‘മായാ വി’യും മത്സരിക്കാൻ ഇറങ്ങിയോ ? സോഷ്യൽ മീഡിയ ഏറ്റെടുത്ത എൽഡിഎഫ് സ്ഥാനാർഥി ആരാണ് ?

MAVA V CANDIDATE KOOTTATHUKULAM

സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലാണ്. എങ്ങും സ്ഥാനാർത്ഥികൾ വോട്ട് തേടിയിറങ്ങുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. വഴിനീളെ ഇപ്പോൾ പല പാർട്ടികളിലെയും സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും കാണാം. അവയിൽ പരമാവധി വ്യത്യസ്ത കൊണ്ട് വരാൻ പല പാർട്ടികളും ശ്രമിക്കാറുമുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പല രീതിയിലുളള ട്രോളുകൾ സോഷ്യൽ മീഡിയ ഭരിക്കാറുണ്ട്. ചിലപ്പോൾ സ്ഥാനാർത്ഥികളുടെ പേരുമായി ബന്ധപ്പെട്ടാവാം, അല്ലെങ്കിൽ അവരുടെ ചിഹ്നവുമായി ബന്ധപ്പെട്ടും ആവാം. അത്തരത്തിൽ ഒരു ട്രോള് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുന്നത്. എന്നാൽ സംഭവത്തെ സ്ഥാനാർഥി ‘ഇരു കയ്യും നീട്ടി’ സ്വീകരിച്ചിരിക്കുകയാണ്.

കൂത്താട്ടുകുളം നഗരസഭയിലെ 26 ആം വാർഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ മായ. വി ആണ് കഥാനായിക. ഒരു സ്വകാര്യ ചാനലിലെ ഹാസ്യപരിപാടിയിലൂടെ മായ പലർക്കും സുപരിചിതയാണ്. ഇവിടെ മായയെ സോഷ്യൽ മീഡിയയിൽ നിറച്ചത് പേരിലെയും ഇനിഷ്യലിലെയും ചർച്ചയാണ്. അതായത് ‘മായ. വി’ എന്നതിനെ ചേർത്ത് മായാവി എന്നാക്കി സോഷ്യൽ മീഡിയ. ഇതോടെ മായാവി മത്സരിക്കാൻ ഇറങ്ങിയോ എന്നായി ചർച്ച.

ALSO READ: ‘നേതൃത്വത്തിൻ്റെ നിലപാട് വേദനയുണ്ടാക്കി’: സീറ്റ് നിഷേധിച്ചതിന് പിന്നാലെ രാജിവെക്കാനൊരുങ്ങി ആലപ്പു‍ഴ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡൻ്റ്

മമ്മൂട്ടി നായകനായ ‘മായാവി’ എന്ന ചിത്രത്തിലെ മീമുകളും സോഷ്യൽ മീഡിയയിൽ ഇറങ്ങുന്നുണ്ട്. ചിത്രത്തിൽ സലിം കുമാർ ചെയ്ത സ്രാങ്ക് എന്ന കഥാപാത്രം’ തന്റെ ശിഷ്യൻ മത്സരിക്കാൻ ഇറങ്ങിയോ’ എന്ന തരത്തിൽ ഞെട്ടുന്ന മീമുകൾ മുതൽ മായാവി മത്സരിക്കാൻ ഇറങ്ങിയപ്പോൾ അസൂയപ്പെട്ടു നിൽക്കുന്ന കുട്ടൂസന്റെയും ഡാകിനിയുടെയും ലുട്ടാപ്പിയുടെയും മീമുകൾ വരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നുണ്ട്. എന്തായാലും പുറത്തുവന്ന എല്ലാ ട്രോളുകളെയും ‘ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു’ എന്നാണ് സ്ഥാനാർഥിയായ മായ പ്രതികരിച്ചത്.

കേരളത്തിൽ രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഡിസംബർ 9 നും രണ്ടാം ഘട്ടം 11 നും നടക്കും. 13 ന് ആണ് വോട്ടെണ്ണൽ. ഇന്നാണ് നാമനിർദേശപട്ടിക സമർപ്പിക്കാനുളള അവസാന തീയതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News