‘ആന്റോ ആന്റണി എംപിക്കെതിരായ വാദങ്ങളിൽ ഉറച്ചുനിൽക്കുന്നു; നോട്ടീസിനെ നിയമപരമായി നേരിടും’: കെ പി ഉദയഭാനു

KP Udayabhanu Stands by Allegations Against Anto Antony MP

കോൺഗ്രസ് എംപി ആന്റോ ആന്റണിക്കെതിരായ വാദങ്ങളിൽ ഉറച്ചുനിൽക്കുന്നതായി സിപിഐ എം പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. തനിക്കെതിരായ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് കെ പി ഉദയഭാനു വ്യക്തമാക്കി. താൻ മാപ്പ് പറയില്ലെന്നും മാപ്പ് പറയേണ്ടത് ആന്റോ ആന്റണി എംപി ആണെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി രണ്ട് മാസത്തിനകം തിരിച്ചു തരാമെന്ന ഉറപ്പിൽ രണ്ടുകോടി രൂപ ആന്റോ ആന്റണി വാങ്ങിയെന്നും എന്നാൽ ഏഴ് വർഷം കഴിഞ്ഞിട്ടും അതിൽ 20 ലക്ഷം മാത്രമാണ് തന്നതെന്നും ആരോപിച്ച് നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് ഉടമ എൻ എം രാജു കഴിഞ്ഞ ദിവസം ​മാധ്യമങ്ങളെ കണ്ടിരുന്നു. ശബരിമല സ്വർണ മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന ഫിനാൻസ് സ്ഥാപനമാണ് നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്. തന്ത്രി കണ്ഠര് രാജീവര് ഈ സ്ഥാപനത്തിൽ കോടികൾ നിക്ഷേപിച്ചെന്നും ബാങ്ക് തകർന്ന് ഇത്രയേറെ പണം കിട്ടാതായിട്ടും തന്ത്രി കേസ് കൊടുത്തില്ലെന്നും വാർത്തകള്‍ പുറത്തുവന്നിരുന്നു.

ALSO READ: കമന്റ് ബോക്സ് പൂട്ടി ആന്റോ ആന്റണി എംപിയുടെ ന്യായീകരണശ്രമം; പണി പിന്നെയും പാളി

ആന്റോ ആന്റണി എംപി രണ്ട് കോടി രൂപ എൻ എം രാജുവിന്റെ കയ്യിൽ നിന്ന് വാങ്ങിയതായി അദ്ദേഹം തന്നെ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയതാണ് എന്ന് ഉദയഭാനു ചൂണ്ടിക്കാട്ടി. സമൂഹത്തിന് മുന്നിൽ മാനത്തിന്റെ ഉടുതുണി അഴിഞ്ഞു നിൽക്കുന്ന ആന്റോ ആന്റണിക്ക് എന്ത് മാനനഷ്ട കേസാണെന്ന് കെ പി ഉദയഭാനു പരിഹസിച്ചു. വിഷയത്തിൽ ആന്റോ ആൻറണിയാണ് മറുപടി പറയേണ്ടത്.

എങ്ങനെ പണം വാങ്ങി, എന്തിന് പണം വാങ്ങി എന്നീ കാര്യങ്ങള്‍ എംപി വ്യക്തമാക്കണം. തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തന്ത്രി രണ്ടര കോടി നിക്ഷേപിച്ചു എന്ന് മാധ്യമ വാർത്ത വന്നിരുന്നു. മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ടാണ് താൻ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആന്റോ ആൻറണി എംപി രണ്ടുകോടി രൂപ പിൻവലിച്ചു എന്നത് വളരെ വ്യക്തമാണ്. ഇക്കാര്യം എൻ എം രാജു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം അന്വേഷിച്ച് കണ്ടെത്തട്ടെ. ഇ ഡിയുടെ കയ്യിൽ എല്ലാ രേഖകളും ഉണ്ട്. ഇഡി പരിശോധിക്കട്ടെ. തനിക്കെതിരായ നോട്ടീസിനെ നിയമപരമായി നേരിടുമെന്നും കെ പി ഉദയഭാനു വ്യക്തമാക്കി.

മാപ്പ് പറയേണ്ടത് താനല്ല, മറിച്ച് ആന്റോ ആന്റണി എംപിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക ക്രമക്കേടുകളുടെ പട്ടിക കൂടി ഇനി വരുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News