പുതുവര്‍ഷത്തില്‍ റെക്കോർഡ് നേട്ടവുമായി കൊച്ചി മെട്രോ; 1.61 ലക്ഷത്തിലേറെ യാത്രക്കാർ, വരുമാനത്തിലും റെക്കോർഡ്

Kochi Metro Records

പുതുവര്‍ഷത്തില്‍ റെക്കോഡ് നേട്ടം കൈവരിച്ച് കൊച്ചി മെട്രോ. മെട്രോ ട്രെയിനിലും വാട്ടര്‍ മെട്രോയിലും മെട്രോ ഫീഡര്‍ ബസിലുമായി പുതുവര്‍ഷപ്പുലരിയില്‍ യാത്രചെയ്തത് 1.61 ലക്ഷത്തിലേറെപ്പേര്‍. ഒറ്റദിവസം, 45 ലക്ഷത്തിനടുത്ത് രൂപയുടെ വരുമാനം നേടിയും മെട്രോ റെക്കോഡിട്ടു.

പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് യാത്രാ സംവിധാനങ്ങളുടെ സര്‍വീസ് സമയം നീട്ടിയിരുന്നു. മെട്രോ ട്രെയിന്‍ പുലര്‍ച്ചെ 2 മണി വരെ ആയിരുന്നു സർവീസ് നടത്തിയതെങ്കില്‍ വാട്ടര്‍ മെട്രോയും ഇലക്ട്രിക് ഫീഡര്‍ ബസുകളും പുലര്‍ച്ചെ നാലുവരെ സർവീസ് നടത്തി. പുതുവര്‍ഷത്തലേന്നും പുലര്‍ച്ചെയുമായി സർവീസ് നടത്തിയ മെട്രോ ട്രെയിനില്‍ കയറിയത്
1,39,766 പേരാണ്.

ALSO READ: നവകേരള നിർമ്മിതിക്കായി പൊതുജനാഭിപ്രായം കേൾക്കാൻ സർക്കാർ; സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് സംസ്ഥാനത്ത് തുടക്കമായി

പുലർച്ചെ നാലു മണിവരെ സർവ്വീസ് നടത്തിയ ഇലക്ട്രിക് ഫീഡർ ബസിൽ 6817 പേരും വാട്ടർ മെട്രോയിൽ 15,000 പേരും യാത്രചെയ്ത് റേക്കോർഡ് സൃഷ്ടിച്ചു. ഡിസംബർ 31 ന് 44,67,688 രൂപയുടെ വരുമാനം നേടി പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ ട്രെയിൻ റെക്കോർഡ് നേട്ടം കൈവരിച്ചു.

അതേസമയം കൂട്ടായ പരിശ്രമത്തിലൂടെയാണ് മെട്രോ ഈ നേട്ടം കൈവരിച്ചതെന്ന് കെഎംആര്‍എല്‍ എം ഡി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. കൃത്യതയാര്‍ന്ന സര്‍വീസ്, വൃത്തി, ശുചിത്വം, ജീവനക്കാരുടെ മികച്ച പെരുമാറ്റം, യാത്രക്കാരുടെ സഹകരണം, മാധ്യമങ്ങളും സോഷ്യൽ മീഡിയ വഴിയും നടത്തിയ പ്രചരണം, ഉപഭോക്തൃസൗഹൃദമായ സാങ്കേതിക വിദ്യാ ഉപയോഗം തുടങ്ങി നിരവധി ഘടകങ്ങള്‍ ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചതായും കെഎംആര്‍എല്‍ വിലയിരുത്തി.

2017ലാണ് മെട്രോ സർവീസ് തുടങ്ങിയത്. ഇതുവരെ 17.52 കോടിപ്പേർ മെട്രോയിൽ യാത്ര ചെയ്തു. ഈ വർഷത്തെ യാത്രക്കാരുടെ എണ്ണം 3,65,86,194 ആയി വർധിച്ചു. ഡിസംബറിൽ മാത്രം 32,68,063 പേരാണ് യാത്ര ചെയ്തത്.

ALSO READ: വയനാട് ടൗൺഷിപ്പ്: ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാക്കി വീടുകൾ കൈമാറും, സമഗ്ര പുനരധിവാസം ലക്ഷ്യം: മുഖ്യമന്ത്രി

കൊച്ചിയുടെ പുതുവർഷരാവിൽ ആദ്യമായാണ് ഇലക്ട്രിക് ഫീഡർ ബസ് സർവീസ് നടത്തിയത്. ഫോർട്ട് കൊച്ചിയിൽ നിന്ന് ജംഗാർ വഴി വൈപ്പിനിലെത്തിയ യാത്രക്കാരെ വിവിധയിടങ്ങളിലേക്കും മെട്രോ സ്റ്റേഷനുകളിലേക്കും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കുമെല്ലാം എത്തിച്ചത് മെട്രോ ഫീഡർ ബസുകളായിരുന്നു. മട്ടാഞ്ചേരി-ഹൈക്കോർട്ട്, വൈപ്പിൻ-ഹൈക്കോർട്ട് റൂട്ടുകളില്‍ അധിക സർവീസ് നടത്തിയ വാട്ടർ മെട്രോയില്‍ 15,000ത്തോളം പേർ യാത്ര ചെയ്തു, റെക്കോഡ് നേട്ടം കൈവരിക്കാനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News