
ചെന്നിത്തലയുടെ ‘തുഗ്ലക് പരിഷ്കാരം’ പരാമർശത്തിന് മറുപടിയുമായി മന്ത്രി എം ബി രാജേഷ്. അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും നേരത്തെ തന്നെ വിതരണം ചെയ്യുന്നത് തുഗ്ലക് പരിഷ്കാരമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരാമർശം. പാഠപുസ്തകവും യൂണിഫോമും നേരത്തെതന്നെ ലഭ്യമാക്കിയത് മാതൃകാ പരിഷ്കാരമെന്ന് തുറന്ന് സമ്മതിക്കാൻ അദ്ദേഹം തയ്യാറാകാത്തത് കടുത്ത രാഷ്ട്രീയ അന്ധതയല്ലാതെ മറ്റെന്താണെന്ന് മന്ത്രി എം ബി രാജേഷ് ചോദിച്ചു.
ഓണപരീക്ഷ സമയത്ത് പോലും പുസ്തകം കൊടുക്കാതിരുന്നിട്ട് ‘ഇത്തവണ ഓണം നേരത്തെ വന്നത് കൊണ്ടാണെന്ന്’ ന്യായീകരിച്ച വിദ്യാഭ്യാസ മന്ത്രിയുണ്ടായിരുന്ന മുന്നണിയാണ് യുഡിഎഫ്. പഴയ ആ കേരളത്തെ വീണ്ടെടുക്കാനാണ് യു ഡി എഫ് ഇപ്പോൾ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.
ALSO READ; ആവേശക്കടലായി എൽ ഡി എഫ് തെക്കൻ മേഖലാ വികസന മുന്നേറ്റ ജാഥ; ഇന്നത്തെ പര്യടനം അരുവിക്കരയിൽ പൂർത്തിയായി
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
അടുത്ത അധ്യയനവർഷത്തേക്കുള്ള പാഠപുസ്തകങ്ങളും യൂണിഫോമും നേരത്തെ തന്നെ വിതരണം ചെയ്യുന്നത് തുഗ്ലക് പരിഷ്കാരമെന്ന് ശ്രീ. രമേശ് ചെന്നിത്തല പറയുമ്പോൾ അദ്ദേഹത്തിന് ചരിത്രത്തിൽ എത്ര മാർക്കായിരിക്കും കിട്ടിയിട്ടുണ്ടാവുകയെന്ന് ഞാൻ ആശങ്കപ്പെടുന്നു. തുഗ്ലക് ആരെന്നും എന്തെന്നും അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടാവില്ലെന്ന് പറയേണ്ടി വരുന്നതിൽ വിഷമവുമുണ്ട്. പാഠപുസ്തകവും യൂണിഫോമും നേരത്തെതന്നെ ലഭ്യമാക്കിയത് പിണറായി പരിഷ്കാരമാണെന്ന് തുറന്ന് സമ്മതിക്കാൻ അദ്ദേഹം തയ്യാറാകാത്തത് കട്ടകുത്തിയ രാഷ്ട്രീയ അന്ധതയല്ലാതെ മറ്റെന്താണ്?
പാഠപുസ്തകങ്ങൾ നേരത്തേ നൽകുന്നത് എന്തോ മഹാമോശം കാര്യമാണ് എന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. യു ഡി എഫിന്റെ കാലത്താണ് ഓണപരീക്ഷയായിട്ട് പോലും പുസ്തകങ്ങൾ കൊടുക്കാതെയിരുന്നതെന്ന കാര്യം ആരും മറന്നു കാണില്ല. “ഇത്തവണ ഓണം നേരത്തെ വന്നത് കൊണ്ടാണ്” എന്ന പരിഹാസ്യവും വിചിത്രവുമായ ന്യായം അന്നത്തെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞതും മലയാളികൾ മറന്നിട്ടില്ല. പൊതുവിദ്യാഭ്യാസത്തെയൊക്കെ എത്ര നിരുത്തരവാദിത്തത്തോടെയാണ് ഇവർ കാണുന്നത്. പഴയ ആ കേരളത്തെ വീണ്ടെടുക്കാനാണ് യു ഡി എഫ് ഇപ്പോൾ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നത്.
10 വർഷം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റം മൂലമുണ്ടായ സദ്ഫലങ്ങളിലൊന്ന് മാത്രമാണ് പാഠപുസ്തകവും യൂണിഫോമും നേരത്തെ കിട്ടുന്നത്. അത് സാധാരണക്കാരുടെ മക്കൾക്ക് സർക്കാരിൽ നിന്ന് കിട്ടുന്ന അർഹമായ സഹായങ്ങളാണ്. അതിനെയൊക്കെ കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണുകൊണ്ട് കാണുന്നതിനെ കഷ്ടമെന്നല്ലാതെ പറയാൻ കഴിയില്ല. പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യവും മറ്റെല്ലാ മേഖലകളും വളരെ ആരോഗ്യത്തോടെ കേരളത്തിൽ നിലനിൽക്കുന്നത് എൽ ഡി എഫ് സർക്കാർ അധികാരത്തിലിരിക്കുന്നതുകൊണ്ടാണെന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധി മാത്രം മതി.
കേരളത്തിൽ പിണറായി സർക്കാർ കഴിഞ്ഞ 10 വർഷം കൊണ്ടുണ്ടാക്കിയ അത്ഭുതകരമായ മാറ്റങ്ങൾ എൽഡിഎഫിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെ അനുദിനം വർദ്ധിപ്പിക്കുന്നതും യുഡിഎഫിനെയും ബിജെപിയെയും ഭയപ്പെടുത്തുന്നതുമാണ്. 10 വർഷം മുമ്പുണ്ടായിരുന്ന കുത്തഴിഞ്ഞ പൊതുവിദ്യാഭ്യാസ മേഖലയെ കേരളം മറന്നിട്ടില്ല. അവിടെനിന്ന് കേരളം കയറിവന്ന് പുതിയൊരു കേരളം സൃഷ്ടിച്ചിരിക്കയാണ്. തെരഞ്ഞെടുപ്പ് ചാണക്യന്മാരെയും കുഴലൂത്ത് മാധ്യമങ്ങളെയും കൊണ്ടൊന്നും ജനമനസ്സിൽ ഇടതുപക്ഷത്തിന്റെ സ്ഥാനം ഇളക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷം മനസ്സിലാക്കുന്നത് നന്നായിരിക്കും. ജനത മുന്നോട്ടുതന്നെ നടക്കും. കേരളം മുന്നോട്ടുതന്നെ കുതിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

