‘ഇത് തൊ‍ഴിലന്വേഷകരെ ചേർത്തുപിടിക്കുന്ന സർക്കാർ; യുവാക്കളെ തൊഴില്‍ദാതാക്കളും സംരംഭകരുമാക്കി, PSC നിയമനത്തിലും കേരളം മുന്നിൽ’: മുഖ്യമന്ത്രി

Pinarayi Vijayan Easter wishes

വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള നമ്മുടെ സംസ്ഥാനത്തിന്റെ പരിവര്‍ത്തനത്തില്‍ വലിയ പ്രാധാന്യമാണ് വിജ്ഞാന കേരളം പരിപാടിക്കുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ യുവതീ-യുവാക്കളിൽ നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്നവർക്കും പ്രതിമാസം 1,000 രൂപ സാമ്പത്തിക സഹായം നൽകുന്ന മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

35 ലക്ഷത്തോളം വരുന്ന അഭ്യസ്തവിദ്യര്‍ക്ക് നൈപുണ്യപരിശീലനം നല്‍കി, അവരില്‍ നിന്ന് ചുരുങ്ങിയത് 20 ലക്ഷം പേര്‍ക്കെങ്കിലും നൂതന തൊഴിലുകള്‍ ലഭ്യമാക്കുക എന്നതാണ് നോളജ് എക്കോണമി മിഷന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം പദ്ധതികളിലേക്ക് കൂടുതല്‍ അന്വേഷകരെ ആകര്‍ഷിച്ചെത്തിക്കുവാന്‍ ഉതകുന്നതാവും ‘കണക്ട് ടു വർക്ക്’പദ്ധതിയും. സംസ്ഥാനത്താകെ എം എസ് എം ഇകളെ പ്രോത്സാഹിപ്പിക്കുന്നതും സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നതും എല്ലാം അതിന്റെ ഭാഗമായാണ്.

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് ഇതിനോടകം സംസ്ഥാന സര്‍ക്കാര്‍ പെര്‍മിറ്റ് അനുവദിച്ചിട്ടുണ്ട്. എം എസ് എം ഇകളുടെ കാര്യമെടുത്താല്‍ വിപ്ലവകരമായ മാറ്റങ്ങളാണു കേരളത്തില്‍ ആ രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംരംഭകവര്‍ഷം പദ്ധതിയുടെ ഭാഗമായി 3,87,999 സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും 26,000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതിനും 3.75 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. സൂക്ഷ്മ – ഇടത്തരം വ്യവസായങ്ങളുടെ മേഖലയില്‍ മാത്രം 3 ലക്ഷത്തോളം സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുവഴി 16,000 കോടി രൂപയുടെ നിക്ഷേപവും 5 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

ALSO READ: ‘ഫയൽ അട്ടിയായി കൂട്ടിയിട്ടിരുന്ന ആ പഴയ കാലത്തുനിന്ന് ഇവർക്കൊന്നും ബസ് കിട്ടിയില്ലെന്ന് തോന്നുന്നു’; 9 ലക്ഷം അപേക്ഷകൾ ഒരു മണിക്കൂറിൽ പരിഹരിച്ചെന്ന വാർത്തയെ ട്രോളിയ വലത് ഹാൻഡിലുകൾക്ക് മന്ത്രിയുടെ കിടിലൻ മറുപടി

ഇന്ന് നാട്ടില്‍ നിലനില്‍ക്കുന്ന ഇത്തരം സാധ്യതകള്‍ നമ്മുടെ ചെറുപ്പക്കാര്‍ക്ക് കൂടുതലായി പ്രയോജനപ്പെടണം. അതിനായി യുവാക്കള്‍ക്കിടയിലെ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും അവര്‍ക്കു നൈപുണ്യ പരിശീലനം നല്‍കുകയും ചെയ്യേണ്ടതുണ്ട്. അതിനുതകുന്നതാണ് കണക്ട് ടു വര്‍ക്ക് പ്രോഗ്രാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ യുവാക്കളെ തൊഴില്‍ അന്വേഷകര്‍ എന്നതിലുപരി തൊഴില്‍ ദാതാക്കളും സംരംഭകരുമാക്കി മാറ്റാനുള്ള നടപടികളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് പറഞ്ഞ അദ്ദേഹം പുത്തനാശയങ്ങള്‍ ഭൂരിഭാഗവും മുന്നോട്ടുവെക്കുന്നത് നമ്മുടെ യുവജനങ്ങളാണെന്നും പറഞ്ഞു. എന്നാല്‍, ആശയങ്ങളെ ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്നതില്‍ അവര്‍ക്ക് ചില പരിമിതികളുണ്ടാകും. വ്യവസായം ആരംഭിക്കുന്നതിനുള്ള മൂലധനം കണ്ടെത്തുന്നതാകും അതില്‍ പ്രധാനപ്പെട്ടത്.

ആ പരിമിതിയെ മറികടന്നുകൊണ്ട് ആശയങ്ങളെ ഉല്‍പ്പന്നങ്ങളാക്കി പരിവര്‍ത്തിപ്പിക്കാന്‍ യുവാക്കള്‍ക്കു പിന്തുണ നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് നയമാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. 2016 ല്‍ സംസ്ഥാനത്ത് 300 സ്റ്റാര്‍ട്ടപ്പുകളാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്നവയുടെ എണ്ണം 7,500 കടന്നിരിക്കുന്നു. വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിങിലൂടെ കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ 5,500 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കാനും 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. ഈ സ്റ്റാര്‍ട്ടപ്പ് നയത്തിന്റെ ഗുണഫലങ്ങള്‍ യുവജനങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്തുന്നു എന്നുറപ്പുവരുത്താന്‍ നമ്മുടെ കുട്ടികളെ പ്രാപ്തരാക്കുന്നത് കൂടിയാകും ഈ പദ്ധതി.

ALSO READ: യുവതയുടെ അക്കൗണ്ടുകളിലേക്ക് ഇനി മാസംതോറും 1,000 രൂപ; മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’പദ്ധതിയ്ക്ക് തുടക്കം

ഇത്തരം ഇടപെടലുകള്‍ക്ക് പുറമെയാണ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന മാത്രം കഴിഞ്ഞ ഒരു ദശാബ്ദത്തോളം കാലം കൊണ്ട് മൂന്നു ലക്ഷത്തി ആറായിരത്തിലധികം നിയമനങ്ങള്‍ നടത്തിയത്. രാജ്യത്ത് നടക്കുന്ന ആകെ പി എസ് സി നിയമനങ്ങള്‍ എടുത്താല്‍ അതില്‍ അറുപതു ശതമാനവും രാജ്യത്തെ ആകെ ജനസംഖ്യയുടെ 2.5 ശതമാനം മാത്രമുള്ള കേരളത്തിലാണ് നടക്കുന്നത്. അതാകട്ടെ സര്‍ക്കാര്‍ മേഖലയില്‍ മാത്രം നടക്കുന്ന നിയമനങ്ങളാണ്. അതിലുണ്ട് തൊഴിലന്വേഷിക്കുന്നവരോട് ഈ സര്‍ക്കാരിനുള്ള സമീപനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News