
കൊല്ലം കോർപറേഷനിൽ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം ലീഗ് അംഗങ്ങൾ ബഹിഷ്കരിച്ചു. കോർപറേഷനിലെ ഭരണ പങ്കാളിത്തത്തിൽ ലീഗിന് പ്രാതിനിധ്യം ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. മേയർ സ്ഥാനവും ഡപ്യൂട്ടി മേയർ സ്ഥാനം കോൺഗ്രസ് തട്ടി എടുത്തെന്നാണ് ലീഗിന്‍റെ ആരോപണം. ലീഗിനും ആർ എസ് പിക്കും ഡെപ്യൂട്ടി മേയർ സ്ഥാനം കോൺഗ്രസ് നിരസിച്ചിരുന്നു.
ഇരുവരും മുന്നോട്ട് വെച്ച സ്ഥാനാർഥികൾ ഒരേ മതക്കാരായതിനാൽ സമുദായ സന്തുലിതാവസ്ഥ പാലിക്കപ്പെട്ടില്ല എന്ന കാരണം പറഞ്ഞാണ് കോൺഗ്രസ് ഘടകകക്ഷികളുടെ ആവശ്യം നിരസിച്ചത്. കോൺഗ്രസ് ജന്മിയെ പോലെ പെരുമാറുന്നു എന്ന ആക്ഷേപമാണ് ലീഗ് ഉന്നയിക്കുന്നത്. മേയർ സ്ഥാനത്തേക്ക് കോൺഗ്രസിലെ എ കെ ഹഫീസ്, ഡപ്യൂട്ടി മേയർ സ്ഥാനത്തേക്ക് കോൺഗ്രസിലെ ഉദയാ സുകുമാരൻ എന്നിവരാണ് മത്സരിക്കുന്നത്.
ലീഗില്ലാത്ത യുഡിഎഫ് ശക്തമല്ലെന്നും ലീഗിനെ ഒതുക്കാമെന്ന് കോൺഗ്രസ് കരുതണ്ടെന്നും ലീഗ് ഇരവിപുരം നിയോജക മണ്ഡലം പ്രസിഡന്റ് നാസിമുദ്ദീൻ പള്ളിമുക്ക് മുന്നറിയിപ്പ് നൽകി. ആർ എസ് പിക്ക് അവസാനത്തെ ഒരു വർഷം മേയർ സ്ഥാനം നൽകാമെന്ന രഹസ്യ ധാരണ ഉണ്ടെന്നും പറയപ്പെടുന്നു. എന്നാൽ ലീഗിന് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകാമെന്ന ഉറപ്പ് കോൺഗ്രസ് നൽകിയിട്ടുമില്ല. ലീഗിന് പക്വതയുള്ള നേതൃനിര ജില്ലയിൽ ഇല്ലെന്ന ആർഎസ്പിയുടെ പരസ്യ പ്രസ്ഥാവനയെ നേരിടാൻ പോലും പാർട്ടിക്ക് ശേഷയില്ലേ എന്നാണ് ലീഗ് അണികളുടെ ചോദ്യം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

