
കൊല്ലം ആശ്രാമത്തെ ഇഎസ്ഐ ആശുപത്രിയെ മെഡിക്കല്‍ കോളേജ് ആക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്രം എയിംസ് നൽകാത്തതിനെ വെള്ളപൂശാൻ ഉള്ള ശ്രമമാണ് നടക്കുന്നതെന്നും, എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നൽകില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
കെട്ടിടം, ഓഫീസ്, ലാബുകള്‍, ക്ലിനിക്കല്‍ മെറ്റീരിയല്‍ തുടങ്ങിയവ ഉണ്ടെന്നത് ഉറപ്പാക്കിയ ശേഷമേ എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാടുള്ളുവെന്നാണ് മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശം. ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഒരുക്കാമെന്ന് ഉറപ്പുനല്‍കിയാല്‍ എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് ഉടനടി നല്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് എയിംസ് കിട്ടാത്തതിനെ വെള്ള പൂശാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പദ്ധതി റദ്ദാക്കിയെന്നുള്ള പ്രചരണം നടത്തുന്നത്. വിഷയത്തില്‍ കൊല്ലത്തെ എംപിയ്ക്കും ബിജെപിക്കും ഒരേസ്വരമാണെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു.
ALSO READ: വികസന പെരുമയുമായി പാലക്കാട്: എൽ.ഡി.എഫ് എം.എൽ.എമാരുടെ മണ്ഡല പര്യടനത്തിന് ഇന്ന് ആവേശകരമായ തുടക്കം
2026ല്‍ മെഡിക്കല്‍ കോളേജ് തുടങ്ങണമെങ്കില്‍ സെപ്തംബറിലെങ്കിലും അപേക്ഷ നൽകണം. എന്നാല്‍, കൊല്ലത്തെ ഇഎസ്ഐ മെഡിക്കല്‍ കോളേജിനായി അപേക്ഷിച്ചത് ജനുവരി ഏഴിനാണ്. ഒമ്പതാം തീയതി ഫയലിലെ നടപടികള്‍ ആരംഭിച്ചു. ഇതുപ്രകാരം 12 ദിവസത്തിനുള്ളില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധനയും നടത്തി. പുതിയൊരു സ്ഥാപനം വരേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് അപേക്ഷ ലഭിച്ചതിന്റെ സമയം പരിഗണിക്കാതെ ഇടപ്പെട്ടത്. ഇഎസ്ഐയില്‍ നിന്ന് ഏറ്റവുമൊടുവില്‍ കത്ത് ലഭിക്കുന്നത് ഫെബ്രുവരി മൂന്നിനാണെന്നും മന്ത്രി പറഞ്ഞു.
മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട പ്ലാന്‍ ഉണ്ടെങ്കില്‍ നല്കണമെന്ന് അറിയിച്ചിരുന്നെങ്കിലും ഇഎസ്ഐ തയ്യാറായില്ല. വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാവാന്‍ പാടില്ലായെന്നതാണ് സര്‍ക്കാര്‍ നിലപാട്. കേന്ദ്ര മന്ത്രാലയത്തില്‍ നിന്ന് ഇതുവരെയും ആശുപത്രിയ്ക്ക് അനുമതി നല്കണമെന്ന കത്തൊന്നും ലഭിച്ചിട്ടില്ലെന്നും, ഇഎസ്ഐ ഡയറക്ടറുടെ അപേക്ഷ മാത്രമാണ് ലഭിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

