
കോട്ടയം മെഡിക്കൽ കോളജിൽ നടപ്പാക്കിയ വിവിധ വികസന പദ്ധതികൾ ഈ മാസം 16ന് മുഖ്യമന്ത്രി നാടിനു സമർപ്പിക്കും. ഉദ്ഘാടനം ചെയ്യുന്നത് 283 കോടിയുടെ 15 വികസന പദ്ധതികൾ. കണ്ണഞ്ചിപ്പിക്കുന്ന വികസന പ്രവർത്തനങ്ങളാണ് സർക്കാർ മെഡിക്കൽ കോളജിൽ നടപ്പാക്കിയതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ആധുനികരീതിയിൽ നിർമാണം പൂർത്തിയാക്കിയ സർജിക്കൽ ബ്ലോക്ക് ഉൾപ്പെടെ 283 കോടി രൂപയുടെ വികസന പദ്ധതികളാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച നാടിനു സമർപ്പിക്കുന്നത്. സർജിക്കൽ ബ്ലോക്കിനൊപ്പം മറ്റു 14 വികസനപദ്ധതികൾ കൂടി ചടങ്ങിൽ ഉദ്ഘാടനം ചെയ്യും.
7.88 കോടി രൂപ ചെലവിട്ട് സ്ഥാപിച്ച കാത്ത് ലാബ്, ആറുകോടി രൂപ ചെലവിടുന്ന പാരാമെഡിക്കൽ ഹോസ്റ്റലിന്റെ പൂർത്തിയാക്കിയ ഒന്നാംഘട്ടം, 4.28 കോടി ചെലവിട്ടു കാൻസർ ബ്ളോക്കിൽ സ്ഥാപിച്ച 32 സ്ലൈസ് സി ടി സ്‌കാനിംഗ് സംവിധാനം, 1.25 കോടി ചെലവിട്ടു നവീകരിച്ച പ്രധാന കവാടം, 1.20 കോടി രൂപ ചെലവഴിച്ച് ഗൈനക്കോജളി വിഭാഗത്തിൽ ഒരുക്കിയ മാതൃ നവജാത ശിശുപരിചരണ യൂണിറ്റ് എന്നിവയാണ് മറ്റു പ്രധാന പദ്ധതികൾ.
ALSO READ; ശബരി റെയിൽവേ പദ്ധതി: 1900 കോടി രൂപ മാറ്റിവെക്കാൻ കിഫ്ബി ബോർഡ് യോഗത്തിൽ തീരുമാനം
കിഫ്ബി പദ്ധതിയിലൂടെ 257 കോടി രൂപ ചെലവിട്ടു 33642 ചതുരശ്ര മീറ്ററിലാണ് സർജിക്കൽ ബ്ളോക്ക് സജ്ജമാക്കിയിട്ടുള്ളത്. 526 കിടക്കകൾ, 44 ഐ.സി.യു. കിടക്കകൾ, 14 ഓപ്പറേഷൻ തിയറ്ററുകൾ എന്നിവ പുതിയ ബ്ളോക്കിലുണ്ട്. കോട്ടയം പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രിക്കൊപ്പം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് എന്നിവർ പരിപാടികളെ കുറിച്ച് വിശദികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

