
ദൃശ്യ ദാമോദരൻ
‘കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ച മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടുകൊണ്ട് നഷ്ടപ്പെടുന്നു, കൊല്ലം ആശ്രാമത്ത് അനുവദിച്ച മെഡിക്കൽ കോളേജ് ആശുപത്രിയുടെ സാധ്യതകൾ മങ്ങുന്നു’, കേരളത്തിലെ ബിജെപി നേതാക്കയുടെയും അവരുടെ സുഹൃത്തായ എൻകെ പ്രേമചന്ദ്രന്റെയും കുറച്ചുദിവസങ്ങളായുള്ള ചൂടുപിടിച്ച ചർച്ചകളുടെ വിഷയമാണിത്. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? ഇഎസ്ഐ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കാൻ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞത് വെറുതെയാണോ? നമുക്ക് നോക്കാം.
2026 ജനുവരി ഏഴിനാണ് ഇഎസ്ഐ ആശുപത്രിയെ മെഡിക്കല്‍ കോളേജാക്കുന്നത് സംബന്ധിച്ച അപേക്ഷ സര്‍ക്കാരിന് ആദ്യം ലഭിക്കുന്നത്. 2025 ജൂണിൽ നടന്ന ഇഎസ്ഐ കോണ്‍ഫറന്‍സിന്റെ അടിസ്ഥാനത്തിലാണിത്. മെഡിക്കൽ കോളേജ് തുടങ്ങാൻ ആവശ്യമായ കേന്ദ്ര അംഗീകാരത്തിന് വേണ്ടി സമർപ്പിക്കേണ്ട എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകണം എന്ന് ഇഎസ്ഐ കോർപ്പറേഷൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നത് 2026 ജനുവരിയിൽ. അതായത് 6 മാസങ്ങൾ കഴിഞ്ഞ്. കേന്ദ്ര സർക്കാരിന് അപേക്ഷ നൽകേണ്ട അവസാന തീയതി ജനുവരി 28 ആണെന്ന് ഓർക്കണം.
6 മാസം വെറുതെ ഇരുന്ന്, 20 ദിവസം മാത്രം ശേഷിക്കെയാണ് സംസ്ഥാന സർക്കാരിന് മുന്നിൽ അപേക്ഷയുമായി വരുന്നത്. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞിട്ടും റിജക്ട് ചെയ്തില്ല എന്നുമാത്രമല്ല, അപേക്ഷയുടെ അടിസ്ഥാനത്തിൽ നാഷണൽ മെഡിക്കൽ കമ്മീഷൻ നിഷ്കർഷിച്ച മാനദണ്ഡപ്രകാരം പരിശോധന നടത്തുകയും സർക്കാർ ചെയ്തു. പക്ഷേ ഇത്രയും വലിയ കാലതാമസം എങ്ങനെ വന്നു എന്ന് ബിജെപിയോ പ്രേമചന്ദ്രനോ ഇതുവരെ മിണ്ടിയിട്ടില്ല.
സർക്കാർ കൃത്യമായി പരിശോധന നടത്തി. നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ മാനദണ്ഡം പാലിച്ച് മെഡിക്കല്‍ കോളേജ് ആരംഭിക്കാനുള്ള സൗകര്യം ആശുപത്രിയില്‍ ഇല്ലെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോര്‍ട്ടും നൽകി. എന്നിട്ടും ഇഎസ്ഐ ആശുപത്രി സൂപ്രണ്ടിനെ വിവരം ധരിപ്പിച്ച് പരിമിതി പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യ മന്ത്രി നിര്‍ദേശിച്ചത്. എന്നിട്ടാണ് പദ്ധതിയങ്ങ് റിജക്ട് ചെയ്തു എന്ന തരത്തിലുള്ള കുപ്രചാരണങ്ങൾ.
പരിശോധനയിൽ ആവശ്യമായ സ്ഥലം, ക്ലാസ് മുറികള്‍, ലൈബ്രറി, ലാബ്, ക്ലിനിക്കല്‍ മെറ്റീരിയലുകള്‍ ഇവയൊന്നും അവിടെ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ഇവ ഒരുക്കുന്നത് സംബന്ധിച്ച ഒരു പ്ലാന്‍ നല്‍കാനാണ് സർക്കാർ ആവശ്യപ്പെട്ടത്. ഇതെല്ലാം പരിഹരിക്കാം എന്ന സത്യവാങ് മൂലം നൽകി എന്നാണ് ബിജെപിയും പ്രേമചന്ദ്രനും പറയുന്നത്. വെറുമൊരു സത്യവാങ്മൂലം നൽകിയിട്ടെന്താ കാര്യമെന്ന് തത്കാലം ചോദിക്കുന്നില്ല.
ALSO READ: ആനവണ്ടി മാത്രമല്ല, ആശുപത്രിയും ഇവിടെ ഭദ്രം; തിരുവനന്തപുരത്ത് ഹോസ്‌പിറ്റൽ തുടങ്ങാൻ കെഎസ്ആർടിസി
ഇനി ആ സത്യവാങ്മൂലം അംഗീകരിക്കാം എന്നാണെങ്കിൽ തന്നെ സംസ്ഥാനത്തെ അംഗീകാരം നഷ്ടമായ കോളേജുകളിലെ വിദ്യാർത്ഥികൾ കോടതികളെ സമീപിച്ചപ്പോൾ പുറപ്പെടുവിച്ച വിധിന്യായത്തിൽ എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കേണ്ട കാര്യം സംബന്ധിച്ച് കോടതി കൃത്യമായി വിശദീകരിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. അപ്പോൾ ഈ ഉത്തവിന്റെ ലംഘനം ആകും ആ തീരുമാനം. ആറ് മാസം ഒന്നും ചെയ്യാതെ, 20 ദിവസം ശേഷിക്കെ ഓടി വന്ന് അനുമതി നൽകണം എന്ന് പറഞ്ഞാൽ ഒപ്പിട്ട് നൽകുമെന്നാണോ കരുതിയത്?
ഒരു മെഡിക്കൽ കോളേജിന് ആവശ്യമായ ഒരു സൗകര്യവും ഇല്ലാതെ വെറുതെയങ്ങ് അനുമതി നൽകാൻ ഇത് യുപിയോ ഗുജറാത്തോ ഒന്നുമല്ല, കേരളമാണ്. നാല് പായ വലിച്ചുകെട്ടി മെഡിക്കൽ കോളേജ് എന്ന് പേരിടാൻ ബിജെപി സർക്കാരുകൾക്ക് കഴിയുമായിരിക്കും, പക്ഷേ ഇടതുസർക്കാരിനതാകില്ല. യാഥാര്‍ഥ്യം മറച്ചുവച്ച് വിവാദം സൃഷ്ടിക്കാനുള്ള നിങ്ങളുടെ ശ്രമവും ഇവിടെ നടക്കില്ല. ഇതുവരെ കേന്ദ്ര മന്ത്രാലയത്തിന്റെ ഒരു ആശയ വിനിമയം പോലും ഉണ്ടായിട്ടില്ലല്ലോ!
ആദ്യം വകുപ്പ് ആവശ്യപ്പെട്ട പ്രകാരമുള്ള പ്ലാൻ എങ്കിലും നല്‍കാൻ നിങ്ങൾ തയ്യാറാവുക. അതുമല്ലെങ്കില്‍, കുട്ടികളെ വഴിയാധാരമാക്കില്ല എന്നും അവരുടെ ഉത്തരവാദിത്തം പൂര്‍ണ്ണമായും കേന്ദ്രം ഏറ്റെടുക്കുമെന്നും കേന്ദ്ര മന്ത്രാലയം ഒരു കത്ത് നല്‍കുക. ഇതൊന്നും നൽകാതെ അവാസ്തവം പറയുന്നതിന്റെ ഉദ്ദേശ്യം വേറെയാണ്. ഏതായാലും അടിസ്ഥാന സൗകര്യം ഒന്നും ഇല്ലാതെ കുട്ടികളെ വഴിയാധാരമാക്കാന്‍ ഈ സർക്കാർ അനുവദിക്കില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

