
ലേബർ കോഡ് പരിഷ്കാരങ്ങൾക്കെതിരെ കേരളത്തിന്റെ ബദൽ നയം രൂപീകരിക്കുന്ന ‘ലേബർ കോൺക്ലേവ് 2025’ ന് ഇന്ന് തുടക്കമാകും. തിരുവനന്തപുരത്ത് നടക്കുന്ന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും. ലേബർ കോഡുകൾക്കെതിരെ കേരളം ഉയർത്തുന്ന ഈ ബദൽ നയം രാജ്യത്തിന് തന്നെ മാതൃകയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് നിലനിന്നിരുന്ന 29 തൊഴിൽ നിയമങ്ങളെ നാല് കോഡുകളാക്കി ചുരുക്കിയ കേന്ദ്ര നടപടി തൊഴിലാളി വിരുദ്ധവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേരളം ഇത്തരമൊരു നീക്കം നടത്തുന്നത്. സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളെ ഹനിക്കുന്ന ഈ നീക്കത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്നിട്ടും കേന്ദ്ര സർക്കാർ മുഖം തിരിക്കുന്ന സാഹചര്യത്തിലാണ് കേരളം മാതൃകാപരമായ ഈ പ്രതിരോധത്തിന് തുടക്കമിടുന്നത്. രണ്ട് സുപ്രധാന ടെക്‌നിക്കൽ സെഷനുകളാണ് കോൺക്ലേവിന്റെ ഭാഗമായി നടക്കുന്നത്. സുപ്രീം കോടതി മുൻ ജഡ്ജിമാർ, അഡ്വക്കറ്റ് ജനറൽ, ദേശീയ-സംസ്ഥാന ട്രേഡ് യൂണിയൻ നേതാക്കൾ, നിയമവിദഗ്ധർ, അക്കാദമിക് പണ്ഡിതർ എന്നിവർ ചർച്ചകളിൽ പങ്കുചേരും. കോൺക്ലേവിന്റെ സമാപനത്തിൽ സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനുള്ള ഔദ്യോഗിക നയപ്രഖ്യാപനം നടക്കും. ലേബർ കോഡുകൾക്കെതിരെ കേരളം ഉയർത്തുന്ന ഈ ബദൽ നയം രാജ്യത്തിന് തന്നെ മാതൃകയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നയപ്രഖ്യാപനത്തിലെ ആവശ്യങ്ങൾ അടങ്ങിയ നിവേദനവുമായി വിവിധ കേന്ദ്ര തൊഴിലാളി യൂണിയൻ പ്രതിനിധികൾക്കൊപ്പം സംസ്ഥാന സർക്കാർ പ്രതിനിധികൾ കേന്ദ്ര തൊഴിൽ മന്ത്രിയെ നേരിൽ കണ്ട് പ്രതിഷേധവും ആവശ്യങ്ങളും അറിയിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

