
സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്നത് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്കെതിരെ ഉയർന്ന സൈബർ ആക്രമണമാണ്. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വിഷൻ 2031 അന്താരാഷ്ട്ര കോൺഫറൻസിൽ സംസാരിക്കവെ, പിണറായി വിജയൻ വീണ്ടും കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും സർക്കാരിന്റെ പ്രവർത്തനം ശ്രദ്ധേയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമർശങ്ങൾക്ക് പിന്നാലെയാണ് സാമൂഹ്യമാധ്യമങ്ങളിൽ അദ്ദേഹത്തെ ലക്ഷ്യമിട്ട് വ്യാപകമായ ട്രോളുകളും അധിക്ഷേപ പോസ്റ്റുകളും ഉയർന്നത്.
കോൺഗ്രസ് ഐടി സെല്ലിന്റെ നേതൃത്വത്തിൽ വിവിധ സോഷ്യൽമീഡിയ പേജുകളിലൂടെ മുതിർന്ന നേതാവിനെതിരെ അധിക്ഷേപ പോസ്റ്റുകൾ പങ്കുവച്ചുകൊണ്ടിരിക്കുകയാണ്. പല നേതാക്കളും മുതിർന്ന നേതാവിനെതിരെ അധിക്ഷേപ പരാമർശങ്ങൾ പറഞ്ഞുകൊണ്ടിരിക്കുകയാണ്. കെപിസിസി വക്താവ് ജിന്റോ ജോൺ ‘അലവലാതി’ എന്നാണ് മണിശങ്കർ അയ്യരെ ആക്ഷേപിച്ചത്.
സംസ്ഥാന സർക്കാർ സംഘടിപ്പിച്ച വിഷൻ 2031 അന്താരാഷ്‌ട്ര കോൺഫറൻസിന്റെ ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കവെ ആയിരുന്നു സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം അവിശ്വസനീയമാണ് എന്നും പ്രതിപക്ഷം പൂർണമായും വിഭജിക്കപ്പെട്ടു എന്നും അടക്കമുള്ള പരാമർശങ്ങൾ മണിശങ്കർ അയ്യർ നടത്തിയത്. കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും കൂടി പറഞ്ഞതോടെ കോൺഗ്രസിന് ഹാലിളകി. പിന്നെ നേതാക്കൾ അടക്കം അദ്ദേഹത്തിന് എതിരായി. മുഖ്യമന്ത്രിയെ ഗാന്ധിയെന്ന് പറയാത്തത് ഭാഗ്യം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പരിഹാസം. മണിശങ്കർ അയ്യർ സർക്കാരിന്റെ പി ആർ ഏജൻറ് ആണെന്ന് സംശയം ഉണ്ടെന്നുൾപ്പെടെ ആയിരുന്നു ചെന്നിത്തല പ്രതികരിച്ചത്.
സൈബർ ആക്രമണങ്ങൾ രാഷ്ട്രീയ വാദപ്രതിവാദങ്ങളെ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കു മാറ്റുന്ന പ്രവണതയെക്കുറിച്ച് ആശങ്കകളും ഉയരുന്നുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായാലും സംവാദത്തിന്റെ മാന്യത കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ഈ സംഭവം വീണ്ടും ചൂണ്ടിക്കാണിക്കുന്നത്.
നിരവധി അധിക്ഷേപ പോസ്റ്റുകൾ ആണ് ഇപ്പോൾ അദ്ദേഹത്തിന് നേരെ ഉയരുന്നത്. എന്നാൽ താൻ പറഞ്ഞത് തെറ്റായി എന്നോ അതിൽ നിന്നും പിന്നോട്ട് മാറിയെന്നോ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. പകരം മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. ശശി തരൂർ, ജയറാം രമേശ്, പവൻ ഖേര എന്നിവരുൾപ്പെടെയുള്ള നേതാക്കളെയാണ് മണി ശങ്കർ രൂക്ഷമായി വിമർശിച്ചത്. എഐസിസി വക്താവ് പവൻ ഖേര ഒരു പാവയാണെന്ന് ആണ് മണിശങ്കർ അയ്യർ പറഞ്ഞത്.
പിണറായി വിജയൻ സർക്കാരിനെ അഭിനന്ദിച്ച മുതിർന്ന കോൺഗ്രസ് നേതാവിനെ വേട്ടയാടുന്നവർ ഒരിക്കൽ പോലും ബിജെപിയെയും നരേന്ദ്രമോദിയെയും പ്രശംസിക്കുന്ന യുഡിഎഫ് നേതാക്കൾക്കെതിരെ ശബ്ദം ഉയർത്തിയിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. മോദി സ്തുതി പാടി നടക്കുന്ന ശശി തരൂരിനോ എൻ കെ പ്രേമചന്ദ്രനോ എതിരെ ഒന്നും മിണ്ടാത്തവരാണ് ഇപ്പോൾ മണിശങ്കർ അയ്യറിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത്. എംപിമാരുടെ ഈ മോദി സ്തുതിയെക്കുറിച്ച് ആര് ചോദിച്ചാലും നിയമസഭയിൽ നിന്ന് ഒളിച്ചോടിയത് പോലുള്ള ഒളിച്ചോട്ടമാണ് പ്രതിപക്ഷനേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

