഈ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും. നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ മികവിന്റെ ഈ യാത്രയിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

