
മുസ്ലിം ലീഗ് മഹാരഥന്മാരുടെ പാതയിൽ നിന്ന് മാറിയെന്ന് കെ ടി ജലീൽ എംഎൽഎ. ജീവിതത്തിൽ സൂക്ഷ്മത പുലർത്തിയ നേതാക്കളുടെ പാർട്ടിയിൽ നിന്നും മയക്കുമരുന്ന് കച്ചവടത്തിന്‍റെയും സാമ്പത്തിക തട്ടിപ്പിന്‍റെയും ആളുകളായി അവർ മാറിയെന്ന് അദ്ദേഹം ആഞ്ഞടിച്ചു. പികെ ബുജൈർ കാലങ്ങളായി മയക്കുമരുന്നിന് അടിമയാണെന്നു സമ്മതിച്ചിട്ടുണ്ട്. മുസ്ലിം ലീഗ് വലിയ കാംപയിൻ നടത്തിയപ്പോഴെങ്കിലും എക്സൈസിനെ വിവരം അറിയിക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ദീനും ഖുർആനും പറയുന്നവർ ഇത് മറച്ചുവെച്ചതെന്തിനെന്ന് ചോദിച്ച അദ്ദേഹം മുസ്ലിം ലീഗും പി കെ ഫിറോസും മറുപടി പറയണമെന്നും അവശ്യപ്പെട്ടു.
കേരളത്തിലേക്ക് മയക്കുമരുന്ന് എത്തുന്നതിന്‍റെ ഉറവിടം പി കെ ഫിറോസിന്‍റെ വീട് തന്നെയാണെന്ന് വിമർശിച്ച കെടി ജലീൽ പ്രാദേശിക നേതാക്കൾ കഞ്ചാവുമായി പിടിയിലാകുന്നതായും പറഞ്ഞു. കേരളത്തിൽ മറ്റൊരു പാർട്ടിയിലും ഇങ്ങനെയില്ല. ആത്മീയ നേതാവ് കൂടിയായ സാദിഖലി തങ്ങൾ ഇത് പരിശോധിക്കണം.
മുസ്ലിം ലീഗ് നേതൃത്വം മറുപടി പറയണം.
സാമ്പത്തിക തട്ടിപ്പും പതിവായിരിക്കുകയാണ്. ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കുന്ന കേന്ദ്രമാക്കി. കോൺഗ്രസ് പോലും ചെയ്യാത്ത കാര്യങ്ങളാണ് ലീഗ് ചെയ്യുന്നത്. ഹൈദരലി തങ്ങളെ ഇ ഡിയുടെ മുമ്പിലേക്ക് ഇട്ടു കൊടുത്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് തട്ടിപ്പിന്‍റെ കേന്ദ്രമായി മാറ്റി. മുസ്ലിം ലീഗിന്‍റെ നേതൃത്വം അറിഞ്ഞു കൊണ്ടാണ് തട്ടിപ്പെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എടക്കര ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തി. എന്നാൽ ലീഗ് നടപടി എടുത്തില്ല. സാമ്പത്തിക തട്ടിപ്പിന് വെള്ളവും വളവും നൽകി പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

