കേരളത്തിൻ്റേത് പ്രകൃതിക്ക് അനുസൃതമായ വ്യവസായ നയം: മന്ത്രി പി രാജീവ്

P rajeev

പ്രകൃതിക്ക് അനുസൃതമായ വ്യവസായ നയമാണ് സംസ്ഥാന സർക്കാരിൻ്റേതെന്ന് വ്യവസായ മന്ത്രി പി രാജീവ്. കാർബൺ ന്യൂട്രൽ ഗോശ്രീ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. പ്രകൃതി, ജനത, വ്യവസായം എന്നതാണ് സംസ്ഥാനത്തിൻ്റെ വ്യവസായ നയത്തിൻ്റെ മുദ്രാവാക്യം. 

കാർബൺ ബഹിർഗമനം വർദ്ധിപ്പിക്കുന്ന വ്യവസായങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ല. കാർബൺ ന്യൂട്രൽ ആകേണ്ടത് ലോകത്തിൻ്റെ തന്നെ പ്രധാനപ്പെട്ട ആവശ്യമാണ്. അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നേരത്തെ തന്നെ കേരളം ആരംഭിച്ചിട്ടുണ്ട്. സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഔദ്യോഗികമായി അംഗീകരിച്ച പദ്ധതികളിൽ ആദ്യത്തേത് കേരളത്തിൻ്റെ ഹൈഡ്രജൻ ഹബ്ബാണ്. ലോകത്തിലെ തന്നെ പൂർണമായും സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ വിമാനത്താവളമാണ് കൊച്ചിയിലേത്. അന്തരീക്ഷത്തിൽ നിന്ന് ഹരിത ഗൃഹ വാതകങ്ങളെ നീക്കം ചെയ്യുന്നതിനുള്ള കാർബൺ ക്രെഡിറ്റ് ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: നേട്ടങ്ങളുടെ നെറുകയിൽ കേരള പൊലീസ്; നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ വിരലടയാള വിദഗ്ദര്‍ക്കായുള്ള പരീക്ഷയില്‍ആദ്യ മൂന്ന് റാങ്കും നേടി ഒന്നാമതെത്തി

കൊച്ചിയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കാർബൺ ന്യൂട്രൽ ഗോശ്രീ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇത് പ്രയോഗത്തിലേക്ക് എത്തിക്കാൻ തുടർച്ചയായ അവലോകനവും ഏകോപനവും ആവശ്യമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

ഹരിതകേരളം മിഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ കാമ്പയിൻ്റെ ഭാഗമായാണ് കാർബൺ ന്യൂട്രൽ ഗോശ്രീ പദ്ധതി സംഘടിപ്പിക്കുന്നത്. ഇതിൻ്റെ ഭാഗമായി വൈപ്പിൻ ബ്ലോക്കിലെ കുഴിപ്പള്ളി, പള്ളിപ്പുറം, എടവനക്കാട്, നായരമ്പലം, ഞാറയ്ക്കൽ ഗ്രാമപഞ്ചായത്തുകളിലും ഇടപ്പള്ളി ബ്ലോക്കിലെ എളങ്കുന്നപ്പുഴ, മുളവുകാട്, കടമക്കുടി ഗ്രാമപഞ്ചായത്തുകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.

ഹരിതകേരളം മിഷൻ്റെ സാങ്കേതിക സഹായത്തോടെയും ഏകോപനത്തോടെയും നടക്കുന്ന പദ്ധതിക്ക് ജിഡയുടെ പിന്തുണ ഉണ്ടാകും. കാമ്പയിൻ്റെ ഭാഗമായി ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കണക്കാക്കുന്നതിനായി എട്ട് പഞ്ചായത്തുകളിലും പ്രാഥമിക സർവേ നടത്തിയിരുന്നു. ഇതിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിപിആർ തയ്യാറാക്കിയത്.

കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ചടങ്ങിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ ജി പ്രിയങ്ക, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സരിത സനൽ, നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോഡിനേറ്റർ ടി എൻ സീമ, ജിഡ സെക്രട്ടറി രഘുരാമൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News