‘ഗാന്ധിജി സ്വപ്നം കണ്ട പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ് കേരളം’; വിഷൻ 2031 സമ്മേളനത്തിൽ എൽഡിഎഫ് സർക്കാരിന് അഭിനന്ദനങ്ങളുമായി മണിശങ്കർ അയ്യർ

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ തന്നെ തുടരുമെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ. ‘വിഷൻ 2031: വികസനവും ജനാധിപത്യവും’ അന്താരാഷ്ട്ര സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തീരാജ് സംവിധാനത്തിൽ കേരളത്തിന്റെ ഒന്നാം സ്ഥാനം നിയമപരമായി കൂടി ഉറപ്പിക്കാനാവശ്യമായ ഭേദഗതികൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നിർദ്ദേശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവർക്കും ഇത് തങ്ങളുടെ രാജ്യമാണെന്ന് തോന്നുന്ന, രാജ്യനിർമ്മാണത്തിൽ അവർക്ക് ഫലപ്രദമായ പങ്കാളിത്തമുള്ള ഒരു ഇന്ത്യയായിരുന്നു ഗാന്ധിജിയുടെ സ്വപ്നം. ഈ ലക്ഷ്യത്തിലേക്ക് ഏറ്റവും പ്രശംസനീയമായ പുരോഗതി കൈവരിച്ചത് മാർക്സിസ്റ്റ് പാർട്ടി ഭരിക്കുന്ന കേരളമാണ്. ഇത്രയും ദേശീയ പ്രാധാന്യമുള്ള സർക്കാർ ചടങ്ങായിട്ടും എന്റെ പാർട്ടി (കോൺഗ്രസ്) സഹപ്രവർത്തകർ ഇവിടെ ഇല്ലാത്തതിൽ ഞാൻ ഖേദിക്കുന്നെന്നും മണിശങ്കർ അയ്യർ പറഞ്ഞു.

ALSO READ; ‘മുന്നേറ്റമാണ് കേരള മോഡല്‍; 2031ലെ കേരളം എങ്ങനെ ആയിരിക്കണം എന്നതാണ് ‘വിഷൻ 2031′ പരിപാടിയുടെ ലക്ഷ്യം’:മുഖ്യമന്ത്രി

ത്രിതല പഞ്ചായത്തീരാജ് ഭരണനിർവ്വഹണത്തിന്റെ കാര്യത്തിൽ രാജ്യത്ത് തന്നെ ഒന്നാമതാണ് കേരളം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അയ്യർ വ്യക്തമാക്കി. പിണറായി വിജയൻ തന്നെയാകും കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി എന്ന് എനിക്ക് ഉറപ്പുണ്ടെന്ന അദ്ദേഹത്തിന്‍റെ വാക്കുകൾ കയ്യടിയോടെയാണ് സദസ് സ്വീകരിച്ചത്.

പഞ്ചായത്തീരാജ് രംഗത്ത് കേരളത്തിന്റെ ഒന്നാം സ്ഥാനം പൂർണ്ണമായി ഉറപ്പിക്കാൻ തന്‍റെ നിർദേശങ്ങളടങ്ങിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനം നിയമ ഭേദഗതി കൊണ്ടുവരണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News