
ഇന്ത്യൻ കോഫി ബോർഡ് വർക്കേഴ്സ് സഹകരണ സംഘം സ്ഥാപകാംഗം കെ എൻ ലളിത അന്തരിച്ചു. 88 വയസായിരുന്നു. രാത്രി എട്ട് മണിയോടെ തൃശൂരിൽ വച്ചായിരുന്നു അന്ത്യം.
1957ൽ എകെജിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഇന്ത്യൻ കോഫി ഹൗസ് സംഘത്തിൻ്റെ സ്ഥാപക സെക്രട്ടറി പരേതനായ തൃശൂർ സ്വദേശി എൻഎസ് പരമേശ്വരൻ പിള്ളയുടെ ഭാര്യയാണ്. കൈരളി ന്യൂസ് കൺസൾട്ടന്റ് എൻ പി ചന്ദ്രശേഖരൻ മകനാണ്.
ആദ്യത്തെ ഇന്ത്യൻ കോഫി ഹൗസ് തൃശൂർ സ്വരാജ് റൗണ്ടിൽ തുറക്കാൻ തൊഴിലാളികൾക്ക് പണമില്ലാതെ വന്നപ്പോൾ താലിമാലയടക്കമുള്ള ആഭരണങ്ങൾ കെ എൻ ലളിത ഊരിക്കൊടുത്തിരുന്നു. വിവാഹിതയായി ഒരു വർഷം തികയും മുമ്പായിരുന്നു ഇത്. ഇക്കാര്യം ‘കോഫി ഹൗസിൻ്റെ കഥ’ എന്ന പുസ്‌തകത്തിൽ എൻ എസ് പരമേശ്വരൻ പിള്ള എഴുതിയിട്ടുണ്ട്: ‘ഇനി കോഫി ഹൗസാണ് ലളിതയുടെ ആഭരണം’ എന്നാണ് അന്ന് എകെജി ഇക്കാര്യത്തെ വിശേഷിപ്പിച്ചത്.
ഇന്ത്യന്‍ കോഫീ ഹൗസ് പ്രസ്ഥാനത്തിലെ തിളങ്ങുന്ന ഏടാണ് കെ എൻ ലളിത. തൃശൂര്‍ റൗണ്ടില്‍ നിന്ന് തുടങ്ങിയ ഒരു സഹകരണ പ്രസ്ഥാനത്തെ ലോകമറിയുന്ന പേരാക്കി മാറ്റിയ നിര്‍ണായക സാന്നിധ്യം. സ്വന്തം ജീവിതം കൊണ്ട് കോഫീ ഹൗസിനെ അടയാളപ്പെടുത്തിയ കെ എൻ ലളിത യാത്രയാകുമ്പോള്‍ മലയാളിക്ക് മുന്നില്‍ കോഫി ഹൗസെന്ന പ്രസ്ഥാനം തല ഉയര്‍ത്തി നില്‍ക്കുന്നു.
കോഫി ഹൗസ് പ്രസ്ഥാനം ലളിതയെ സംബന്ധിച്ച് വെറുമൊരു തൊഴിലാളി സഹകരണ സംഘം മാത്രമായിരുന്നില്ല. അതവർക്ക് ജീവിതം തന്നെയായിരുന്നു. ഇന്ത്യൻ കോഫി ഹൗസ് സംഘത്തിൻറെ സ്ഥാപക സെക്രട്ടറിയായിരുന്ന ഭർത്താവ് എൻ എസ് പരമേശ്വരൻപിള്ള ക്കൊപ്പം കോഫി ഹൗസ് പ്രസ്ഥാനത്തിൻ്റ വളർച്ചയുടെ വഴികളിൽ നിർണ്ണായക സാന്നിധ്യമായി ലളിത.
ഏഴു വർഷങ്ങൾക്കു മുൻപ് 81 വയസ്സിൽ കോഫി ഹൗസിന്റെ ഡയറക്ടർ ബോർഡിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു ലളിത വീണ്ടും ചരിത്രം കുറിച്ചു. എകെജിയോടുള്ള ഒരു നാടിൻറെ ആദരമെന്നാണ് വിജയത്തെ ലളിത വിശേഷിപ്പിച്ചത്. കോഫി ഹൗസിന് പിന്നിൽ ഒരു തത്വശാസ്ത്രം ഉണ്ട്, ഒരു രാഷ്ട്രീയമുണ്ട്. എകെജി ഉയർത്തിപ്പിടിച്ച ആ രാഷ്ട്രീയ നിലപാടിനെ ജീവത്തിലുടനീളം ചേർത്തു നിർത്തി കെ എൻ ലളിത യാത്ര പറയുകയാണ്.
കോഫി ഹൗസ് എന്ന ആ പ്രസ്ഥാനത്തെ നമ്മൾ ഇന്ന് കാണുന്ന ഇന്ത്യൻ കോഫി ഹൗസാക്കി മാറ്റിയിട്ട്. കെ എൻ ലളിത യാത്രയാകുമ്പോൾ കോഫി ഹൗസ് എന്ന മഹാപ്രസ്ഥാനത്തിൻ്റെ പിറവി കണ്ട അവസാനത്തെ സ്ഥാപകാംഗം കൂടിയാണ് വിട പറയുന്നത്. കൈരളി ന്യൂസ് കൺസൾട്ടൻ്റ് എൻ പി ചന്ദ്രശേഖരന് പുറമെ കോഫി ബോർഡ് മുൻ മാനേജർ എൻ പി ഗിരീശൻ, എൻ പി മുരളി, എൻ പി സുനിത എന്നിവർ മക്കളാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

