
കേരളത്തെ ഒരു പുത്തൻ വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ നടപ്പിലാക്കി വരുന്നതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. രണ്ടാം പിണറായി സർക്കാരിന്റെ മുഖ്യ മുൻഗണനാ മേഖലയായി ഉന്നതവിദ്യാഭ്യാസത്തെ തെരഞ്ഞെടുത്തതിലൂടെ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങളാണ് ഈ രംഗത്ത് നടക്കുന്നതെന്ന് കൈരളി ന്യൂസ് പബ്ലിക് ഓഡിറ്റ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു.
കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ ഏകദേശം 6000 കോടി രൂപയാണ് ഉന്നതവിദ്യാഭ്യാസ മേഖലയുടെ പുരോഗതിക്കായി സർക്കാർ വിനിയോഗിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിലും വലിയ കുതിപ്പുണ്ടായി. കിഫ്ബി (KIIFB), റൂസ (RUSA) ഫണ്ടുകൾ കൂടാതെ സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികൾ എന്നിവ വഴി കലാലയങ്ങളിലും സർവ്വകലാശാലകളിലും മികച്ച ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ സാധിച്ചു. കേരള സർവ്വകലാശാല, എംജി യൂണിവേഴ്സിറ്റി, കുസാറ്റ് (CUSAT) എന്നിവിടങ്ങളിലെ ലാബ് കോംപ്ലക്സുകൾ ഇന്ന് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും മികച്ച നിലവാരത്തിലുള്ളവയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
സ്മാർട്ട് ക്ലാസ്റൂമുകൾ, ആധുനിക രീതിയിലുള്ള ലൈബ്രറികൾ, അക്കാദമിക് ബ്ലോക്കുകൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾ എന്നിവ വിവിധ കലാലയങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. കരിക്കുലം പരിഷ്കരണത്തെ കുറിച്ചും മന്ത്രി സംസാരിച്ചു. ഉള്ളടക്കത്തിന്റെ കാര്യത്തിലും വലിയ മാറ്റങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്. ചരിത്രത്തിലാദ്യമായി ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കായി ഒരു സമഗ്രമായ കരിക്കുലം ഫ്രെയിംവർക്ക് തയ്യാറാക്കി.
വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്താനും, കേരളത്തിലെ അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കാനും ലക്ഷ്യമിട്ടുള്ള മാറ്റങ്ങളാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. നവകേരള സൃഷ്ടിയുടെ ഭാഗമായി ഉന്നതവിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കേണ്ടത് അത്യാവശ്യമാണെന്ന കൃത്യമായ കാഴ്ചപ്പാടോടു കൂടിയാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും മന്ത്രി ആർ ബിന്ദു കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

