
പോത്തൻകോട് ചാത്തമ്പാട് ടിപ്പർ ലോറി കയറി ബൈക്ക് യാത്രികനായ ഗൃഹനാഥൻ മരിച്ചു. കഴക്കൂട്ടം ചിറ്റാറ്റുമുക്ക് സ്വദേശി റഹീം (45) ആണ് മരിച്ചത്. റഹീമും ഭാര്യ നസീഹയും ബൈക്കിൽ യാത്ര ചെയ്യവേയായിരുന്നു അപകടം സംഭവിച്ചത്. പിന്നാലെ വന്ന ടിപ്പറാണ് ബൈക്കിൽ ഇടിച്ചത്. ടിപ്പറിന്‍റെ പിൻചക്രം ദേഹത്ത് കയറി ഇറങ്ങിയതോടെ റഹീം തൽക്ഷണം മരിച്ചു.
ഗുരുതരമായി പരിക്കേറ്റ ഭാര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇരു വാഹനങ്ങളും പോത്തൻകോട് നിന്നും വെമ്പായം ഭാഗത്തേക്ക് പോവുകയായിരുന്നു. ചാത്തമ്പാട് വെച്ച് ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് ടിപ്പർ ലോറി ബൈക്കിനെ തട്ടിയത്.
കാഞ്ഞിരപ്പള്ളിയിൽ കാൽനട യാത്രക്കാരന്‍റെ കാലിൽ ബസ് കയറിയിറങ്ങി
കാഞ്ഞിരപ്പള്ളിയിൽ കാൽനട യാത്രക്കാരന്‍റെ കാലിൽ ബസ് കയറിയിറങ്ങി. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലാണ് സംഭവം. പൈനാപ്പടിയിൽ ഹക്കിമിന്‍റെ (67) കാലിലൂടെയാണ് സ്വകാര്യ ബസ് കയറിയിറങ്ങിയത്. റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം. കാലിന് ഗുരുതരമായി പരുക്കേറ്റ ഹക്കിമിനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന റോബിൻ ബസാണ് അപകടത്തിനിടയാക്കിയത്. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

