
തദ്ദേശ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ വിധിയെഴുത്താണ് ഉണ്ടായതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി. വലിയൊരു പരാജയം എന്ന് പറയാൻ കഴിയില്ല. എൽഡിഎഫ് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പാർട്ടിയും മുന്നണിയും സർക്കാരും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന് വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വിഭാഗം മറ്റ് പാർട്ടികൾക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്നത് വ്യക്തമാണ്. അതിനെ പറ്റി പാർട്ടിക്ക് പഠിക്കേണ്ടതുണ്ട്.
ജനങ്ങളിൽ നിന്ന് പഠിച്ച്, എന്തുകാരണത്താലാണ് അവർ മറ്റു രാഷ്ട്രീയ നിലപാടുകളെ തെരഞ്ഞെടുക്കുന്നതിലേക്ക് പോയത് എന്ന് കണ്ടുപിടിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ തിരുത്തുമെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.
ഫലം പുറത്ത് വന്നതിന് പിന്നാലെ എം എം മണി നടത്തിയ പ്രസ്താവന തികച്ചും അനുചിതമാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപെൻഷനും മറ്റ് ആനുകൂല്യങ്ങളും ഒരു സർക്കാർ കൊടുക്കുന്ന ഔദാര്യമല്ല, അത് ജനങ്ങളുടെ അവകാശമാണ്. ആ സമീപനമാണ് ഇടതുപക്ഷം എന്നും പിന്തുടർന്ന് പോന്നിട്ടുള്ളത്. അതിന് നിരക്കാത്ത തരത്തിലുള്ള അഭിപ്രായപ്രകടനം എം എം മണിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് പിശകാണ്. അത് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎ ബേബി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

