
സംസ്ഥാനങ്ങൾക്ക് നൽകേണ്ട വിഹിതം വെട്ടിക്കുറച്ചും, പ്രധാനപ്പെട്ട പദ്ധതികളുടെ ബാധ്യതകളിൽ നിന്ന് പിന്മാറിയും കേന്ദ്രസർക്കാർ ഫിസിക്കൽ ഫെഡറലിസത്തെ തകർക്കുന്ന നിലപാടുകളാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രത്തിന്റെ ഇത്തരം സാമ്പത്തിക നയങ്ങൾ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുകയും സാധാരണക്കാരുടെ തൊഴിലും വരുമാനവും ഇല്ലാതാക്കുകയും ചെയ്യുമെന്ന് അദ്ദേഹം എറണാകുളത്ത് നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുടെ പണം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും പ്രതിഷേധമുയരുന്ന സാഹചര്യത്തിൽ, പദ്ധതിയുടെ വിഹിതം 60 ശതമാനമായി കുറച്ചത് സംസ്ഥാനങ്ങൾക്ക് വലിയ അധിക ബാധ്യതയുണ്ടാക്കുമെന്നും തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്നും ബാലഗോപാൽ പറഞ്ഞു. ഇത് കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിൽ (സെൻട്രൽ-സ്റ്റേറ്റ് റിലേഷൻഷിപ്പ്) ഓരോ ഉത്തരവാദിത്വങ്ങളിൽ നിന്നും കേന്ദ്രം പുറകോട്ട് മാറുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ: ഒ സദാശിവന്‍ കോഴിക്കോട് മേയറാകും; ഡോ. ജയശ്രീ ഡെപ്യൂട്ടി മേയറാകും
ഏറ്റവും മോശപ്പെട്ട കാർഷിക മേഖലയിലെ തകർച്ച പരിഹരിക്കുന്നതിനും, ഗ്രാമീണ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷം മുന്നോട്ടുവെച്ച നിർദ്ദേശപ്രകാരം ഈ പദ്ധതി നടപ്പിലാക്കിയത്. കാർഷിക മേഖലയും പരമ്പരാഗത വ്യവസായങ്ങളും തകർന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിൽ ഗ്രാമീണ ജനതയ്ക്ക് വരുമാനം കിട്ടുന്ന പ്രധാന പദ്ധതിയാണിത്. കഴിഞ്ഞ വർഷം കേരളത്തിൽ മാത്രം 9.07 കോടി തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്. 13.72 ലക്ഷം കുടുംബങ്ങൾ ഇതിൽ പങ്കെടുത്തു, 22 ലക്ഷത്തോളം പേർ പദ്ധതിയിൽ എൻറോൾ ചെയ്തിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയുടെ 90 ശതമാനം ചെലവും സംസ്ഥാനങ്ങൾക്ക് നൽകിയിരുന്നത് കേന്ദ്രമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ, പണം വെട്ടിക്കുറച്ചതു കാരണം സംസ്ഥാനത്തിന് ഒരു വർഷം കുറഞ്ഞത് 2000 കോടി രൂപയുടെയെങ്കിലും കുറവുണ്ടാകും. കേരളത്തിന് 80,000 കോടി രൂപ കുറഞ്ഞുവെന്നും, ഉത്തർപ്രദേശിന് ഇതിലും കൂടുതൽ കുറവുണ്ടായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിലുറപ്പ് പദ്ധതിയിലെ വെട്ടിച്ചുരുക്കൽ കേന്ദ്രത്തിന്റെ തെറ്റായ സാമ്പത്തിക നയത്തിന്റെ പ്രതിഫലനം മാത്രമാണ്. സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട ന്യായമായ വിഹിതം വെട്ടിക്കുറച്ച്, കേന്ദ്രം സംസ്ഥാനങ്ങളുടെ വരുമാനത്തിൽ നിന്ന് കവർന്നെടുക്കുന്ന തരത്തിലാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വർഷം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും കൊടുക്കേണ്ട 80,000 കോടി രൂപയുടെ ഷെയർ കേന്ദ്രം വെട്ടിക്കുറച്ചു.
ജിഎസ്ടി പരിഷ്കാരം വന്നപ്പോൾ തന്നെ ഇത് സംസ്ഥാനങ്ങളെ അപകടത്തിലാക്കുമെന്ന് രാജ്യസഭയിലെ സെലക്ട് കമ്മിറ്റിയിൽ താൻ ഡിസെന്റ് നൽകിയിരുന്നതായി ബാലഗോപാൽ ഓർമിപ്പിച്ചു. അരവിന്ദ് സുബ്രഹ്മണ്യം കമ്മിറ്റി ശുപാർശ ചെയ്ത 14.5 ശതമാനം എന്ന റെവന്യൂ ന്യൂട്രൽ റേറ്റ് പിന്നീട് 11 ശതമാനമായും, തുടർന്ന് റേറ്റ് റാഷണലൈസേഷൻ എന്ന പേരിൽ 8 നും 9 നും ഇടയിലുള്ള ശതമാനമായും കുറച്ചത് സംസ്ഥാനങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കി.
ഈ റേറ്റ് കുറച്ചതിന്റെ ഫലമായി കേരളത്തിന് മാത്രം അടുത്ത വർഷം 8000 കോടി രൂപ മുതൽ 12000 കോടി രൂപ വരെ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം. പുതിയ റേറ്റ് വന്നതിന് ശേഷമുള്ള ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങളുടെ വരുമാനം ആദ്യമായി നെഗറ്റീവ് ഗ്രോത്ത് രേഖപ്പെടുത്തിയത് ഈ പഠനം ശരിയാണെന്ന് തെളിയിക്കുന്നു.
സാധാരണക്കാർക്ക് ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ വില കുറയ്ക്കുന്നതിനായിട്ടാണ് ടാക്സ് കുറയ്ക്കുന്നത് എന്ന് പറഞ്ഞിരുന്നെങ്കിലും, ഉൽപ്പന്നങ്ങളുടെ വില കുറഞ്ഞിട്ടില്ല. ചുരുക്കത്തിൽ, 2.5 ലക്ഷം കോടി രൂപ വരെയുള്ള ടാക്സ് ഇളവ് വൻകിട കമ്പനികൾക്ക് ബെനഫിറ്റ് ആയി മാറുകയാണ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഈ നഷ്ടം നികത്താൻ കോമ്പൻസേഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് എട്ട് സംസ്ഥാനങ്ങൾ യോഗം ചേർന്നുവെങ്കിലും കേന്ദ്രം തയ്യാറായില്ല. മുന്നോട്ട് പോകുമ്പോൾ ഇന്ത്യയിൽ ആകെ 10 ശതമാനം വരെ ടാക്സ് റെവന്യൂവിൽ വരുമാനം കുറഞ്ഞേക്കാം എന്ന ആശങ്കയുണ്ടെന്നും ബാലഗോപാൽ മുന്നറിയിപ്പ് നൽകി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

