
ആകാശ് മധു
ഈ നാട്ടിൽ ആരും ഒരു കൂരയില്ലാതെ കരയില്ല, 2016 ൽ കേരളത്തിൽ ഇടതുപക്ഷ സർക്കാർ അധിരകാരത്തിലെത്തിയപ്പോൾ തീരുമാനിച്ച കാര്യമാണ്. തല ചായ്ക്കാൻ ഒരിടമില്ലാത്തവരെ ഏത് കാറ്റിലും കോളിലും സംരക്ഷിക്കുമെന്ന് ഇടത് സർക്കാർ ഉറുപ്പ് നൽകി, തല ചായ്ക്കാൻ ഉറപ്പുള്ള ഒരു വീട് നൽകുമെന്ന് ഉറപ്പ് നൽകി. പിന്നീട് പത്ത് വർഷങ്ങൾക്കിപ്പുറം കേരളം അഭിമാനകരമായ ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ്. ഭവനരഹിതരായവർക്ക് അഞ്ച് ലക്ഷം വീടുകൾ. കേരളത്തിലെ ഇടതുപക്ഷ സർക്കാരിൻ്റെ തണലിൽ അഞ്ച് ലക്ഷം കുടുംബങ്ങൾക്ക് പുതിയ മേൽവിലാസം ഉണ്ടായി. ഒന്നിനേയും ഭയക്കാതെ അന്തിയുറങ്ങാൻ ഒരു ഇടമുണ്ടായി. ലൈഫിലൂടെ ഒരുപാട് ലൈഫുകൾ സെറ്റായി. മികച്ച സൗകര്യങ്ങളോടെ സ്വപ്ന തുല്യമായ അഞ്ച് ലക്ഷം വീടുകളാണ് ഈ കേരളത്തിൽ ഉടനീളം ഉയർന്നത്.
തങ്ങൾ അധികാരത്തിലെത്തിയാൽ ലൈഫ് മിഷനടക്കം നാല് മിഷനുകൾ പിരിച്ച് വിടും എന്ന് പറഞ്ഞത് യുഡിഎഫാണ്. സാധാരണക്കാരൻ്റെ കണ്ണീരൊപ്പാൻ ഒരു തരത്തിലുള്ള ഇടപെടലുകൾ നടത്തോനോ ജനങ്ങളോടൊപ്പം നിൽക്കാനോ കോൺഗ്രസിനോ യുഡിഎഫി നോ കഴിയില്ല. എപ്പോഴും പറയാറുള്ളത് പോലെ മനുഷ്യനോ മനുഷ്യനെ സംബന്ധിക്കുന്ന പ്രശ്നങ്ങളോ അല്ലല്ലോ അവരുടെ പ്രശ്നങ്ങൾ. പാർപ്പിട പദ്ധതികൾ നിരവധി കേരളത്തിൽ ഉണ്ടായിരുന്നെങ്കിലും അതൊക്കെയും പേരിൽ മാത്രം ഒതുങ്ങുകയായിരുന്നു. 2011- 16 കാലഘട്ടത്തിൽ 4189 വീടുകൾ മാത്രമാണ് ഉമ്മൻ ചാണ്ടി സർക്കാർ നിർമിച്ചിരുന്നത്. വടക്കാഞ്ചേരിയിലെ 140 കുടുംബങ്ങളുടെ വീടെന്ന സ്വപ്നവും ഇല്ലാതാക്കിയത് ഇതേ കോൺഗ്രസാണ്. യുഡിഎഫിൻ്റേയും ബിജെപിയുടേയും നേതൃത്വത്തിൽ ഒരു കൂട്ടം മാധ്യമങ്ങളും ചേർന്ന് നടത്തിയ കുപ്രചാരണങ്ങളുടെ ഭാഗമായി വടക്കാഞ്ചേരിയിലെ ലൈഫ് പ്രവർത്തനങ്ങൾ തകർത്തു.
Also read: ഭരണനിർവഹണത്തിൽ ഡിജിറ്റൽ വിപ്ലവം; ‘നമ്മുടെ കേരളം’ ആപ്പും വെബ് പോർട്ടലും പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
ഭവനരഹിതർക്ക് സുരക്ഷിതമായ വീടുകൾ നൽകുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ലൈഫ് ഭവന പദ്ധതി ഒന്നാം പിണറായി സർക്കാർ ആരംഭിച്ചത്. പിന്നീടങ്ങോട്ട് പ്രതിസന്ധികൾ പേമാരിയായി പെയ്തപ്പോഴും കരളുറപ്പുള്ള ഇടത്‍സർക്കാർ ആ തീരുമാനം വീണ്ടും ഊട്ടിയുറപ്പിച്ചു, ഈ നാട്ടിൽ ഭവനരഹിതർ ഉണ്ടാകില്ല.
ഓരോ വീടുകളിലും പൂവിട്ടത് ഓരോ കുടുംബങ്ങളുടേയും ജീവിതമെന്ന സ്വപ്നമാണ്. അഭിമാനത്തോടെ സ്വന്തം വീട്ടിൽ കഴിയാനുള്ള സ്വപ്നമാണ്. ഈ വീടുകളുടെയൊന്നും അവകാശവാദമുന്നയിക്കാൻ ആരും വരില്ല. മുന്നെ പ്രധാനമന്ത്രിയുടെ ഫോട്ടോ പതിപ്പിക്കാൻ പറഞ്ഞതു പോലെ ഈ വീടുകളിലൊന്നും എവിടേയും ആരുടേയും ഫോട്ടോയും വയ്ക്കേണ്ട. കേന്ദ്ര സർക്കാരും പ്രതിപക്ഷവും ചേർന്ന് നിരവധി തവണ തകർക്കാൻ ശ്രമിച്ചിട്ടും തകരാതെ തലയെടുപ്പോടെയാണ് ഓരോ വീടും ഉയർന്ന് നിൽക്കുന്നത്. ഒരു ദിവസം ലൈഫ് പദ്ധതിയിൽ 152 വീടുകളാണ് നിർമിക്കുന്നത്, മണിക്കൂറിൽ ആറ്‌വീട്, ഓരോ പത്ത് മിനിറ്റിലും ഒരു വീട്.
പദ്ധതിക്കായി ഇതുവരെ 20,638.16 കോടി രൂപയാണ് ചെലവഴിച്ചത്. ഇതിൽ 18,149.26 കോടിയും സംസ്ഥാന വിഹിതം. വീട് നിർമ്മിക്കാൻ എന്ന വ്യാജേന ജനങ്ങളിൽ നിന്ന് പണം പിരിച്ച് മുക്കിയ കോൺഗ്രസ് കേരളത്തിൻ്റെ മുന്നിൽ ഉടായിപ്പുകളുടെ തെളിവായി ഇപ്പോഴും നിൽക്കുമ്പോഴാണ് ജനങ്ങളെ ചേർത്ത് പിടിച്ച് ഇടതുപക്ഷ സർക്കാർ മുന്നോട്ട് നീങ്ങുന്നത്. പിന്നീട് രാജ്യത്തെ മികച്ച ഭവന പദ്ധതിയായി നീതി അയോഗ് ലൈഫ് പദ്ധതിയെ അംഗീകരിച്ചു. കാര്യക്ഷമതയുടെയും സമഗ്രതയുടെയും കാര്യത്തിൽ രാജ്യത്തിന് മാതൃകയായ പദ്ധതിയായി ലൈഫ് മാറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

