
മുണ്ടക്കൈ ചൂരൽമല ഭവന നിർമ്മാണ തട്ടിപ്പിൽ കോൺഗ്രസ് നേതൃത്വം ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ്. ആദ്യം ഡിസംബർ 28 ന് വീട് നിർമ്മാണം ആരംഭിക്കും എന്ന് പറഞ്ഞു, പിന്നീട് ജനുവരി 10ന് തുടങ്ങുമെന്നായി, ഇന്നിപ്പോൾ ജനുവരി 13 ആയിരിക്കുകയാണ്. ദുരന്തബാധിതരെ വഞ്ചിച്ച് നടത്തിയ തട്ടിപ്പിൽ നിന്ന് ഒളിച്ചോടാൻ ആണ് പ്രതിപക്ഷവും പ്രതിപക്ഷ നേതാവും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വീട് നിർമ്മാണത്തിന്റെ പേരിൽ ഒരു ആപ്പ് ഉണ്ടാക്കി വൻതോതിൽ പണപ്പിരിവ് നടത്തിയിട്ടുണ്ട്. ആ പണം എന്ത് ചെയ്തു എന്നത് കോൺഗ്രസ് നേതൃത്വം മറുപടി പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ആ പണം ഉപയോഗിച്ചാണോ വയനാട്ടിൽ ലക്ഷ്യ ക്യാമ്പ് നടത്തിയതെന്നും അദ്ദേഹം ചോദിച്ചു. കൊടിയ വഞ്ചനയാണ് വയനാട്ടിലെ ജനങ്ങളോട് കോൺഗ്രസ് നേതൃത്വം നടത്തിയിട്ടുള്ളത്. മുണ്ടക്കൈ ചൂരൽമല ഭവന നിർമ്മാണ തട്ടിപ്പ് കോൺഗ്രസിനെ വിടാതെ പിന്തുടരുമെന്നും മന്ത്രി പറഞ്ഞു.
ALSO READ; രാഹുലിനെതിരെ വൻ പ്രതിഷേധം; വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിലെത്തിച്ചു
എത്ര തീയതിയായി ഇങ്ങനെ മാറ്റിപ്പറയുന്നു. 30 സെക്കൻഡ് കൊണ്ടാണ് 300 വീടിൻറെ കണക്ക് വി ഡി സതീശൻ പറഞ്ഞ് ഒഴിഞ്ഞത്. പിരിച്ച പണം എത്ര എന്നത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണം. ആ പണം കൊണ്ട് എന്ത് ചെയ്തു എന്ന് വ്യക്തമാക്കണമെന്നും മന്ത്രി ആവർത്തിച്ചു.
കേരള കോൺഗ്രസുമായി ബന്ധപ്പെട്ടുള്ള അഭ്യൂഹങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ജോസ് കെ മാണിയുടെ പ്രസ്താവന വന്നതോടെ സത്യാഗ്രഹത്തിൽ പങ്കെടുക്കാത്തതിന്‍റെ കാര്യം വ്യക്തമായിട്ടുണ്ട്. റോഷി അഗസ്റ്റിനും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.
രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം സ്വയം അദ്ദേഹം ഒഴിയാൻ പോകുന്നില്ലെന്നും ഒഴിയണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയുമില്ലെന്നും എംബി രാജേഷ് പറഞ്ഞു. കോൺഗ്രസ് രാഹുലിനെ ഒളിഞ്ഞ് സംരക്ഷിക്കുകയാണ്. എംഎൽഎ സ്ഥാനത്തുനിന്നുള്ള യോഗ്യത സ്പീക്കറിന്റെ അധീനതയിലുള്ള വിഷയമാണെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

