
കേരള ചലച്ചിത്രോത്സവം ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. 19 എണ്ണം വർഗീയ ധാരണ അടിസ്ഥാനപ്പെടുത്തി നിരോധിക്കുന്ന തീരുമാനം കേന്ദ്രം എടുത്തു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നു . കേന്ദ്രം പ്രദർശന അനുമതി നൽകി എന്നതാണ് അവസാനം വന്ന അറിയിപ്പ്. ഈ അനുമതി നിഷേധം കേന്ദ്ര ഗവൺമെന്റിന്റെ വർഗീയ അജണ്ടയുടെ ഭാഗമായി നടപ്പിലാക്കികൊണ്ടിരിക്കുന്ന ബോധപൂർവ്വമായ പ്രവർത്തനമാണ് എന്ന് അദ്ദേഹം പറഞ്ഞു.
മതനിരപേക്ഷ ഉള്ളടക്കമുള്ള ഇന്ത്യൻ സമൂഹത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ, കലാവിഷ്കാരത്തിന്റെയും ജനാധിപത്യ സമീപനത്തിന്റെയും സാംസ്കാരിക മേഖലയുടെയും വിശാലമായ അർത്ഥതലങ്ങളെ തകർക്കുന്നതിന് വേണ്ടിയുള്ള ശ്രമമാണ് കേന്ദ്രം നടത്തിയത്. എന്നാൽ, കേരളം, പ്രത്യേകിച്ച് സാംസ്കാരിക കേരളം, ഇതിനെതിരായി നല്ല പ്രതികരണവുമായി മുന്നോട്ടേക്ക് വന്നപ്പോഴാണ് ഇപ്പോൾ സിനിമകൾ പ്രദർശിപ്പിക്കാൻ അനുവാദം നൽകിയിട്ടുള്ളത്. കേരളത്തിൽ ഉടനീളം സാംസ്കാരിക മേഖലയിലുള്ളവരെല്ലാം അതിശക്തിയായിട്ട് പ്രതിഷേധം രേഖപ്പെടുത്തിയതിന്റെ ഭാഗമായാണ് ഇപ്പോൾ അനുവാദം ലഭിച്ചത്.
ALSO READ: ഡിജിറ്റൽ – കെടിയു സർവകലാശാലകളിൽ വി സി നിയമന ഉത്തരവിറക്കി ഗവർണർ
നിരോധിക്കുന്നതിനു വേണ്ടി എന്താണോ അവർ ഉദ്ദേശിക്കുന്നത്, അത് മനസ്സിൽ വെച്ചുകൊണ്ട് പുറത്തു പറയാതെ, ജനങ്ങളെ ബോധ്യപ്പെടുത്താൻ തക്ക രീതിയിൽ വേറെ എന്തെങ്കിലും പറയുക എന്നതാണ് വർഗീയവാദികളുടെ എല്ലാ കാലത്തെയും ശ്രമം. അനുമതി നിഷേധിച്ചതിന് കാരണം അപേക്ഷ വൈകിയെന്നുള്ള കാര്യകാരണ നിയമങ്ങളെ സംബന്ധിച്ച കാര്യങ്ങൾ പറയുന്നത് ഈ തന്ത്രത്തിന്റെ ഭാഗമാണ്.
ഇന്ത്യയിലെ പട്ടിണി അകറ്റുന്നതിൽ ഏറ്റവും ശ്രദ്ധേയമായ, മുമ്പ് ഇടതുപക്ഷത്തിന്റെ പിന്തുണ കൂടി ഉണ്ടായിരുന്ന സന്ദർഭത്തിൽ കേന്ദ്ര ഗവൺമെന്റ് ആവിഷ്കരിച്ച തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്നതിനു വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമവും പുതിയ ബില്ലിലൂടെ കേന്ദ്രം ഇപ്പോൾ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്. കേന്ദ്ര ഗവൺമെന്റിന്റെ വിഹിതം ഏതാണ്ട് നൂറു ശതമാനമായിരുന്നത് ഇപ്പോൾ 60 ശതമാനം മാത്രമായിട്ട് ചുരുക്കി ബാക്കി സംസ്ഥാന ഗവൺമെന്റിന്റെ ബാധ്യതയാക്കി മാറ്റാനുള്ള നീക്കം അത് പ്രാവർത്തികമാവില്ല എന്നുള്ളതിലേക്ക് നയിക്കും. പ്രാവർത്തികമാക്കാതിരിക്കുന്നതിനു വേണ്ടിയുള്ള ബോധപൂർവ്വമായ പ്രവർത്തനമാണിത്.
ഈ കേന്ദ്ര നീക്കത്തിനെതിരായി കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഉടനീളം അതിശക്തിയായ പ്രതിഷേധം രൂപപ്പെട്ടു വരേണ്ടതുണ്ട്. കേരളത്തിൽ ഈ മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് തൊഴിലാളികളും (ഇതിൽ മഹാഭൂരിപക്ഷം സ്ത്രീ തൊഴിലാളികളാണ്) ബന്ധപ്പെട്ട സമരങ്ങളും രൂപപ്പെട്ടിട്ടുണ്ട്. എൽഡിഎഫ് ഉൾപ്പെടെയുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെ സമരത്തിന്റെ പ്രക്ഷോഭത്തിന്റെ ആഹ്വാനത്തിലേക്ക് വന്നു കഴിഞ്ഞിട്ടുണ്ട്.
ചലച്ചിത്ര അക്കാദമി ചെയർമാൻ ഉൾപ്പെടെ സ്ഥലത്തില്ല എന്നുള്ള വിമർശനം ഉയർന്നിരുന്നു. എന്നാൽ, അദ്ദേഹം വളരെ മുമ്പ് തന്നെ ഒരു പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഇല്ലാത്തതിനാൽ ചലച്ചിത്രോത്സവത്തിന് യാതൊരു തരത്തിലുള്ള പ്രശ്നവും ഇല്ല. പുതിയ തലമുറ അതിന്റെ ഭാഗമായി ഉയർന്നു ചേർന്നു വരികയും വൈസ് പ്രസിഡന്റും കമ്മിറ്റിയും നല്ല രീതിയിലുള്ള സംഘാടന പ്രവർത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും. കേരളത്തിന്റെ താൽപര്യവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്രത്തിനെതിരായി പറയുന്നതിൽ കേരളത്തിലെ യുഡിഎഫ് എംപിമാർക്ക് താൽപര്യമില്ല എന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

