‘സ്വയം കത്തിയെരിയുമ്പോഴും ചുറ്റും വെളിച്ചം പകർന്ന ജീവിതമായിരുന്നു മനമോഹൻ്റേത്’; ഓർമകളിലൂടെ പുത്തലത്ത് ദിനേശൻ

vg manamohan death puthalath dinesan

ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ മുൻ ഭാരവാ​ഹിയും കേരളത്തിൻെ സുപ്രധാനമായ നേട്ടങ്ങൾക്ക് വഴിവച്ച പല ആശയങ്ങളുടേയും നിഴലായി പ്രവർത്തിക്കുകയും ചെയ്ത അന്തരിച്ച വിജെ മനമോഹന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പുത്തലത്ത് ദിനേശൻ. ഡോ തോമസ് ഐസകിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മനമോഹന്റെ കൂടെയുള്ള ഓർമകളും ഇപ്പോൾ പങ്ക് വച്ചിരിക്കുകയാണ്. തനിക്ക് ഒരു സഖാവ് മാത്രമല്ല ജേഷ്ഠ്യൻ കൂടിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സ്വയം കത്തിയെരിയുമ്പോഴും ചുറ്റമുള്ളവർക്ക് വെളിച്ചം പകർന്നയാളാണ് മനമോഹ​ൻ എന്നും അദ്ദേഹം പറയുന്നു.

നീ പകര്‍ന്ന ഊര്‍ജ്ജവും, കാഴ്‌ചയും തീര്‍ച്ചയായും ജീവിതത്തിന്റെ സൂക്ഷ്‌മ തലങ്ങളില്‍ വെളിച്ചമായി നയിക്കുക തന്നെ ചെയ്യുമെന്നും പ്രീയ സുഹൃത്തേ, വേദനയോടെ നിനക്ക്‌ യാത്രാമൊഴി നൽകുന്നുവെന്നുമാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

Also read; ‘മനമോഹൻ എൻ്റെ നിഴലും എനിക്ക് തണലുമായിരുന്നു’; ഓർമ്മകൾ പങ്ക് വച്ച് ഡോ തോമസ് ഐസക്

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം.

മനമോഹന്‍ ഇനി നമ്മോടൊപ്പമില്ല. എസ്‌.എഫ്‌.ഐയുടെ സംസ്ഥാന പ്രസിഡന്റിന്റെ ചുമതല ഒഴിഞ്ഞ ശേഷം തിരുവനന്തപുരത്ത്‌ എ.കെ ജി സെന്റര്‍ കേന്ദ്രീകരിച്ചായിരുന്നു എന്റെ സംഘടനാ പ്രവര്‍ത്തനം. തോമസ്‌ ഐസകിനൊപ്പം നിന്നുകൊണ്ടുള്ള ചുമതലകളും അതിന്റെ ഭാഗമായിരുന്നു. ഐസകിന്റെ വൈവിദ്ധ്യപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളില്‍ ഒപ്പം നിന്നവരായിരുന്നു മനമോഹനും, കൃഷ്‌ണകുമാറും. തിരുവനന്തപുരത്ത്‌ എത്തിയപ്പോള്‍ ഞാനും ഈ സൗഹൃദവലയത്തിലെ ഒരു കണ്ണിയായി.
കൃഷ്‌ണകുമാര്‍ എല്ലാവരേയും കണ്ണീരിലാഴ്‌ത്തി ഒരു ദിനം നമ്മളെയെല്ലാം വിട്ടുപിരിഞ്ഞുപോയി. ഇക്കൂട്ടത്തില്‍ ചുറുചുറുക്കോടെ ഓടിനടന്ന അനസും അകാലത്തില്‍ പൊലിഞ്ഞുപോയി. ഇപ്പോള്‍ മനമോഹനും രോഗത്തിന്റെ ആലസ്യത്തില്‍ അലട്ടുമ്പോഴും അവയ്‌ക്ക്‌ കീഴടങ്ങാതെ, ജാഗ്രതയോടെ മനമോഹന്‍ ചുവടുകള്‍ വെച്ചു. എത്രയോ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ കൂട്ടായ്‌മയോടെ പ്രവര്‍ത്തിച്ചു. ഏത്‌ പ്രശ്‌നങ്ങള്‍ വരുമ്പോഴും അവയെ നേരിടുകയും, പരിഹരിക്കുകയും ചെയ്യുകയെന്നത്‌ മനമോഹന്റെ സവിശേഷതയായി നിറഞ്ഞു നിന്നു. ബ്യൂറോക്രസിയുടെ ഭാഗമായാണ്‌ ഔദ്യോഗിക ജീവിതമെങ്കിലും, ജനകീയ പ്രവര്‍ത്തകന്റെ ഇഴുകിച്ചേരലോടെ പ്രവര്‍ത്തനങ്ങള്‍ മുഴുകുകയും ചെയ്‌തു.
അന്താരാഷ്‌ട്ര പഠന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ച്‌ നിന്നു. മാസങ്ങളോളം നീണ്ടുനിന്ന തയ്യാറെടുപ്പുകളില്‍ ഞങ്ങള്‍ പരസ്‌പരം ഊര്‍ജ്ജമായി. നാടും വീടും വിട്ട്‌ തിരുവനന്തപുരത്തെത്തിയ എനിക്കും, യമുനക്കും സഹോദര സമാനമായ സ്‌നേഹം നല്‍കി ഞങ്ങളെ ചേര്‍ത്തു പിടിച്ചു. ഞങ്ങള്‍ക്ക്‌ സഖാവ്‌ മാത്രമല്ല, ഒരു ജ്യേഷ്‌ഠ സഹോദരന്‍ തന്നെയായിരുന്നു മനമോഹന്‍. കഴിഞ്ഞ ദിവസം അന്താരാഷ്‌ട്ര പഠന കോണ്‍ഗ്രസിന്റെ അക്കാദമിക്‌ കമ്മിറ്റിയുടെ യോഗം ചേര്‍ന്നപ്പോള്‍ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ പടവുകള്‍ ഒന്നിച്ച്‌ ഞങ്ങള്‍ ചവിട്ട്‌ കയറി. കഴിഞ്ഞ പഠന കോണ്‍ഗ്രസുകളില്‍ നിന്നും വ്യത്യസ്‌തമായി ഇതില്‍ സ്വീകരിക്കേണ്ട ജാഗ്രതകളായിരുന്നു അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ മനമോഹന്‍ ഓര്‍മ്മിപ്പിച്ചത്‌. ആരോഗ്യ പ്രശ്‌നങ്ങളെല്ലാം പറഞ്ഞിരുന്നുവെങ്കിലും ഇത്രവേഗം…. ഇല്ല… ഒട്ടും പ്രതീക്ഷിച്ചില്ല സഖാവെ.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി ഞാന്‍ പ്രവര്‍ത്തിച്ച ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത്‌ ധനമന്ത്രിയായിരുന്ന തോമസ്‌ ഐസകിന്റെ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്നു മനമോഹന്‍. എത്രയോ കാര്യങ്ങളില്‍ പരസ്‌പരം ആശയവിനിമയം നടത്തി. അങ്ങനെ ഭരണ രംഗത്തും ഞങ്ങള്‍ സഹപ്രവര്‍ത്തകരായി. ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ അമരക്കാരനെന്ന നിലയില്‍ പ്രവര്‍ത്തിച്ചതിനാല്‍ സംസ്ഥാനത്തെമ്പാടും വിപുലമായ സൗഹൃദവലയം മനമോഹനുണ്ടായിരുന്നു. പഴയകാല ശാസ്‌ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകനെന്ന നിലയില്‍ കേട്ടറിഞ്ഞ മനമോഹന്റെ സവിശേഷതകള്‍ ശരിക്കും അനുഭവിച്ചറിഞ്ഞ നാളുകളായിരുന്നു തിരുവനന്തപുരത്തെ പ്രവര്‍ത്തനകാലം.
തിരുവനന്തപുരത്ത്‌ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച ആദ്യ ഘട്ടത്തില്‍ തീര്‍ച്ചയായും താങ്ങായും, തണലായും, സഹായിയായുമെല്ലാം മനമോഹനുണ്ടായിരുന്നു. സ്‌നേഹവും, കരുതലും ചുറ്റും പകര്‍ന്നു നല്‍കിയ ആ ജീവിതം ഈ ലോകത്തിനുവേണ്ടിയായിരുന്നു സമര്‍പ്പിച്ചത്‌. സ്വയം കത്തിയെരിയുമ്പോഴും ചുറ്റും വെളിച്ചം വിതറുന്ന മെഴുകുതിരി പോലെ ജ്വലിച്ച ഒന്നായിരുന്നു ആ ജീവിതം. ശരീരം മെഡിക്കല്‍ കോളേജില്‍ നല്‍കിക്കൊണ്ട്‌ മരണാനന്തരവും പുതുതലമുറക്ക്‌ അറിവിനുള്ള ഉപാധിയായി മാറുമ്പോഴും അത്തരം ജീവിതം തുടരുകയായിരുന്നു. ഒരിക്കലും മറക്കാനാവാത്ത ഒരുപാട്‌ ഓര്‍മ്മകള്‍ ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട്‌ പ്രീയ സഖാവെ സുഹത്തേ വിട നല്‍കുന്നു. നീ പകര്‍ന്ന ഊര്‍ജ്ജവും, കാഴ്‌ചയും തീര്‍ച്ചയായും ജീവിതത്തിന്റെ സൂക്ഷ്‌മ തലങ്ങളില്‍ വെളിച്ചമായി നയിക്കുക തന്നെ ചെയ്യും. പ്രീയ സുഹൃത്തേ, വേദനയോടെ നിനക്ക്‌ യാത്രാമൊഴി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News