
മുസ്ലിം യൂത്ത് ലീഗിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് സാമ്പത്തിക തിരിമറികളെ ചോദ്യം ചെയ്തതിനാലാണെന്ന് കെടി ജലീൽ എംഎൽഎ. ഗുജറാത്ത് കലാപത്തിനുശേഷം ദുരിതബാധിതർക്കായി മുസ്ലിം ലീഗ് കോടിക്കണക്കിന് രൂപ പിരിച്ചെടുത്തെങ്കിലും, രണ്ട് വർഷം കഴിഞ്ഞിട്ടും ആ പണം ഉപയോഗിച്ച് ഒരു വീട് പോലും നിർമ്മിച്ചു നൽകിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് പാർട്ടിയുടെ സംസ്ഥാന പ്രവർത്തക സമിതിയിൽ ചോദ്യം ചെയ്തു. ഒരു നേതാവ് പോലും മറുപടി പറഞ്ഞില്ല.
ഇത്തരത്തിൽ സാമ്പത്തിക തിരിമറികളെ പരസ്യമായി ചോദ്യം ചെയ്തതോടെ തന്നെ പുറത്താക്കുകയായിരുന്നു. ഇതേ കാലയളവിൽ സിപിഐഎം പിരിച്ച പണം കൊണ്ട് ഗുജറാത്ത് ദുരിതബാധിതർക്ക് 50 ഫ്ലാറ്റുകൾ നിർമ്മിച്ച് നൽകിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗുജറാത്ത് ഫണ്ടിന് പുറമെ, സുനാമി ഫണ്ടിലെയും കരിമണൽ ഖനനത്തിലെയും ക്രമക്കേടുകളെക്കുറിച്ചും താൻ ചോദ്യങ്ങൾ ഉന്നയിച്ചതായി അദ്ദേഹം പറഞ്ഞു. സുനാമി ദുരിതാശ്വാസത്തിനായി വലിയ തോതിൽ പണം പിരിച്ചെങ്കിലും, അവസാനം വെറും അഞ്ച് ലക്ഷം രൂപ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. പിരിച്ച പണം അനാഥർക്കും അശരണർക്കും വേണ്ടി ചെലവഴിക്കാൻ സാധിക്കുന്നില്ലെങ്കിൽ, അത്തരം പിരിവുകൾ നടത്തരുതെന്ന് താൻ അന്ന് ലീഗ് പാർട്ടി കമ്മിറ്റിയിൽ ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.
വ്യക്തിപരമായ കാരണങ്ങളാലോ, അഴിമതി ആരോപണങ്ങളാലോ, സ്ഥാനങ്ങൾ ലഭിക്കാത്തതിനാലോ അല്ല തന്നെ പുറത്താക്കിയത്, മറിച്ച് പാർട്ടിയുടെ സാമ്പത്തിക ഇടപാടുകളെയും ഫണ്ട് വിനിയോഗത്തെയും ചോദ്യം ചെയ്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. കണക്ക് ചോദിക്കുന്നവരെ പാർട്ടിക്ക് ആവശ്യമില്ല എന്ന നിലപാടിന്റെ ഭാഗമായിരുന്നു ഈ പുറത്താക്കലെന്നും അദ്ദേഹം വിമർശിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

