
കൊച്ചി കോർപ്പറേഷനിൽ മേയർസ്ഥാനത്തിനുള്ള ഗ്രൂപ്പ് വടംവലിക്ക് പിന്നാലെ സമുദായസമ്മർദവും കോൺഗ്രസിന് തലവേദനയാകുന്നു. കെ പി സി സി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗ്ഗീസിനാണ് പ്രഥമ പരിഗണന നല്‍കിയിരുന്നതെങ്കിലും വി കെ മിനിമോൾ, ഷൈനി മാത്യു എന്നിവരിൽ ഒരാളെ മേയറാക്കണമെന്ന് ലത്തീൻസഭ ആവശ്യപ്പെട്ടതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് നേതൃത്വം. അതേ സമയം ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിന് അവകാശവാദമുന്നയിച്ച് ലീഗ് രംഗത്തെത്തിയതും കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരിക്കുകയാണ്.
കൊച്ചി കോര്‍പ്പറേഷനില്‍ 2015ൽ യുഡിഎഫ് അധികാരം നേടിയപ്പോൾ സമുദായത്തെ പരിഗണിക്കണമെന്ന് ലത്തീന്‍ സഭ ആവശ്യപ്പെട്ടിരുന്നു. എന്നാൽ,അന്ന് ഡെപ്യൂട്ടി മേയർസ്ഥാനമാണ് നല്‍കിയത്.ഇത്തവണ സഭാംഗങ്ങളായ വി കെ മിനിമോളും ഷൈനി മാത്യുവും വിജയിച്ച സാഹചര്യത്തില്‍ ഇവരില്‍ ഒരാളെ മേയറാക്കണമെന്നാണ് സഭ, കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലയിൽ സഭ സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.ഇത് അഗണിച്ചാൽ ഭവിഷ്യത്തുണ്ടാകുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്.
ALSO READ: എൽഡിഎഫിനെ അട്ടിമറിക്കാൻ കോട്ടൂർ പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും വോട്ട് കച്ചവടം നടത്തിയെന്ന് ആരോപണം
മേയർസ്ഥാനത്തിനായി ദീപ്‌തി മേരി വർഗീസ്, വി കെ മിനിമോൾ, ഷൈനി മാത്യു എന്നിവരുടെ ചരടുവലി സജീവമാണ്. കെ സി വേണുഗോപാലിന്റെ പിൻബലത്തിലാണ് ദീപ്‌തിയുടെ കരുനീക്കം. ഇതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഡിസിസിക്കും നീരസമുണ്ട്. വി കെ മിനിമോളെയാണ് സതീശൻ വിഭാഗം അനുകൂലിക്കുന്നത്. സംഘടനയിലെയും കോർപറേഷനിലെയും പ്രവർത്തനപരിചയവും പാരന്പര്യവും സഭയുടെ അനുകൂലനിലപാടും സഹായകരമാകുമെന്നാണ് മിനിയുടെയും കണക്കുകൂട്ടൽ. സഭയുടെ പിന്തുണതന്നെയാണ് ഷൈനിയുടെയും പ്രധാന അനുകൂലഘടകങ്ങളിലൊന്ന്. ഡൊമിനിക് പ്രസന്റേഷൻ ഉൾപ്പെടെയുള്ളവരുടെ പിന്തുണയും ഷൈനിക്കാണ്.
ഇതിനിടെ ഡെപ്യൂട്ടി മേയർസ്ഥാനത്തിനായി മുസ്ലിംലീഗും അവകാശവാദമുന്നയിച്ചുകഴിഞ്ഞു. മുന്നണിയിലെ പ്രബലകക്ഷിയെന്ന നിലയിലും കോർപറേഷനിലും ജില്ലയിലെ ഇതര തദ്ദേശസ്ഥാപനങ്ങളിലും യുഡിഎഫ് വിജയത്തിൽ നിർണായക പങ്കുവഹിച്ചതും കണക്കിലെടുത്ത് ഡെപ്യൂട്ടി മേയർപദവി തന്നേ തീരൂവെന്നാണ് ലീഗിന്റെ നിലപാട്.
നേരത്തേ പാർടിക്ക് ഡെപ്യൂട്ടി മേയറുണ്ടായത് കോൺഗ്രസ് ഓർക്കണമെന്നും ലീഗ് പറയുന്നു. കഴിഞ്ഞതവണ എൽഡിഎഫ് വിജയിച്ചപ്പോൾ സിപിഐക്ക് ഡെപ്യൂട്ടി മേയർ പദവി നൽകിയതും അവർ ചൂണ്ടിക്കാട്ടുന്നു.
47 ഡിവിഷനുകളിൽ യുഡിഎഫ് വിജയിച്ചപ്പോൾ മൂന്നു സീറ്റ് മാത്രമുള്ള ലീഗിന്റെ അവകാശവാദം പരിഗണിക്കേണ്ടതില്ലെന്നാണ് കോൺഗ്രസിലെ അഭിപ്രായം.എന്നാല്‍ ഇക്കാര്യത്തില്‍ പിടിവാശി തുടർന്നാൽ സ്ഥിരംസമിതി അധ്യക്ഷ പദവി നൽകി ലീഗിനെ അനുനയിപ്പിക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

