
അഞ്ചാമത് ലോക കേരള സഭ 2026 ജനുവരി 29, 30, 31 തീയതികളിൽ നടക്കുമെന്ന് സ്പീക്കര്‍ എ എൻ ഷംസീര്‍. ജനുവരി 29ന് വൈകുന്നേരം തിരുവനന്തപുരം നിശാഗാന്ധി ഓഡിറ്റോറിയത്തിൽ പൊതുയോഗവും ഭാരത് ഭവന്റെ നേതൃത്വത്തിലുള്ള കലാപരിപാടികളും നടക്കും. ജനുവരി 30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹോളിലാണ് സഭാ നടപടികൾ നടക്കുന്നത്.
2018-ലെ ഒന്നാം ലോക കേരള സഭയിൽ 35 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുത്തതെങ്കിൽ, അഞ്ചാമത് സഭയിൽ 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആകെ 152 അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളുമാണ് ഈ സഭയിൽ ഭാഗമാകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ നിരവധി പുതിയ സേവനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും. ഇതിൽ സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, ലോകകേരളം ഓൺലൈൻ സേവനങ്ങൾ, പ്രവാസി മിഷൻ, എയർപോർട്ട് ഹെൽപ്പ് ഡെസ്ക് എന്നിവ ഉൾപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ നോർക്ക വകുപ്പിന് കീഴിലുള്ള നിക്ഷേപ പ്രോത്സാഹന പോർട്ടലായ ‘ഷെർപ്പ’ എന്ന പദ്ധതിയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ജനുവരി 30-ന് വൈകുന്നേരം 3 മണിക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ “നവകേരള നിർമ്മിതിയിൽ പ്രവാസികളുടെ പങ്ക്” എന്ന വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കും. ഇതിൽ മന്ത്രി ഡോ. ആർ ബിന്ദു, ജോൺ ബ്രിട്ടാസ് എംപി, എം.എ. യൂസഫ് അലി, സന്തോഷ് ജോർജ് കുളങ്ങര, മുരളി തുമ്മാരുകുടി തുടങ്ങിയ പ്രമുഖർ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


