
സംസ്ഥാനത്തും കോഴിക്കോടും ഇടതുമുന്നണിയ്ക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളെയും വികസന പ്രവർത്തനങ്ങളെയും ജനങ്ങൾ പൊതുവേ സ്വീകരിച്ചിട്ടുണ്ട് എന്നും, സർക്കാരിനെതിരെ എവിടെയും ഒരു വികാരവും കാണാനില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഈ തിരഞ്ഞെടുപ്പിൽ മുന്നണി തീരുമാനത്തിന്റെ ഭാഗമായി താൻ വ്യക്തിപരമായി 155-ലധികം കുടുംബയോഗങ്ങളിൽ പങ്കെടുത്തു. ഏകദേശം 13,066 പേരുമായിട്ടാണ് ഈ യോഗങ്ങളിലായി കണ്ടത്. ഈ കുടുംബയോഗങ്ങളുടെ പ്രത്യേകത, അവിടെ ഇരിക്കുന്നവർക്ക് അവരുടെ സംശയങ്ങളും ചോദ്യങ്ങളും പ്രതിഷേധങ്ങളും അറിയിക്കാനുള്ള അവസരമുണ്ട് എന്നതാണ്. എന്നാൽ ഈ 13,066 പേരിൽ നിന്നും സംസ്ഥാന സർക്കാരിനെതിരെ ഒരു വികാരമോ, പ്രതിഷേധമോ, ചോദ്യംപോലുമോ വന്നിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
അനാവശ്യമായ വിവാദങ്ങളിലോ വർത്തമാനങ്ങളിലോ അല്ല ജനങ്ങളുടെ താൽപ്പര്യം. പെൻഷൻ കിട്ടിയോ ഇല്ലയോ, ലൈഫ് പദ്ധതിയിൽ വീട് വെച്ചുകൊടുക്കുന്നുണ്ടോ, പുതിയ വ്യവസായങ്ങൾ തുടങ്ങുന്നുണ്ടോ, നല്ല റോഡുകളും കെട്ടിടങ്ങളും പാലങ്ങളും ഉണ്ടോ, സർക്കാർ സ്കൂളുകൾ ക്ലാസ് മുറികളായി മാറിയോ തുടങ്ങിയ കാര്യങ്ങളാണ് ജനം ചിന്തിക്കുന്നത്. ഈ ചിന്ത എൽഡിഎഫിന് അനുകൂലമാണെന്ന് മന്ത്രി വ്യക്തമാക്കി. വീട്ടമ്മമാർക്കുള്ള പെൻഷൻ ഇന്ത്യയിൽ ആദ്യമായിട്ടാണ് നൽകുന്നത്. മലയാളികൾ പ്രബുദ്ധരാണ്. ഓരോ തിരഞ്ഞെടുപ്പിലും എങ്ങനെ ചിന്തിച്ചു വോട്ട് ചെയ്യണം എന്ന് അവർക്കറിയാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

