‘വണ്ടി വാങ്ങിയിട്ട് ഒരുവര്‍ഷം, ഓടിയത് 3000 km മാത്രം, വഴിയില്‍ കിടന്നത് പത്തോളം തവണ’: കോമറ്റ് ഇവിക്കെതിരെ വൈറലായി ഉടമയുടെ കുറിപ്പ്

MG Comet EV

കോമറ്റ് ഇവിക്കെതിരെ വൈറലായി ഉടമയുടെ കുറിപ്പ്. ഷോറൂമില്‍ പോയി വാഹനം വാങ്ങിയ അന്നുമുതല്‍ അനുഭവിക്കുന്ന ദുരനുഭവമാണ് ഉടമ പങ്കുവെച്ചത്. ഡിസ്‌പ്ലേ ബോര്‍ഡില്‍ പലപല വാണിംഗ് സിഗ്‌നലുകള്‍, വണ്ടി ചാര്‍ജിങ്ങിന് കണക്ട്ചെയ്താല്‍ ബോഡിയില്‍ നിന്ന് ഷോക്ക്, ഉപയോഗിക്കുന്നതിനിടെ എവിടെയെങ്കിലും നിര്‍ത്തി എന്‍ഞ്ചിന്‍ ഓഫ് ചെയ്താല്‍ പിന്നെ ഓണ്‍ ആവാത്ത അവസ്ഥ എന്നിങ്ങനെ കഴിഞ്ഞ ഒരു വര്‍ഷകാലം നേരിട്ട ദുരവസ്ഥയെ കുറിച്ചാണ് ഉടമ ഫെയ്‌സ്ബുക്കില്‍ തുറന്നെഴുതിയിരിക്കുന്നത്.

Also read – അടിച്ചുമാറ്റിയ ബൈക്കുമായി മോഷ്ടാവ് വന്നു ചാടിയത് പരാതി കൊടുക്കാൻ പോയ ഉടമയുടെ മുന്നിൽ; കയ്യോടെ പിടികൂടി, സംഭവം പാലക്കാട്

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

ഒരു വർഷത്തോളമായി ഞാൻ comet വാങ്ങിയിട്ട്.

വളരെ സൗകര്യങ്ങളുള്ള കൊച്ചു വണ്ടി. 8.5 km മൈലേജുള്ള xuv എല്ലാ കാര്യങ്ങൾക്കും പറ്റില്ലല്ലോ! Main ആയിട്ടും വൈകിട്ടത്തെ ഷോപ്പിംഗ്. Town ൽ എവിടെച്ചെന്നാലും park ചെയ്യാം. ഒരു ഓട്ടോറിക്ഷയുടെ space, അത്രയേ വേണ്ടു. നല്ല power, നല്ല Pulling, മൈലേജ് ആണെങ്കിൽ ഒരു ചാർജിങ്ങിന് 200 km ഉറപ്പ്.

AC മുതലായ ഫീച്ചറുകളെല്ലാം advanced technolagy തന്നെ.

എന്തുകൊണ്ടും 10 ലക്ഷം മുടക്കിയാലും satisfied.

വണ്ടി എടുത്ത അന്നു മുതൽ ദാ ഇന്നലെ രാത്രി വരെ സ്വസ്ഥമായി ഒന്ന് ഉപയോഗിക്കാൻ പറ്റിയിട്ടില്ല. കോട്ടയം show റൂമിൽ നിന്നാണ് വാങ്ങിയത്.

ഞാൻ പോയിട്ടുമില്ല. എല്ലാം അവരുതന്നെ ശരിയാക്കി പാലായിൽ എത്തിച്ചുതന്നു. കയറിയിരുന്ന് ഓടിച്ചുനോക്കിയപ്പോൾ സുഖം, പുറമെനിന്ന് കാണുമ്പോളുള്ള ആ പൈത്ത്യക്കേടൊന്നും അകത്തുകയറിയിരുന്ന് ഓടിച്ചപ്പോൾ തോന്നിയില്ല.

പക്ഷേ ഉപയോഗിച്ചു തുടങ്ങിയപ്പോൾ മുതൽ

ഡിസ്പ്ലേ ബോർഡിൽ പലപല warning സിഗ്നലുകൾ കത്തിതുടങ്ങി.

ചിലപ്പോൾ ഡിസ്പ്ലേ അപ്പാടെ ഓഫാകും.കുറച്ചു കഴിയുമ്പോൾ വരും.KSEB യുടെ കറന്റായതു കൊണ്ടായിരിക്കുമെന്ന് ഞാൻ കരുതി.

Show റൂമിൽ വിളിക്കുമ്പോൾ ഒരേ മറുപടി. അത് കുഴപ്പമില്ല, സാറ് ഓടിച്ചോളൂ, warning സാരമില്ല, എല്ലാം സെൻസർ ആയതുകൊണ്ട് വരുന്നതാണ്.

പലതവണ വിളിച്ചു, ആരും വരുന്നില്ല. വണ്ടി കാഴ്ചവസ്തുപോലെ ഷെഡ്‌ഡിൽ കിടക്കുന്നു.വഴക്കായി, വക്കാണമായി. ഒടുവിൽ ആളുവന്നു, ശരിയാകാഞ്ഞിട്ട് വണ്ടി കൊണ്ടുപോയി. എല്ലാം clean ആക്കി കോംപ്രമൈസ് ചെയ്തു. ഞാൻ വണ്ടി ഉപയോഗിച്ചു തുടങ്ങി.

പിന്നീടങ്ങോട്ട് ഇതെഴുതുന്ന സമയംവരെ സമാധാനമില്ല.

വണ്ടി ചാർജിങ്ങിന് connect ചെയ്യുമ്പോൾ body യിൽനിന്ന് ഷോക്ക്.

ഉപയോഗിക്കുന്നതിനിടെ എവിടെയെങ്കിലും നിറുത്തി engine off ചെയ്‌താൽ പോയി, സകലതും പോയി. പിന്നെ on ആകില്ല, door തുറക്കത്തില്ല, ലൈറ്റ്കൾ കത്തില്ല ഒരു ഓർഡറും അനുസരിക്കത്തില്ല, completely dead.

പച്ചക്കറിക്കടയിൽ, ഹോട്ടലിൽ, ബാങ്കിൽ, ബാർബർ ഷോപ്പിൽ, വീട്ടിലെ ഷെഡ്‌ഡിൽ ഇങ്ങിനെ എവിടെ വണ്ടി നിറുത്തിയോ അവിടെക്കിടക്കും.

ആദ്യമാദ്യമൊക്കെ ടോൾ free നമ്പറിൽ വിളിച്ചാൽ ആള് വരുമായിരുന്നു.

ഇപ്പോൾ ആരും തിരിഞ്ഞുനോക്കാറില്ല.

ഈ പോയ ആഴ്ചയിൽ 22 ന് മുടിവെട്ടിക്കാൻ പോയ ബാർബർ ഷോപ്പിന് മുന്നിൽ വച്ച് കാർ ഓഫായി, നിരവധി കോളുകൾ, വിലപ്പെട്ട മണിക്കൂറുകൾ. അത്താഴത്തിനുള്ള അരി വണ്ടിയ്ക്കകത്ത്. എന്തുചെയ്യും?

മണിക്കൂറുകൾ കഴിഞ്ഞ് സ്വന്തം പോക്കറ്റിലെ കാശുകൊടുത്ത് മുൻപ് കമ്പനിയിൽനിന്നുവിട്ട ടെക്‌നിഷനെ വിളിച്ചുവരുത്തി വണ്ടി നന്നാക്കി വീട്ടിൽ പോന്നു.

അതിനുശേഷം ടൗണിൽ പോകുമ്പോൾ വണ്ടി എവിടെയെങ്കിലും നിറുത്തിയാൽ engine ഓഫാക്കാതെ സ്റ്റാർട്ടിങ്ങിൽ നിറുത്തും.

രണ്ടു ദിവസംകഴിഞ്ഞ് 24 ആം തീയതി വീണ്ടും പണികിട്ടി.

ടൗണിൽപോയി വന്നു. ഭാഗ്യത്തിന് കാർഷെഡ്‌ഡിൽ വണ്ടി നിറുത്തി പുറത്തിറങ്ങുകയും വണ്ടി ഓഫാകലും ഒരുമിച്ചായിരുന്നു.

വാങ്ങിയ പച്ചക്കറികളും മറ്റും വണ്ടിയ്ക്കകത്ത്.

യുദ്ധകാലാടിസ്‌ഥാനത്തിൽ തലങ്ങും വിലങ്ങും വിളിച്ചു. ഒരു പട്ടിക്കുറുക്കനും വന്നില്ല.

ചില Road Side Assistance (RSA)

കാര് പറഞ്ഞത് ഞങ്ങളിപ്പോൾ ഈ കമ്പനിയുടെ work ചെയ്യുന്നില്ല എന്നാണ്.പിന്നെ മറ്റു മാർഗ്ഗമില്ലാതെ കാശുകൊടുത്ത് ടെക്‌നിഷൻ രഞ്ജിത്തിനെ വരുത്തി വണ്ടി live ആക്കി.

ഇതുവരെ 24 ആം തീയതിയിലെ കംപ്ലയിന്റ് ന്റെ പേരിൽആരും ഈ വഴിക്ക് വന്നിട്ടില്ല.

ഇന്നലെ 29 ആം തീയതി പുറത്തുപോയി കുഞ്ഞുങ്ങൾക്ക് പഴവും ഫ്രൂട്സും വാങ്ങി വന്നു. ഷെഡ്‌ഡിൽ വണ്ടിയികയറ്റിയിട്ട് പുറത്തിറങ്ങി. സംഗതി പൂട്ടുവീണു.

ഒന്നു രണ്ടു മണിക്കൂർ നിറുത്താതെ സകല നമ്പറിലും വിളിച്ചു, വിളിച്ചുവിളിച്ചു നിലവിളി വരെ ആയി. അങ്ങിനെ പാതിരാത്രിയോടടുത്ത് നമ്മുടെ സ്‌ഥിരം ടെക്‌നിഷൻ രഞ്ജിത്ത് വന്ന് ശാപമോക്ഷം തന്നു.

ഇതിനിടയിൽ വളരെ രസകരമായ ഒരു സംഗതികൂടെ പറയാതെപോയാൽ കോട്ടയം ഷോറൂമിന്റെ കെടുകാര്യസ്‌ഥത പൂർണ്ണമാകില്ല.

3 മാസം മുൻപ് ഒരു പത്താം തീയതി രാവിലെ നമ്മുടെ കോമറ്റിന്റെ പുറകിൽ ഒരു കിയ വണ്ടി വന്നിടിക്കുന്നു. ഇടിയുടെ ആഘാതത്തിൽ back left side പൊളിഞ്ഞുപോയി.ഒരു കുഞ്ഞടക്കം രണ്ടു വണ്ടിയിലുമുണ്ടായിരുന്നവർക്ക് ഒന്നും പറ്റിയില്ല, ഭാഗ്യം.

പോലീസിലും ഇൻഷുറൻസ് കമ്പനിയിലും ബന്ധപ്പെട്ടു. GD entry ഇട്ട് വണ്ടി കോട്ടയം showroom ൽ ഏൽപ്പിച്ചു. ആഴ്ചകൾ ഒന്ന് രണ്ട് മൂന്ന് കടന്നുപോയി . ഒന്നും നടക്കുന്നില്ല. നാലാമത്തെ ആഴ്ചയിലേയ്ക്ക് കടക്കവേ കുറെയേറെ വഴക്കുണ്ടാക്കി രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോൾ രാത്രി വണ്ടി പാലായിലെത്തിച്ചുതന്നു. ഒന്ന് ട്രയൽ നോക്കാമെന്നുകരുതി ഇടപ്പാടിവരെ 2km ഓടിച്ചുനോക്കി. കടകടാ ശബ്ദം കാരണം വണ്ടിയിൽ ഇരിക്കാൻ വയ്യ. വണ്ടി സ്പീഡെടുക്കുമ്പോൾ നമ്മൾ സീറ്റിൽനിന്ന് തെറിക്കും, മുകളിൽ തലമുട്ടിയിട്ട് താഴെവീഴും.

വണ്ടിയുടെ front ൽ തകിട് ചളുങ്ങിയത് അങ്ങിനെതന്നെ ഇരിക്കുന്നു.

42000.00 രൂപ മുടക്കി പണിത വണ്ടിയുടെ അവസ്‌ഥയാണ് മുകളിൽ പറഞ്ഞത്.

പ്രശ്നമായി. ഷോറൂമിൽ വിളിച്ചുവിളിച്ചു മടുത്തു.ആള് വരുമെന്ന് സ്‌ഥിരം മറുപടി.

ഫ്രണ്ടിലെ ചളുക്കത്തിന്റെ കാര്യത്തിൽ വേറൊരു രസകരമായ മറുപടിയും.

ബാക്കിൽ ഇടിച്ചെന്നല്ലേ നിങ്ങൾ പറഞ്ഞത്?ബാക്കിലെ കാര്യമേ ഞങ്ങൾ നോക്കു.

Front പണിയണമെങ്കിൽ അതിന് വേറെ payment തരണം.

1975 മുതൽ വണ്ടി ഓടിക്കുകയും ചിലപ്പോളൊക്കെ ചെറുതും വലുതുമായ അപകടങ്ങളിൽ പെടുകയും ഇൻഷുറൻസ് ഇടപാടുകൾ നടത്തുകയും ചെയ്തിട്ടുള്ള എനിക്ക് ഇത് പുതിയ ഒരറിവായിരുന്നു.

ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടു. അവർ ഷോറൂമിൽ വിളിച്ചിട്ടായിരിക്കാം എന്തായാലും വണ്ടി വീണ്ടും കൊണ്ടുപോയി. ഒരാഴ്ചയായിക്കാണും വണ്ടി നന്നാക്കി തന്നു. 5000.00 രൂപയോളം കൊടുക്കണമെന്ന് പറഞ്ഞെങ്കിലും ഇൻഷുറൻസ് കമ്പനിക്കാർ തന്ന നിർദ്ദേശമനുസരിച്ച് ഞാൻ പണം കൊടുത്തില്ല. ആദ്യം അടച്ച തുക എനിക്ക് claim കിട്ടുകയും ചെയ്തു.

വണ്ടിയുടെ ബോഡിയിലെ ഇലക്ട്രിക് ഷോക്ക് ഇപ്പോളും നിൽക്കുന്നു.

Charging unit കേടാണ്. കഴിഞ്ഞ മാർച്ചുമാസം മുതൽ ഒരുപാടിടത്ത് കംപ്ലയിന്റ് ചെയ്തു.

Showroom കാരുപറയുന്നു, അത് ഞങ്ങൾക്കുത്തരവാദിത്വമില്ല, നിങ്ങൾ ലെഗ്രാൻഡിൽ പറയ്‌. നമ്പറും തന്നു. വെള്ളത്തിൽ വര വരച്ചാൽ എങ്ങിനെയിരിക്കും ⁉️

ഇന്ന് സെപ്റ്റംബർ 30.

7 മാസം കഴിഞ്ഞിട്ടും ഒരു ചുക്കും നടന്നിട്ടില്ല.ആരും വന്നില്ല.

ഡിസ്പ്ലേ work ചെയ്‌താലുമായി ഇല്ലെങ്കിലുമായി. കുറെയേറെ warning സിഗ്നലുകൾ ഇടയ്ക്കിടെ കത്തും കെടും. ഉത്സവപ്പറമ്പിലെ വൈദ്യുതഅലങ്കാരം പോലെ.

ഇപ്പോൾ ഞാൻ വക്കീലോഫീസിൽ കയറിയിറങ്ങുന്നു.

ഭാര്യയുടെ പേരിൽ രജിസ്റ്റർ ചെയ്ത് വാങ്ങിയ വണ്ടി ഇപ്പോൾ എന്റെ പേരിലേയ്ക്ക് മാറ്റി. വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെ വെറുതെ കോടതി കയറ്റേണ്ടല്ലോ എന്നു കരുതി.

10 ലക്ഷത്തിന്റെ വണ്ടി, അഡിഷണൽ അതുമിതും, പിന്നെ പെയിന്റിംഗിന്റെ പുറമെ എന്തോ ഒരു coating, അതിന് 25000.00.

എല്ലാ വണ്ടിക്കും രണ്ട് key കൾ കിട്ടും. ഇതിന് ഒറ്റ കീയാണ്. അതു കേടായാൽ, നഷ്ടപ്പെട്ടാൽ ⁉️വണ്ടിതന്നെ ഉപേക്ഷിക്കേണ്ടി വരില്ലേ. ഇത്രയും സെൻസറുകൾ ഉള്ള വാഹനത്തിന് ഒരു എക്സ്ട്രാ key തരേണ്ടതല്ലേ.?

ഒരു hand book പോലുമില്ല. ചോദിച്ചപ്പോൾ net ൽ കയറിയാൽ കിട്ടും എന്ന് മറുപടി.

ഇതെന്തൊരു വെള്ളരിക്കാ പട്ടണമാണോ ആവോ.

വണ്ടി വാങ്ങിയിട്ട് ഒരുവർഷമായി.ഓടിയത് കേവലം 3000 km നടുത്ത്.

വഴിയിൽ കിടന്നത് പത്തോളം തവണ.

സ്വന്തമായി ഒരു വർക്ക് ഷോപ്പും എലക്ട്രിഷനും സംവിധാനവും ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ ഗതികേട് വരത്തില്ലായിരുന്നു, അതിന് മറ്റുള്ളവരെ പഴിച്ചിട്ട് എന്തുകാര്യം.

അല്ലേ?

ഇന്ത്യയുടെ മണ്ണിലിരുന്നുകൊണ്ട് പാക്കിസ്‌ഥാന്റെ അണ്ണാക്കിൽ ബ്രഹ്മോസ് ഇടിച്ചുകയറ്റി തവിടുപൊടിയാക്കിയ സാങ്കേതിക വിദ്യയുള്ള ഇൻഡ്യാ മഹാരാജ്യത്തിൽ ഒരു കുഞ്ഞൻ കാറുമേടിച്ചിട്ട് അതിനകത്തിരുന്നു ഷോക്കടിച്ചു ചാകാനാണോ എന്റെ വിധി? ആരറിഞ്ഞു “

പോസ്റ്റ്‌ കടപ്പാട് : കരുണ ഹോസ്പിറ്റൽ പാലാ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News