
ജനങ്ങൾക്ക് മുന്നറിയിപ്പുമായി കൊല്ലം ജില്ലാ കലക്ടർ. ജില്ലാ കലക്ടറുടെ പേരിൽ പ്രത്യക്ഷപ്പെട്ട വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ പുറത്തു വിടുന്ന വിവരങ്ങളുമായി ബന്ധപ്പെട്ട് വഞ്ചിതരാകരുതെന്ന് ജില്ലാ കലക്ടർ എൻ ദേവീദാസ് മുന്നറിയിപ്പ് നൽകി. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് സിറ്റി പൊലീസ് മേധാവിക്ക് അന്വേഷണത്തിനായി വിവരങ്ങൾ കൈമാറി. സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചതായും ജില്ലാ കലക്ടർ അറിയിച്ചു.
കൊല്ലം ജില്ലാ കളക്ടറുടേതെന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് പ്രത്യക്ഷപ്പെട്ടിരുന്നു. ആ അക്കൗണ്ടിൽ ചില പോസ്റ്റുകളും പബ്ലിഷ് ചെയ്തിരുന്നു. ഇതേ തുടർന്നാണ് കലക്ടർ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
ഇത് ആദ്യമായല്ല പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടുന്നത്. ഒറിജിനൽ അക്കൗണ്ടിനെ വെല്ലുന്ന രീതിയിലാണ് ചില വ്യാജ അക്കൗണ്ടുകൾ തുടങ്ങുന്നത്. മന്ത്രിമാർ, സിനിമ നടൻമാർ, നടിമാർ തുടങ്ങി സാധാരണ ആളുകളുടെ പേരിൽ വരെ വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഫേസ്ബുക്കിൽ മാത്രമല്ല, ഇൻസ്റ്റാഗ്രാമിലും, ലിങ്ക്ഡ് ഇനിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ് ഫോമുകളിലും ഒക്കെ വ്യാജ അക്കൗണ്ടുകൾ പ്രത്യക്ഷപ്പെടാറുണ്ട്. അങ്ങനെ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊലീസിൽ പരാതി നൽകുന്നതാണ് ഉചിതം.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

