
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ(എം) നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ നിര്യാണത്തില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തില്‍ എട്ട് പതിറ്റാണ്ടിലേറെ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും വേലിയേറ്റം സൃഷ്ടിച്ച നേതാവായിരുന്നു വി.എസ്.അച്യുതാനന്ദന്‍. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലൂടെ വളര്‍ന്ന്, തൊഴിലാളി-കര്‍ഷക സമരങ്ങളുടെ മുഖ്യസംഘാടകനായി പിന്നീട് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം നിരവധി തവണ എം.എല്‍.എ, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിങ്ങനെ പലവിധ ചുമതലകള്‍ വഹിച്ചുകൊണ്ട് ആധുനിക കേരളത്തിന്റെ വളര്‍ച്ചയോടൊപ്പം മലയാളി മനസ്സില്‍ ഇടം നേടിയ പകരം വെക്കാനില്ലാത്ത വ്യക്തിത്വത്തിനുടമായാണ് വി.എസ്. എന്നും മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
പുന്നപ്ര-വയലാറിന്റെ കനലാണ് വി.എസ്.അച്യുതാനന്ദന്‍ എന്ന വിപ്ലവകാരിയെ ജ്വലിപ്പിച്ചത്. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് വി.എസ് കേരളജനതയ്ക്ക് ജനനായകനായി മാറിയത്. 1957ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലേറിയപ്പോള്‍ സംസ്ഥാന സമിതിയില്‍ അംഗമായിരുന്ന ഒമ്പതു പേരില്‍ ഒരാളായിരുന്നു വി.എസ്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത ജനകീയ പ്രശ്നങ്ങള്‍ ബഹുജന ശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ വി.എസ് നിര്‍ണായക പങ്ക് വഹിച്ചു. അനീതികള്‍ക്കെതിരെ തലയുയര്‍ത്തി നിന്ന, രാഷ്ട്രീയ പ്രതിബദ്ധതയും ആദര്‍ശശുദ്ധിയും ജീവിതപാഠമാക്കിയ വി.എസ് എന്ന വിപ്ലവ സൂര്യന്‍ വിടവാങ്ങുമ്പോള്‍ പോരാട്ടവീര്യം നിറഞ്ഞ രാഷ്ട്രീയ യുഗം കൂടി അവസാനിക്കുകയാണ്.
ALSO READ – “വി എസ് ഇല്ലാ എന്നത് ജനാധിപത്യ കേരളത്തിന് തീർത്താൽ തീരാത്ത നഷ്ടം” ; കെ ബി ഗണേഷ്‌കുമാർ
പ്രിയപ്പെട്ട സഖാവ് എന്നതിലുപരി അദ്ദേഹവുമായിണ്ടായിരുന്ന ആത്മബന്ധം എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കും. 1980-ല്‍ ഞാന്‍ ആദ്യമായി നിയമസഭാംഗമായ കാലഘട്ടത്തില്‍ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയായിരുന്നു വി.എസ്. 2006 മുതല്‍ 2021 വരെയുള്ള കാലയളവില്‍ നിയമസഭാംഗമെന്ന നിലയിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളുടെയും പാര്‍ട്ടിപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

