സർക്കാർ ആശുപത്രികളെ തകർക്കാൻ മാധ്യമ വേട്ടയോ?മാതൃഭൂമി, മനോരമ വാർത്തകളെ പൊളിച്ചടുക്കി ഫേസ്ബുക്ക് പോസ്റ്റ്

meghanadh-facebook-post-exposes-mathrubhumi-manorama-kerala-health-sector-data

കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കുന്ന മാധ്യമ വാർത്തകൾക്കെതിരെ ശക്തമായ പ്രതികരണവുമായി സോഷ്യൽ മീഡിയ. സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവുകളെ പർവ്വതീകരിച്ച് കാട്ടുന്ന മാതൃഭൂമി, മനോരമ തുടങ്ങിയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ വസ്തുതാവിരുദ്ധമാണെന്ന് കണക്കുകൾ നിരത്തി വ്യക്തമാക്കുന്ന മേഘനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.

2023-24 കാലയളവിൽ 11.29 കോടി ജനങ്ങൾ സർക്കാർ ആശുപത്രികളെ ആശ്രയിച്ചപ്പോൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉയർന്നത് വെറും 47 പരാതികൾ മാത്രമാണെന്നിരിക്കെ, ആരോഗ്യരംഗം ആടിയുലയുന്നു എന്ന രീതിയിലുള്ള വാർത്തകൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് കുറിപ്പിൽ പറയുന്നു.

ALSO READ : സർക്കാർ ആശുപത്രികൾക്കെതിരെയുള്ള മനോരമയുടെ നുണകൾക്ക് കണക്കുകൾ നിരത്തി മറുപടി; ചർച്ചയായി ഫേസ്ബുക് പോസ്റ്റ്

ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് പ്രതിവർഷം 52 ലക്ഷം ചികിത്സാ പിഴവ് പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ, കേരളത്തിലെ സർക്കാർ മേഖലയിൽ പരാതികളുടെ തോത് അത്യന്തം കുറവാണെന്ന് പോസ്റ്റ് ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ ഉയരുന്ന ചികിത്സാ പരാതികളിൽ 92.64 ശതമാനവും സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടതാണെന്നിരിക്കെ, കേവലം 7.36 ശതമാനം മാത്രം പരാതികളുള്ള സർക്കാർ മേഖലയെ ലക്ഷ്യം വയ്ക്കുന്നത് സ്വകാര്യ ആശുപത്രികൾക്ക് വേണ്ടിയുള്ള വക്കാലത്താണെന്നും രാഷ്ട്രീയ താൽപ്പര്യങ്ങളാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നും മേഘനാഥ് ചൂണ്ടിക്കാട്ടുന്നുണ്ട്

ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം

2023-24 ലെ കണക്കനുസരിച്ച് , പ്രാഥമികാരോഗ്യകേന്ദ്രം മുതൽ സൂപ്പർ സ്പെഷ്യാലിറ്റി വരെയുള്ള സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി എത്തിയവരുടെ എണ്ണം 11 .29 കോടിയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ചികിത്സാ പിഴവ് സംബന്ധിച്ച് ഉയർന്ന പരാതികളാകട്ടെ 47 എണ്ണവും . ഇതിൽ 26 എണ്ണം മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ടാണ് . തീർച്ചയായും അവയും ഒഴിവാക്കപ്പെടേണ്ടത് തന്നെ .

ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ കണക്കു പ്രകാരം രാജ്യവ്യാപകമായി പൊതു- സ്വകാര്യ ആശുപത്രികളിൽ ചികിത്സാപിഴവ് സംബന്ധിച്ച് പ്രതിവർഷം 52 ലക്ഷം പരാതികൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ചികിത്സാപ്പിഴവ് മൂലം ഒരു വർഷം 98000 മരണം സംഭവിക്കുന്നതായും ജേണൽ പറയുന്നു. ഇതിൽ മഹാഭൂരിപക്ഷവും ശസ്ത്രക്രിയ പിഴവ് മൂലമാണ്.

ഏറ്റവും കൂടുതൽ പരാതി ഉയരുന്നത് പഞ്ചാബിലാണ് – 24 % . പശ്ചിമ ബംഗാൾ – 17 , മഹാരാഷ്ട്ര – 16 , തമിഴ്നാട് – 11 എന്നിവയാണ് കൂടുതൽ ചികിത്സാപ്പിഴവ് റിപോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങൾ . കേരളത്തിൽ ഇത് അഞ്ച് ശതമാനത്തോളമാണ് . കേരളത്തിൽ ഉയരുന്ന പരാതികളിൽ 92.64 ശതമാനം സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടവയാണ്. സർക്കാർ ആശുപത്രികളെ കുറിച്ചുയരുന്നത് കേവലം 7.36 ശതമാനം മാത്രം .

സർക്കാർ ആശുപത്രികളിലെ ചെറിയ പിഴവുപോലും , പെരുപ്പിച്ച് സർവ്വത്ര കുഴപ്പമാണെന്ന് വരുത്താൻ ശ്രമിക്കുന്ന മാധ്യമങ്ങൾ , സ്വകാര്യ കുത്തക ആശുപത്രികളുടെ വക്കാലത്താണ് ഏറ്റെടുത്തിരിക്കുന്നത്. ആശുപത്രിയിലെ പിഴവുകൾക്ക് ചികിത്സിച്ച ഡോക്റ്ററുടെ വീഴ്ച്ച എന്നതിനപ്പുറം , സർക്കാർ അല്ലെങ്കിൽ മന്ത്രിയുടെ പിടിപ്പുകേട് എന്ന് സ്ഥാപിച്ചെടുക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. രാഷ്ടീയം , വ്യക്തി വിദ്വേഷം , സ്വകാര്യ ആശുപത്രി വക്കാലത്ത് എന്നിവയൊക്കെയാണ് കാടടച്ച് വെടിവെക്കലിനു പിന്നിൽ .

ഇന്നത്തെ മാതൃഭൂമി ലീഡ് …” ആരോഗ്യരംഗം ആടിയുലയുകയാണെന്നാണ്. ഇതിനു പുറമെ നടുപ്പേജിൽ പത്തു കോളം മറ്റൊരു വാർത്തയുമുണ്ട്. സർക്കാർ ആശുപത്രി പോക്കാണ് എന്നാണ് അതും സമർത്ഥിക്കുന്നത്. കൂട്ടക്കുഴപ്പമെന്ന കൂട്ട നിലവിളി ജനത്തെ ആശങ്കയിലാക്കും. അവർ വിറ്റു പെറുക്കി സ്വകാര്യ ആശുപത്രികളിൽ അഭയം തേടും .മാധ്യമങ്ങൾ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാരിനെതിരെ ജന വികാരമുയർത്താൻ ലക്ഷ്യമിട്ടാണ് നിറം പിടിപ്പിച്ച കഥകൾ എഴുതുന്നത്. കുഴപ്പമെന്താണെന്നു വച്ചാൽ …. നിങ്ങൾക്ക് പ്രിയങ്കരൻ ഭരിച്ചാലും …. നിങ്ങളുണ്ടാക്കിയ ധാരണ മാറില്ലെന്നതാണ് . ആരോഗ്യരംഗത്തെ കുറിച്ചെങ്കിലും പകയോടെ വാർത്ത പൊലിപ്പിക്കുന്ന രീതി അവസാനിപ്പിച്ചാൽ എല്ലാവർക്കും നന്ന്.
വീഴ്ച്ച റിപ്പോർട്ട് ചെയ്യരുത് എന്നല്ല. ഏതാനും വീഴ്ച്ചയെ സാമാന്യവത്കരിച്ച്
ജനത്തെ തെറ്റിദ്ധരിപ്പിക്കരുത്. ഒരപേക്ഷയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News