
ശബരിമല സന്ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമുവിന്‍റെ ഹെലികോപ്റ്ററിന്‍റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു എന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതെന്ന് കോന്നി എം എൽ എ കെ യു ജനീഷ് കുമാർ. രാഷ്ട്രപതിയുടെ ഹെലികോപ്റ്ററിന്‍റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നു എന്ന വാർത്ത വസ്തുതാ വിരുദ്ധമാണ്. ഹെലികോപ്റ്ററിന്റെ വീൽ താഴ്ന്നു പോയിട്ടില്ല. ‘H’ മാർക്ക് ചെയ്ത സ്ഥലത്തല്ല ലാൻഡ് ചെയ്തത്. അല്പം മാറിപ്പോയതാണ്. പൈലറ്റ് ആവശ്യപ്പെട്ടിട്ടാണ് മധ്യഭാഗത്തേക്ക് നീക്കി ഇട്ടതെന്നും എംഎൽഎ വ്യക്തമാക്കി.
എൻ എസ് ജി അടക്കം പരിശോധിച്ച സ്ഥലമാണ്. ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. രാഷ്ട്രപതിയുടെ സുരക്ഷാ വിഭാഗമാണ് എല്ലാ കാര്യങ്ങളും നിർദ്ദേശിക്കുന്നത്. അതിനനുസരിച്ചാണ് ക്രമീകരണങ്ങൾ ചെയ്യുന്നത്. യുദ്ധകാലാടിസ്ഥാനത്തിലാണ് കോന്നിയിൽ ക്രമീകരണങ്ങൾ ചെയ്തത് എന്നും കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. കാലാവസ്ഥ മോശമായതിനാലാണ് നിലയ്ക്കലെ ലാന്‍ഡിംഗ് മാറ്റി പ്രമാടത്തെ സ്റ്റേഡിയത്തിലാക്കിയത്.
ALSO READ; മഴ തോരാതെ; വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ
അതേസമയം, ഇരുമുടി കെട്ടുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തി. പമ്പ ഗണപതി കോവിലിൽ നിന്ന് ഇരുമുടി കെട്ട് നിറച്ചാണ് സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. പതിനെട്ടാം പടി ചവിട്ടി സന്നിധാനത്തെത്തി അയ്യപ്പ ദർശനം നടത്തിയ ശേഷം ദേവസ്വം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. കനത്ത സുരക്ഷയിലായിരുന്നു സന്ദർശനം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

