
രാഹുൽ മാങ്കൂട്ടത്തിൽ തന്നോടും മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തി യൂത്ത് കോൺഗ്രസ് വനിതാ നേതാവ് എം എ ഷഹനാസ്. ഇക്കാര്യം അന്ന് ഷാഫിയെ അറിയിച്ചിരുന്നെന്നും അവർ പറഞ്ഞു. കർഷക സമരത്ത് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുൽ മോശം സന്ദേശം അയച്ചത്. ദില്ലിയിൽ നമുക്ക് രണ്ടാൾക്കും മാത്രമായി ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് പറഞ്ഞത്. അതിനുള്ള മറുപടി അപ്പോൾ തന്നെ നൽകിയിട്ടുണ്ടെന്നും എം എ ഷഹനാസ് പറഞ്ഞു.
സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും തന്നെ പുച്ഛിച്ച് തള്ളി. ഷാഫി പറമ്പിൽ അധ്യക്ഷനായിരുന്നപ്പോൾ യൂത്ത് കോൺഗ്രസിൽ വനിതകൾക്ക് പ്രവർത്തിക്കാനാവാത്ത സാഹചര്യം ആയിരുന്നെന്ന ഗുരുതര ആരോപണവും എം എ ഷഹനാസ് ഉന്നയിച്ചു.
തന്നെയും എംകെ മുനീർ എംഎൽഎയും ചേർത്ത് യൂത്ത് കോൺഗ്രസ് നേതാവ് അപവാദപ്രചരണം നടത്തി. ഇതിന്‍റെ ശബ്ദരേഖ അടക്കം ഷാഫിക്ക് പരാതി നൽകി. പരാതിയുടെ പകർപ്പ് കോൺഗ്രസ് നേതാക്കൾക്കും നൽകി. എന്നാൽ തനിക്ക് പാർട്ടിയിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണ് പിന്നീടുണ്ടായതെന്നും എം എ ഷഹനാസ് പറയുന്നു. രാഹുലിൽ നിന്ന് ലൈംഗിക അധിക്ഷേപം നേരിട്ട യൂത്ത് കോൺഗ്രസ് വനിതാ പ്രവർത്തകരെ നേരിട്ട് അറിയാം. ഈ കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടുമുണ്ടെന്നും അവർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

