
കേരളത്തിന്‍റെ ഊർജ്ജ മേഖലയിൽ കഴിഞ്ഞ മൂന്നര പതിറ്റാണ്ടുകളായി നടന്ന വികസന പ്രവർത്തനങ്ങളുടെ കൃത്യമായ കണക്കുകൾ പങ്കുവെച്ച് വൈദ്യുതിമന്ത്രി കെ കൃഷ്ണൻ കുട്ടി. 1991 മുതൽ 2026 മാറി മാറി വന്ന യുഡിഎഫ് – എൽഡിഎഫ് സർക്കാരുകളുടെ കാലത്ത് ഉൽപാദന ശേഷിയിൽ ഉണ്ടായ വർധനവിന്റെ കണക്കാണ് മന്ത്രി ഫേസ്‌ബുക്കിലൂടെ പുറത്ത് വിട്ടത്. എൽഡിഎഫ് സർക്കാരുകൾ ഉൽപാദന മേഖലയിൽ വലിയ മുന്നേറ്റമാണ് അവരുടെ ഭരണകാലത്ത് നടത്തിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു
യുഡിഎഫ് സർക്കാരുകളുടെ കാലത്തെ മാറ്റങ്ങൾ:
1991 മുതൽ 1996 വരെയുള്ള യുഡിഎഫ് സർക്കാരിന്റെ കാലത്ത് ജി കാർത്തികേയൻ, സി വി പത്മരാജൻ എന്നിവർ വൈദ്യുതി മന്ത്രിമാരായിരുന്നപ്പോൾ വെറും 17.5 MW വൈദ്യുതിയാണ് ഉൽപാദന ശേഷിയിൽ വർദ്ധിപ്പിച്ചത്. തുടർന്ന് 2001-2006 കാലഘട്ടത്തിൽ കടവൂർ ശിവദാസൻ, ആര്യാടൻ മുഹമ്മദ്, കെ മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ 27.5 MW ഉം, 2011-2016 കാലയളവിൽ ആര്യാടൻ മുഹമ്മദ് മന്ത്രിയായിരിക്കെ 29.25 MW ശേഷിയുമാണ് സംസ്ഥാനത്ത് അധികമായി വർദ്ധിപ്പിക്കാൻ സാധിച്ചത്.

എൽഡിഎഫ് സർക്കാരുകളുടെ കാലത്തെ കുതിച്ചുചാട്ടം:
മറുഭാഗത്ത്, എൽഡിഎഫ് സർക്കാരുകൾ ഉൽപാദന മേഖലയിൽ വലിയ മുന്നേറ്റമാണ് നടത്തിയത്. 1996-2001 കാലയളവിൽ പിണറായി വിജയനും എസ്. ശർമ്മയും വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തപ്പോൾ 1087 MW എന്ന വലിയൊരു വർദ്ധനവ് കൈവരിക്കാൻ സാധിച്ചു. 2006-2011 കാലത്ത് എ.കെ. ബാലന്റെ നേതൃത്വത്തിൽ 209 MW പുതിയ ഉൽപാദനത്തിന് പുറമെ ഊർജ്ജ സംരക്ഷണത്തിലൂടെ 243 MW കൂടി നേടിയെടുത്തു.

അഭൂതപൂർവ്വമായ വികസനവുമായി കഴിഞ്ഞ പത്തു വർഷം:
2016 മുതൽ 2026 വരെയുള്ള കാലയളവിൽ കടകംപള്ളി സുരേന്ദ്രൻ, എംഎം മണി, കെ. കൃഷ്ണൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വികസനത്തിനാണ് സാക്ഷ്യം വഹിച്ചത്. റെക്കോർഡ് വേഗതയിൽ 2092.16 MW വൈദ്യുതിയാണ് ഈ കാലയളവിൽ അധികമായി ഉൽപാദന ശേഷിയിൽ കൂട്ടിചേർത്തത്.
ഇത് വെറും അക്കങ്ങളല്ല, വികസന വിരോധികളുടെ കുപ്രചരണങ്ങൾക്കുള്ള കൃത്യമായ മറുപടിയാണെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി കുറിച്ചു. പ്രകടനപത്രികയിലെ ഉറപ്പുകൾ പാലിച്ചുകൊണ്ട് കേരളത്തെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കുന്ന എൽഡിഎഫ് ഉയര്‍ത്തുന്ന യഥാർത്ഥ വികസന മാതൃകയാണിതെന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


