
കൊല്ലം മൈലക്കാട് ദേശീയ പാത നിർമ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിൻ ഗഡ്ക്കരിക്ക് കത്തയച്ചു. വിഷയത്തില്‍ കേന്ദ്രത്തിന്റെ അടിയന്തിരമായ ഇടപെടലും നടപടിയും ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ദേശീയപാത 66-ന്റെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണം എന്നും കത്തിൽ ആവശ്യപ്പെട്ടു.
ഇന്ന് വൈകുന്നേരമാണ് കൊല്ലത്ത് ദേശീയ പാത ഇടിഞ്ഞ് താഴ്ന്നത്. മൈലക്കാട് പാലത്തിന്റെ അപ്റോച്ച് റോഡിൽ ഗർത്തം രൂപം കൊണ്ടു. സർവ്വീസ് റോഡും ഇടിഞ്ഞ് താഴ്ന്നു. സ്കൂൾ ബസ് ഉൾപ്പെടെ നാലുവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പൊതുമരാമത്ത് സെക്രട്ടറിയോട് മന്ത്രി പി എ മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി. ദേശീയപാത അതോറിറ്റിയിൽ നിന്ന് വിശദീകരണം തേടിയ ശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. ക്രൈൻ എത്തിച്ച് ആണ് കുടുങ്ങിയ വാഹനങ്ങൾ പുറത്തെത്തിക്കാൻ കഴിഞ്ഞത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

