സാധാരണക്കാരുടെ ക്ഷേമത്തിന് മുൻഗണനയേകുന്ന ബജറ്റ്: കെഎസ്കെടിയു

ksktu + kerala budget 2026

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കി കർഷക തൊഴിലാളികളടക്കമുള്ള സാധാരണക്കാരുടെ ക്ഷേമത്തിന് ഊന്നൽ നൽകുന്നതാണ് സംസ്ഥാന ബജറ്റെന്ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനാവൂർ നാഗപ്പനും ജനറൽ സെക്രട്ടറി എൻ ചന്ദ്രനും പ്രസ്താവനയിൽ പറഞ്ഞു.

62 ലക്ഷത്തോളം വരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് 2026-27 വർഷത്തെ ക്ഷേമപെൻഷൻ വിതരണം സുഗമമായി വിതരണം ചെയ്യാൻ 14,500 കോടി രൂപ ബജറ്റിൽ വകയിരുത്തിയത് മാതൃകാപരമായ കാര്യമാണ്. കർഷക തൊഴിലാളികൾക്ക് പ്രത്യേക കരുതലേകുന്ന ഇടതുപക്ഷ ബോധ്യം ഈ ബജറ്റിലും തുടിച്ചുനിൽക്കുന്നുണ്ടെന്നും കെഎസ്കെടിയു പ്രസ്താവനയിൽ പറഞ്ഞു.

ALSO READ; ലോക കേരള സഭ ലോകത്തിന് തന്നെ മാതൃക; പ്രവാസികളെ നാടിനോട് ചേർക്കുന്ന സമാനതകളില്ലാത്ത വേദി: മുഖ്യമന്ത്രി പിണറായി വിജയൻ

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിനായുള്ള പദ്ധതി വിഹിതമായി 100 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കർഷക തൊഴിലാളികൾക്കുള്ള അതിവർഷാനുകൂല്യങ്ങളും മറ്റും ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. മറ്റ് സാമൂഹിക ക്ഷേമ പദ്ധതികളുടെ പരിധിയിൽ വരാത്ത 35 മുതൽ 60 വയസ്സ് വരെയുള്ള സ്ത്രീകൾക്കായുള്ള ‘മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി’യ്ക്കായി 3,720 കോടി രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. പ്രതിമാസം 1,000 രൂപ പാവപ്പെട്ട സ്ത്രീകൾക്ക് ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കും.

മാത്രമല്ല, ആശാവർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും പ്രതിമാസ വേതനത്തിൽ 1,000 രൂപയുടെ വർധനവ് വരുത്തി. പട്ടികജാതി വികസനത്തിനായി 3,507 കോടി രൂപയും പട്ടികവർഗ ക്ഷേമത്തിനായി 1,012 കോടി രൂപയും മാറ്റിവെച്ചു. ഭവനരഹിതർക്ക് വീട് ഉറപ്പാക്കാൻ ലൈഫ് മിഷൻ പദ്ധതിയ്ക്ക് 1,497 കോടി രൂപ വകയിരുത്തി. അതിദാരിദ്ര്യ നിർമ്മാർജ്ജനം ഊർജ്ജിതമായി മുന്നോട്ടു കൊണ്ടുപോകുമെന്നും ബജറ്റ് പ്രഖ്യാപിക്കുന്നുണ്ട്. ഇതുപോലുള്ള നിരവധി പ്രഖ്യാപനങ്ങളിലൂടെ സാധാരണക്കാർക്കാണ് പ്രധാനമായും കരുതൽ ലഭിക്കുന്നതെന്നും പ്രസ്താവനയിൽ സംഘടന ചൂണ്ടിക്കാട്ടി.

ALSO READ; കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന മാതൃകയ്ക്ക് ദേശീയ അംഗീകാരം; വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന നേട്ടമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്

കെ എസ് കെ ടി യുവിന്റെ സ്ഥാപക നേതാവും മുൻമുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ ഐതിഹാസികമായ പോരാട്ടങ്ങളും ജീവിതവും അടയാളപ്പെടുത്താൻ പറ്റുന്ന ഒരു കേന്ദ്രം വി എസ് സെന്റർ എന്ന പേരിൽ തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിനായി 20 കോടി രൂപ വകയിരുത്തിയതും അഭിനന്ദനാർഹമായ കാര്യമാണ്.

ഒരു കോടി മനുഷ്യരിലേക്ക് എത്തുന്ന സാമൂഹ്യ സുരക്ഷ ധനസഹായങ്ങളും അഞ്ചുലക്ഷം പേർക്ക് കിടപ്പാടവും ഒരു കോടിയിലേറെയാളുകൾക്ക് സൗജന്യ ചികിത്സയും അതിദാരിദ്ര്യത്തിൽ നിന്നുള്ള മോചനവും കടക്കെണിയിൽ വീണുപോയവരുടെ കിടപ്പാടം സംരക്ഷിക്കാനുള്ള നടപടികളും സർക്കാർ പള്ളിക്കൂടങ്ങളും സർക്കാർ ആശുപത്രികളും മെച്ചപ്പെടുത്തലുമൊക്കെയാണ് സർക്കാരിന്റെ ഉത്തരവാദിത്തമെന്നത് ജനപക്ഷ ബജറ്റിലൂടെ പ്രഖ്യാപിക്കുകയാണ് ഇടത് സർക്കാർ ചെയ്തതെന്നും കെഎസ്കെടിയു വ്യക്തമാക്കി.

ബജറ്റ് നിർദേശങ്ങൾ നടപ്പിലാക്കാൻ ഇച്ഛാശക്തിയുള്ളവരാണ് ഇടതുപക്ഷമെന്ന് കഴിഞ്ഞ ഒമ്പതര വർഷത്തെ ഭരണത്തിലൂടെ പിണറായി വിജയൻ സർക്കാർ തെളിയിച്ചുകഴിഞ്ഞതാണ്. ഈ സർക്കാരിന് തുടർച്ചയേകിയാൽ മാത്രമേ ഇത്തരത്തിലുള്ള ജനപക്ഷബജറ്റുകൾ യാഥാർത്ഥ്യബോധത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കാൻ സാധിക്കുകയുള്ളു. എല്ലാ വിഭാഗം ജനങ്ങളേയും പരിഗണിക്കുന്ന ജനപക്ഷ ബജറ്റ് അവതരിപ്പിച്ച പിണറായി വിജയൻ സർക്കാരിനേയും ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലിനേയും അഭിവാദ്യം ചെയ്യുന്നതായി കെ എസ് കെ ടി യു ഭാരവാഹികൾ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News