
തനിക്ക് എക്സൈസ് എസ്കോർട്ട് പോകുന്നതിനായി കമ്മീഷണർ ഉത്തരവിട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കഴിഞ്ഞ മൂന്നര വർഷമായി മന്ത്രിയായി തുടരുന്ന തനിക്ക് ഇത്തരമൊരു എസ്കോർട്ടിന്റെ ആവശ്യം നിലവിലില്ലെന്നും, എക്സൈസ് ഉദ്യോഗസ്ഥരുടെ ജോലി മന്ത്രിക്ക് എസ്കോർട്ട് പോവുകയല്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു.
ഇത്തരത്തിലുള്ള ഒരു ഉത്തരവ് നിലവിലില്ലെന്ന് മന്ത്രിയുടെ ഓഫീസ് കമ്മീഷണറെ ബന്ധപ്പെട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രി ജില്ലകളിൽ എത്തുമ്പോൾ അതാത് ഇടങ്ങളിലെ എൻഫോഴ്സ്മെന്റ് പുരോഗതി നേരിട്ട് ബോധ്യപ്പെടുത്തണമെന്ന നിർദ്ദേശം മാത്രമാണ് നൽകിയിട്ടുള്ളതെന്നാണ് കമ്മീഷണറുടെ ഓഫീസ് നൽകുന്ന വിശദീകരണം. കിലയിൽ (KILA) മേയർമാരുടെയും മറ്റ് തദ്ദേശ ഭരണാധികാരികളുടെയും ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കുന്ന സമയത്താണ് ഇത്തരമൊരു വിവാദ വാർത്ത ശ്രദ്ധയിൽപ്പെട്ടതെന്നും മന്ത്രി കൂട്ടിചേർത്തു.
ALSO READ: അല്ലെങ്കിലും ആനവണ്ടി പൊളിയാ ; മണ്ഡലകാല മകരവിളക്ക് മഹോത്സവ സർവീസ് വിജയകരമാക്കി കെഎസ്ആർടിസി
എക്സൈസ് വകുപ്പിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ കർക്കശമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും അത് ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം വിവാദങ്ങൾ ഉണ്ടാക്കി നടപടികളിൽ നിന്ന് രക്ഷപ്പെടാമെന്ന് ‘കുബുദ്ധികൾ’ കരുതേണ്ടെന്നും, സേനയുടെ അച്ചടക്കം പാലിക്കാത്തവർക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പ് കാലമായതിനാൽ ഇത്തരം വ്യാജ പ്രചാരണങ്ങൾ ഇനിയും പ്രതീക്ഷിക്കാമെന്നും മന്ത്രി കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം
മന്ത്രിക്ക് എക്സൈസ് എസ്കോർട്ട് പോകാൻ കമ്മീഷണറുടെ ഉത്തരവ് എന്നതാണ് ഇന്നത്തെ വിവാദവാർത്ത. അതുടൻ കാർഡായി ലക്ഷക്കണക്കിനാളുകളിൽ എത്തി. മന്ത്രി പറഞ്ഞു, കമ്മീഷണർ ഉത്തരവിട്ടു എന്ന് കുറച്ചു പേർ വിശ്വസിച്ചേക്കാം.
മൂന്നര വർഷമായി മന്ത്രിയായിട്ട്. മന്ത്രിക്ക് എസ്കോർട്ട് പോവുകയല്ല എക്സൈസിൻ്റെ ജോലി എന്നതിൽ എനിക്ക് സംശയമില്ല .ഇതുവരെയില്ലാത്ത പുതിയ എസ്കോർട്ടിൻ്റെ ആവശ്യം ഇപ്പോൾ തീരെയില്ല.
വാർത്ത വരുമ്പോൾ ഞാൻ കിലയിൽ മേയർ, മുൻസിപ്പൽ ചെയർപേഴ്സൺ, ജില്ലാ- ബ്ലോക്ക് പ്രസിഡന്റുമാരുടെ ഒരു ഔദ്യോഗിക യോഗത്തിലായിരുന്നു. ആ യോഗം 3 മണിക്കൂർ നീണ്ടു. കമ്മീഷണറുമായി നേരിട്ട് സംസാരിക്കാനായിട്ടില്ല. അദ്ദേഹത്തെ എന്റെ ഓഫീസ് ബന്ധപ്പെട്ട് അങ്ങനെ ഒരു ഉത്തരവ് ഇല്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി ജില്ലയിൽ വരുമ്പോൾ അതാത് ഇടങ്ങളിലെ എൻഫോഴ്സ്മെന്റ് പുരോഗതി നേരിട്ട് ധരിപ്പിക്കണം എന്ന നിർദ്ദേശം മാത്രമാണത്രെ നൽകിയത്.
എക്സൈസിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് എതിരെ കർക്കശ നടപടികൾ വലുപ്പച്ചെറുപ്പമില്ലാതെയും മുഖം നോക്കാതെയും സ്വീകരിച്ചു വരികയാണ്. അത് ശക്തമായി തുടരും. കുബുദ്ധികൾ വിവാദമുണ്ടാക്കിയതുകൊണ്ടൊന്നും അതിൽ നിന്ന് രക്ഷപ്പെടാനാവില്ല.എക്സൈസ് അവരുടെ ജോലി മാത്രമാണ് ചെയ്യേണ്ടത്.അതു ചെയ്യാത്തവരോടും സേനയുടെ അച്ചടക്കം പാലിക്കാത്തവരോടും വിട്ടുവീഴ്ചയുണ്ടാവില്ല.
ഇനി തെരഞ്ഞെടുപ്പ് കാലമല്ലേ. ഇങ്ങനെ പലതും പ്രതീക്ഷിക്കാം. എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഇതൊക്കെ ധാരാളം നേരിട്ടിട്ടുള്ളതാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


