
തിരുവനന്തപുരം ആർ സി സി യിൽ മരുന്ന് മാറി നൽകിയെന്ന മാധ്യമ വാർത്തകൾ തെറ്റാണെന്ന് റീജണൽ കാൻസർ സെന്റർ ഡയറക്ടർ ഡോ ആർ രജനിഷ് കുമാർ. ആർസിസിയുടെ പർച്ചേസ് & ടെണ്ടർ നടപടികൾ അനുസരിച്ച് ഗ്ലോബല ഫാർമ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ടെമോസോളോമൈഡ് 250 എം ജി ,100എം ജി ,20എം ജി മരുന്നുകൾ ആർസിസിയിൽ വിതരണം ചെയ്യുന്നത്. 25/03/2025 ൽ ആർസിസിയിൽ എത്തിച്ച 92 പാക്കറ്റ് ടെമോസോളോമൈഡ് 100 എം ജി ബാച്ചിലാണ് ആശയക്കുഴപ്പം ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.
സ്റ്റോക്ക് എടുക്കുന്നത് മരുന്നിന്റെ ബാച്ച് നമ്പറും മറ്റുരേഖകളും കൃത്യമായി പരിശോധിച്ച ശേഷമാണ്. നേരത്തെ ലഭിച്ച സ്റ്റോക്ക് ബാക്കി ഉണ്ടായിരുന്നതിനാൽ 27/06/2025 നാണ് ഈ പാക്കറ്റിൽ നിന്നും മരുന്ന് രോഗികൾക്ക് വിതരണം ചെയ്യുന്നതിനായി ഫാർമസിയിൽ എത്തിച്ചത്. ഫാർമസി ജീവനക്കാർ പരിശോധന നടത്തിയശേഷമാണ് രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നത്.
Also read: നിയമസഭയിൽ അക്രമ സമരവുമായി പ്രതിപക്ഷം; സംഘർഷത്തിൽ ചീഫ് മാർഷലിന് പരിക്കേറ്റു
രോഗികൾക്ക് മരുന്ന് വിതരണം ചെയ്യുന്നതിന് ബാച്ചിലെ ആദ്യസെറ്റ് എടുക്കുമ്പോൾ തന്നെ 10 പാക്കറ്റുകളുടെ ഒരു സെറ്റിൽ രണ്ടു പാക്കറ്റുകളിൽ എറ്റോപോസൈഡ് 50 എം ജി എന്ന ലേബൽ ഫാർമസി സ്റ്റാഫിന്റെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ പാക്കറ്റുകൾ പൊട്ടിച്ച് പരിശോധിക്കുകയും ചെയ്തു.പാക്കറ്റിനുള്ളിലെ ബോട്ടിലിൽ ടെമോസോളോമൈഡ് 100 എം ജി എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
ആശയക്കുഴപ്പം ഉണ്ടായതിനാൽ ടെമോസോളോമൈഡിന്റെ വിതരണം ഉടനടി നിർത്തിവെച്ചു. തെറ്റായ മരുന്ന് ഒരു രോഗിക്കും വിതരണം ചെയ്തിട്ടില്ല. രോഗികൾ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. വിതരണക്കാരായ കമ്പനിയെ ഉടൻ വിവരം അറിയിച്ചു. ആർസിസി ഡ്രഗ് കമ്മിറ്റി ഗ്ലോബല ഫാർമ പ്രൈവറ്റ് ലിമിറ്റഡിൽ നിന്നും മേൽപ്പറഞ്ഞ രണ്ട് മെഡിസിനുകളും എടുക്കേണ്ടതില്ലെന്നും കമ്പനിയുമായി പുതിയ കരാറിൽ ഏർപ്പെടേണ്ടതില്ലെന്നും തീരുമാനമെടുത്തു.
ഡ്രഗ് കൺട്രോളർ ഓഫ് കേരള ആശുപത്രിയിലെത്തി സംശയാസ്പദമായ മുഴുവൻ പാക്കറ്റുകളും കണ്ടെടുത്തു നിയമപരമായ തുടർ നടപടികൾ ഡ്രഗ് കൺട്രോളർ ഓഫ് കേരളയുടെ ഭാഗത്തുനിന്നും സ്വീകരിക്കുമെന്നും റീജണൽ കാൻസർ സെന്റർ ഡയറക്ടർ ഡോ. ആർ രജനിഷ് കുമാർ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

