
ഗവേഷക വിദ്യാർഥിക്ക് നേരെ ജാതി അധിക്ഷേപം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേരള സർവകലാശാല സംസ്‌കൃതം വിഭാഗം ഡീൻ ഡോ. സി എൻ വിജയകുമാരിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ. കേരള സർവകലാശാല സംസ്‌കൃതം വിഭാഗം ഡീനും സംഘപരിവാർ അധ്യാപക സംഘടന പ്രവർത്തകയുമായ ഡോ സി എൻ വിജയകുമാരി ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയന് നേരെ നടത്തിയ ജാതി വിവേചനവും ഭീഷണിയും മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന് തികച്ചും അപമാനകരവും അത്യന്തം പ്രതിഷേധാർഹവുമാണെന്ന് എസ്എഫ്ഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
സർവകലാശാല നിയമങ്ങൾക്ക് അനുസൃതമായി തന്നെ ഗവേഷണം പൂർത്തീകരിച്ചെങ്കിലും ഭരണഘടനാ മൂല്യങ്ങളെ തന്നെ വെല്ലുവിളിച്ചുകൊണ്ടാണ് ആർ എസ് എസ് നോമിനിയായ ഡീൻ പി എച്ച് ഡി നൽകാൻ തടസ്സം നിൽക്കുകയും ജാതി വിവേചനം നടത്തുകയും ചെയ്തത്. കേരള സർവകലാശാലയിലെ സംസ്‌കൃത ഡിപ്പാർട്ട്മെൻ്റിൽ നിന്നും ഡോ. വിജയകുമാരിയുടെ ഗൈഡ്ഷിപ്പിൽ തന്നെ എം ഫിൽ പൂർത്തിയാക്കിയാണ് വിപിൻ പിഎച്ച്ഡിക്ക് അഡ്മിഷൻ നേടിയത്.
ഗവേഷണ കാലയളവിൽ നടത്തേണ്ടുന്ന മുഴുവൻ പ്രവർത്തനങ്ങളും പൂർത്തീകരിച്ചെങ്കിലും ഡിപ്പാർട്ട്മെൻ്റ് ഡീനായ വിജയകുമാരി സവർണ്ണ ഫ്യൂഡൽ മാടമ്പിയുടെ മനോഭാവത്തോടെ വിദ്യാർത്ഥിയെ നിരന്തരം ജാതീയമായി പീഡിപ്പിക്കുകയും കഷ്ടപ്പെട്ട് നേടിയ പിഎച്ച്ഡി ബിരുദം തടഞ്ഞു വെക്കാൻ റിപ്പോർട്ട് നൽകുകയും ചെയ്തത്. പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്നും താഴ്ന്ന ജാതിക്കാര്‍ സംസ്‌കൃതം വകുപ്പിനെ അശുദ്ധമാക്കിയെന്നും പറഞ്ഞു കൊണ്ട് വകുപ്പ് മേധാവി നടത്തിയ അതിക്രൂരമായ ജാതി അധിക്ഷേപം നവോത്ഥാന പോരാട്ടങ്ങളിലൂടെ കരുതാർജ്ജിച്ച കേരളത്തിന് അംഗീകരിക്കുവാൻ സാധിക്കുന്നതല്ല. ജാതി വിവേചനത്തിനെതിരെ സന്ധിയില്ലാത്ത സമരം നയിച്ച നാടാണ് കേരളം.
മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങളാണ് നാടിനെ മുന്നോട്ട് നയിക്കുന്നത്. അതിനെ തകർക്കുവാനുള്ള സവർണ്ണമാടമ്പികളുടെ ശ്രമങ്ങളെ ചെറുത്ത് തോല്പിക്കുക തന്നെ ചെയ്യും. കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കേരളം കയ്യൊഴിപ്പിച്ച മനുവാദത്തിൽ അതിഷ്ഠിതമായ സവർണ്ണ ജാതി ചിന്തകളെ കുടിയിരുത്തുവാനുള്ള ആർ എസ് എസ് നീക്കത്തെ അതിശക്തമായി പ്രതിരോധിക്കും. ഗവേഷക വിദ്യാർത്ഥി നേരിട്ട ജാതി വിവേചനത്തെ എസ് എഫ് ഐ നേതാവിൻ്റെ വ്യാജ പിഎച്ച്ഡി ബിരുദ നേട്ടമെന്ന നിലയിൽ വാർത്ത നൽകുവാനാണ് മാധ്യമങ്ങൾ പോലും ശ്രമിച്ചത് അപലപനീയമാണെന്ന് എസ്എഫ്ഐ പറഞ്ഞു.
ഗവേഷക വിദ്യാർത്ഥിക്ക് നേരെ ജാതി അധിക്ഷേപവും ഭീഷണിയും നടത്തിയ സംസ്‌കൃത വകുപ്പ് മേധാവി ഡോ സി എൻ വിജയകുമാരിക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരമാർഗ്ഗങ്ങളുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് എന്നിവർ പ്രസ്ഥാനയിലൂടെ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

