
ദൃശ്യ ദാമോദരൻ
തിരുവമ്പാടി എം.എല്‍.എ ലിന്റോ ജോസഫിനെ അധിക്ഷേപിച്ച് സമൂഹ മാധ്യമത്തിൽ കമന്റിട്ട ലീഗ് പ്രവർത്തകന്റെ മനോവൈകൃതത്തെ കേരളം തള്ളിക്കളഞ്ഞതാണ്. എന്നാലും ചില കാര്യങ്ങൾ പറഞ്ഞുതന്നെ പോകേണ്ടതുണ്ട്. എങ്ങനെയാണ് ഇടതിന്റെ കരുത്തനായ യുവനേതാവിന് തന്റെ കാലിന്റെ സ്വാധീനം നഷ്ടമാകുന്നത്? എങ്ങനെയാണ് അദ്ദേഹം അപകടത്തിൽപ്പെട്ട ആ ആംബുലൻസിനകത്ത് പെട്ടുപോയത്?
ഇതിനെല്ലാം ഉത്തരം കിട്ടണമെങ്കിൽ 2019ലേക്ക് ഒന്ന് മടങ്ങിപ്പോകണം. തനിക്കുണ്ടായ അപകടത്തെകുറിച്ച് ലിന്റോ തന്നെ ഫേസ്ബുക്കിൽ വിശദമായ കുറിപ്പ് പങ്കുവെച്ചിരുന്നു. “സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കാനുള്ളതും നല്ലതിന്” എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ആ കുറിപ്പ് ആരംഭിക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍, അതീവ ഗുരുതരാവസ്ഥയിലായ ചെറുപ്പക്കാരന്റെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിലാണ് ലിന്റോ ജോസഫിന് കാലിന്റെ സ്വാധീനം നഷ്ടമായത്.
രോഗബാധിതനായി കിടപ്പിലായ ബിജു എന്നയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ വരാമോ എന്നാവശ്യപ്പെട്ട് ഭാര്യയുടെ കോൾ ലിന്റോയുടെ ഫോണിലേക്ക് വരുന്നു. ഉടൻ തന്നെ കൂമ്പാറ പള്ളി കമ്മറ്റിയുടെ അംബുലൻസുമായി ബിജുവിനെയും കൂട്ടി തിരുവമ്പാടി ലിസാ ഹോസ്പിറ്റലിലേക്ക്. ഉടൻ മെഡിക്കൽ കോളേജിലേക്ക് മാറ്റണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആ ദൗത്യവും ഏറ്റെടുത്തു.
യാത്രാമധ്യേ മുക്കം കയ്യിട്ടാപൊയിലിൽ വെച്ചാണ് ആ അപകടമുണ്ടായത്. ടിപ്പറുമായി ആംബുലൻസ് കൂട്ടിയിടിച്ചു. ആംബുലൻസിലുണ്ടായിരുന്നവർക്കെല്ലാം ഗുരുതരമായി പരുക്കേറ്റു, ലിന്റോ ജോസഫിനും. ആംബുലൻസിനുള്ളിൽ കുടുങ്ങിപ്പോയ അദ്ദേഹത്തെ വാഹനം പൊളിച്ചാണ് പുറത്തെടുത്തത്.
കാലിനായിരുന്നു സാരമായി പരുക്കേറ്റത്. ഉടൻ ആശുപ്രത്രിയിലേക്ക് മാറ്റി. അജ്ഞാതരായ ദമ്പതികളുടെ വാഹനത്തിലാണ് തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് ലിന്റോ ജോസഫ് എംഎൽഎ പോസ്റ്റിൽ പറയുന്നുണ്ട്. അറിയാതെ കാർ ഗട്ടറിൽ വീണപ്പോൾ തന്നോട് പരിഭ്രമത്തോടെ ‘സോറി’ പറഞ്ഞ അവരെ അദ്ദേഹം നന്ദിയോടെ സ്മരിക്കുന്നുണ്ട്.
അപകടവിവരം അറിഞ്ഞ് ഓടിയെത്തിയ അറിയുന്നതും അറിയാത്തതുമായ പ്രിയപ്പെട്ടവരെ കുറിച്ച് അദ്ദേഹം എഴുതിയത് ഇങ്ങനെയാണ്, ‘അത്രമേൽ നല്ലവരാണ് നമ്മുടെ ജനങ്ങൾ. പ്രതിഫലേശ്ച കൂടാതെ അരെന്നറിയാതെ സഹായിക്കാൻ മനസ്സുള്ളവരാണവർ… അവരിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്’.
കണ്ടില്ലേ, ഇതാണ് ലിന്റോ ജോസഫ് എംഎൽഎ, ഇതാണ് മറ്റൊരാളുടെ ജീവൻ രക്ഷിക്കാനുള്ള ഓട്ടപ്പാച്ചിലിനിടെ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ കിടക്കുമ്പോഴും അദ്ദേഹത്തിൽ നിന്ന് പുറത്തേക്കുവന്ന വാക്കുകൾ. ഇത് പക്ഷേ ലീഗ് പ്രവർത്തകന് മനസിലാവില്ല. ‘അവനവനു വേണ്ടിയല്ലാതെ അപരന്നു ചുടുരക്തമൂറ്റികുലം വിട്ടു പോയവന്‍ രക്തസാക്ഷി’ എന്ന് ഉറച്ചുപറയുന്ന ഒരു കമ്യൂണിസ്റ്റുകാരന്റെ ഹൃദയവിശാലതയും അപരസ്നേഹവും മാനവികതയുമൊന്നും ഒരു ലീഗ് പ്രവർത്തകന് ദഹിക്കാൻ ബുദ്ധിമുട്ടാവും. മന്ത്രി വി ശിവൻകുട്ടി പറഞ്ഞതുപോലെ അപമാനത്തിന്റെയല്ല, മറിച്ച് അപരസ്നേഹത്തിന്റെ അടയാളമാണ് ലിന്റോ ജോസഫിന്റെ കാലിലെ മുറിപ്പാടുകൾ, അതൊന്നുകൂടി പറയുകയാണെന്ന് മാത്രം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


