
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ ഡി എഫ് പ്രകടനപത്രിക പ്രകാശനം ചെയ്തു. സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററും എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണനും ചേർന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്. എ കെ ജി സെന്ററിൽ നടന്ന ചടങ്ങിലാണ് പ്രകാശനം ചെയ്തത്.
വിവിധ മേഖലകൾക്ക് തുല്യപ്രാധാന്യം നൽകുന്നതാണ് എൽഡിഎഫ് പ്രകടനപത്രിക. കേവല ദാരിദ്ര്യ വിമുക്ത കേരളത്തിന് പ്രകടനപത്രികയിൽ പ്രഥമ പരിഗണന. എല്ലാവർക്കും വീട്, ഭക്ഷണം, ചികിത്സ, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉറപ്പാക്കുമെന്ന് പ്രകടനപത്രിക. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിന് പ്രത്യേക പരിഗണന. അതി ദാരിദ്ര്യത്തിൽ നിന്നും സംസ്ഥാനം കരകയറി. ഇവർക്ക് മുകളിലായി നിലനിന്ന കേവല ദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തി മൈക്രോ പ്ലാനുകൾ വഴി ദാരിദ്ര്യമുക്തരാക്കാൻ പ്രത്യേക പദ്ധതിയാണ് പ്രകടനപത്രിക ഉറപ്പാക്കുന്നത്. കേവല ദാരിദ്ര്യം കേരളത്തിൽ നിന്നും നിർമാർജനം ചെയ്യുകയാണ് ലക്ഷ്യം.
ALSO READ: ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ; ബിജെപി നേതാക്കളുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ്
ലൈഫ് ഭവനപദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെടാത്ത ഭവന രഹിതർ ഉണ്ടെങ്കിൽ അർഹതപ്പെട്ടവർക്ക് അടുത്ത അഞ്ചുവർഷത്തിനുള്ളിൽ വീട് നൽകും. കേരളത്തെ സമ്പൂർണ്ണ പോഷകാഹാര സംസ്ഥാനമാക്കി മാറ്റും. ജനകീയ ഹോട്ടലുകൾ വിപുലപ്പെടുത്തിയും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തിയും എല്ലാവർക്കും ഭക്ഷണം ഉറപ്പാക്കും. പൊതു ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ ഇനിയും വർദ്ധിപ്പിക്കും. വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനുള്ള കൂടുതൽ നടപടികൾക്ക് ഊന്നൽ നൽകും. ഒപ്പം തന്നെ ദേശീയ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ കേരളത്തെ ഒന്നാം സ്ഥാനത്തേക്ക് ഉയർത്തുമെന്നും പ്രകടന പത്രിക പറയുന്നു. തെരുവുനായ ശല്യം നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ഓരോ തദ്ദേശ സ്ഥാപനത്തിലും തെരുവ് നായ്ക്കളെ കൂട്ടായി പാർപ്പിക്കുന്നത് ആവശ്യമായ സങ്കേതങ്ങൾ സൃഷ്ടിക്കും. എല്ലാവർക്കും തൊഴിൽ ഉറപ്പാക്കുന്നതിന്റെ ആദ്യപടിയായി 20 ലക്ഷം സ്ത്രീകൾക്ക് അടുത്ത അഞ്ചുവർഷം കൊണ്ട് തൊഴിൽ നൽകുമെന്ന് പ്രകടനപത്രിക ഉറപ്പുനൽകുന്നു. വയോജന സൗഹൃദ കേരളത്തിൻറെ ഭാഗമായി വിവിധ വകുപ്പുകളിലെ വയോജന സ്കീമുകളെ പ്രാദേശികമായി യോജിപ്പിച്ച് സമഗ്ര പദ്ധതിയായി നടപ്പാക്കും. പട്ടികജാതി പട്ടികവർഗ്ഗ വികസനത്തിനും ഭിന്നശേഷിക്കാർക്ക് വേണ്ടി പ്രത്യേക പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും പ്രകടനപത്രിക പ്രാധാന്യം നൽകുന്നു.
ALSO READ: ശബരിമല സ്വർണ്ണ മോഷണ കേസ് ; ഇ ഡി യുടെ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചീഫ് ജസ്റ്റിസിന് വിട്ടു
തീരദേശ വികസനത്തിന്റെ ഭാഗമായി തീരത്തിന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന താല്പര്യമുള്ള മുഴുവൻ പേർക്കും പുനർഗേഹം പദ്ധതിയിൽ പുനരധിവാസം ഉറപ്പാക്കും. സമ്പൂർണ്ണ ശുചിത്വം ഉറപ്പാക്കുന്നതിന്റെ തുടർപ്രവർത്തനങ്ങളായി മെഡിക്കൽ മാലിന്യ സംസ്കരണം, ജൈവമാലിന്യം ശാസ്ത്രീയ കമ്പോസ്റ്റിംഗ്, കാർഷിക മാലിന്യങ്ങൾ മൂല്യ വർധിത ഉൽപ്പന്നങ്ങളാക്കൽ, നിർമ്മിതി മാലിന്യങ്ങൾ ശേഖരിക്കൽ, അജൈവ മാലിന്യ ചംക്രമണം, കക്കൂസ് മാലിന്യ സംസ്കരണം എന്നിവ ലക്ഷ്യം കൈവരിക്കും. എല്ലാവർക്കും കുടിവെള്ളവും പ്രാദേശിക റോഡുകളുടെ നവീകരണവും പ്രകടനപത്രിക ഉറപ്പാക്കുന്നു. പ്രാദേശിക സാമ്പത്തിക വികസനം, കാർഷിക വികസനം, ചെറുകിട സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ എന്നിവയ്ക്കും പ്രകടനപത്രിക പ്രത്യേക പ്രാധാന്യം നൽകുന്നു. ടൂറിസം, കായികം, സാംസ്കാരിക പ്രവർത്തനങ്ങൾ, ജെൻഡർ ബജറ്റിംഗ് ശക്തിപ്പെടുത്തൽ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ, കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള പ്രാദേശിക പദ്ധതികൾ എന്നിവയും പ്രകടനപത്രികയുടെ ഭാഗമാണ്. തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ ധനസഹായം ലഭ്യമാക്കി ഭരണസംവിധാനം മികവുറ്റതാക്കും. നവ കേരള കാഴ്ചപ്പാടിതനുസൃതമായി അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നതിനുള്ള കാഴ്ചപ്പാടാണ് പ്രകടനപത്രിയിലൂടെ എൽഡിഎഫ് മുന്നോട്ടുവയ്ക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

